ഡ്യൂറൻഡ് കപ്പ്; നോർത്ത് ഈസ്റ്റിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മോഹൻ ബഗാൻ ഫൈനലിൽ, എതിരാളികൾ ഈസ്റ്റ് ബംഗാൾ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/mohunbagansg/
Photo: x.com/mohunbagansg/

ന്യൂഡൽഹി: ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പിന്റെ ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാൾ എഫ്സിയുമായാണ് മോഹൻ ബഗാൻ ഏറ്റുമുട്ടുക. കായികപ്രേമികൾ ഏറെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബി ഫൈനലിനാണ് ഇതോടെ വേദിയൊരുങ്ങിയിരിക്കുന്നത്.

വ്യാഴാഴ്ച നടന്ന രണ്ടാം സെമിഫൈനലിൽ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനാകാതിരുന്നതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനാണ് മോഹൻ ബഗാന്റെ വിജയം. ഷൂട്ടൗട്ടിൽ രണ്ട് നിർണായക സേവുകളുമായി ഗോൾകീപ്പർ വിശാൽ കെയ്ത് ഒരിക്കൽക്കൂടി മോഹൻ ബഗാന്റെ രക്ഷകനായി അവതരിച്ചു.

മഴയെത്തുടർന്ന് മൈതാനം നനഞ്ഞ് കുതിർന്നതോടെ ഇരുടീമുകൾക്കും തങ്ങളുടെ പതിവ് ശൈലിയിലുള്ള ചെറിയ പാസുകളിലൂടെയുള്ള മുന്നേറ്റം സാധ്യമായില്ല. ഇതോടെ മധ്യനിരയിൽ മേധാവിത്വം സ്ഥാപിക്കാൻ പ്രയാസപ്പെട്ട ഇരുടീമുകളും ലോങ് ബോളുകളെ ആശ്രയിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയുടെ മധ്യത്തിൽ ലഭിച്ച ഫ്രീ കിക്ക് ലിസ്റ്റൺ കൊളാസോ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ഗുർമീത് സിങ് മികച്ചൊരു സേവിലൂടെ അത് തടഞ്ഞു. തൊട്ടുപിന്നാലെ ബോക്‌സിനുള്ളിൽ വെച്ച് കിയാൻ നസീരിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും സഹതാരത്തിന് പാസ് നൽകുന്നതിന് പകരം നേരിട്ട് പോസ്റ്റിലേക്ക് അടിച്ച പന്ത് സൈഡ് നെറ്റിലാണ് പതിച്ചത്.

നോർത്ത് ഈസ്റ്റിന്റെ അലാദിൻ അജാറെ ആദ്യ പകുതിയുടെ അരമണിക്കൂറിൽ തൊടുത്ത മികച്ചൊരു വോളി പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തുപോയി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മധ്യനിരയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മോഹൻ ബഗാന്റെ സഹൽ അബ്ദുൾ സമദ് അടിച്ച ഒരു ലോങ് റേഞ്ചറും ഗുർമീത് സിങ് രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിലും വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് കളി മുന്നേറിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അബ്ദുൾ റബീഹ് നൽകിയ മികച്ചൊരു ലോ ക്രോസ് കണക്ട് ചെയ്യാൻ അജാറെയ്ക്ക് സാധിക്കാതെയ പോയത് അവർക്ക് തിരിച്ചടിയായി. പിന്നാലെ എറ്റിയാൻ ഗോൺസാലസിന്റെ ഹെഡർ ലക്ഷ്യം കാണാതെ പുറത്തുപോയി. കളി അവസാന ഘട്ടത്തിലേക്ക് കടക്കവേ മക്കാർട്ടൺ നിക്‌സൺ നടത്തിയ മുന്നേറ്റവും സൈഡ് നെറ്റിലാണ് അവസാനിച്ചത്.

നിശ്ചിത 90 മിനിറ്റിലും ഗോളൊന്നും പിറക്കാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ തീരുമാനിക്കാൻ നിശ്ചയിച്ചത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് കിക്കുകളും ഇരുടീമുകളും വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ നോർത്ത് ഈസ്റ്റിന്റെ നാലാം കിക്ക് എടുത്ത റോബിൻ യാദവിന്റെ ശ്രമം വിശാൽ കെയ്ത് മികച്ചൊരു സേവിലൂടെ തടഞ്ഞു. പിന്നാലെ മോഹൻ ബഗാന്റെ ജാമി മക്ലാരൻ പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് ടീമിന് ലീഡ് നൽകി. ഒടുവിൽ നോർത്ത് ഈസ്റ്റിന്റെ പാർത്ഥിപ് ഗോഗോയിയുടെ അവസാന പെനാൽറ്റി കിക്കും തടുത്തിട്ടുകൊണ്ട് വിശാൽ കെയ്ത് ബഗാനെ ഫൈനലിലെത്തിക്കുകയായിരുന്നു.

Content Highlights: Mohun Bagan defeated NorthEast United 4-3 in a penalty shootout., Goalkeeper Vishal Kaith made two crucial saves during the shootout., The match ended goalless after 90 minutes due to heavy rain and wet pitch conditions., Mohun Bagan will face arch-rivals East Bengal FC in the Durand Cup final.