സൂപ്പര്‍ സല; റെക്കോര്‍ഡ് നേട്ടവുമായി ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം

ആന്‍ഫീല്‍ഡ്: ലിവര്‍പൂളിനായി പുതുചരിത്രമെഴുതി ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സല സ്വന്തമാക്കിയത്.
കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏഴുഗോളിന് തകര്‍ത്തെറിഞ്ഞ മത്സരത്തിലാണ് സല ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിക്കൊണ്ടാണ് ഇതിഹാസതാരം റോബി ഫൗളറിന്റെ റെക്കോര്‍ഡ് സല മറികടന്നത്. 129 ഗോളുകളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സല ചെമ്പടയ്ക്കായി അടിച്ചുകൂട്ടിയത്. 128 ഗോളുകള്‍ നേടിയ ഫൗളറിന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി മാറി. 120 ഗോളുകളുമായി സ്റ്റീവന്‍ ജെറാഡ് പട്ടികയില്‍ മൂന്നാമതും മൈക്കല്‍ ഓവന്‍ 118 ഗോളുകളുമായി നാലാമതുമാണുള്ളത്.
2017 ഓഗസ്റ്റില്‍ വാട്ട്‌ഫോര്‍ഡിനെതിരേയാണ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി സല ആദ്യ ഗോള്‍ നേടുന്നത്. സീസണില്‍ 32 ഗോളുകളോടെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടും സല സ്വന്തമാക്കി. പിന്നീട് ലിവര്‍പൂളിനായി മികച്ച പ്രകടനങ്ങള്‍ തുടര്‍ന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍താരം 2018-19, 2021-22 സീസണുകളിലും ഗോള്‍ഡന്‍ ബൂട്ട് നേടി. 2019-20 സീസണില്‍ ലിവര്‍പൂള്‍ ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നതിന് പിന്നിലും നിര്‍ണായകമായിരുന്നു സലയുടെ പ്രകടനം.
Content Highlights: Mohamed Salah becomes Liverpool's record Premier League scorer