ഇംഗ്ലണ്ട് താരങ്ങളുടെ ഉറക്കം കളയാൻ മെക്സിക്കൻ തന്ത്രം; പുലർച്ചെ രണ്ടിന് ടീം ഹോട്ടലിന് പുറത്ത് വൻ ബഹളം

#ലോകകപ്പ് ഡെസ്‌ക്
Photo: x.com/MarioNawfal
Photo: x.com/MarioNawfal

മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ മെക്‌സിക്കോയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലീഷ് താരങ്ങളുടെ ഉറക്കം കെടുത്തി മെക്‌സിക്കോ ആരാധകർ. ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടലിനു പുറത്ത് തടിച്ചുകൂടിയ മെക്‌സിക്കൻ ആരാധകർ പടക്കം പൊട്ടിച്ചും പാട്ടുപാടിയും വലിയ തോതിൽ ബഹളമുണ്ടാക്കുകയായിരുന്നു. ഇംഗ്ലണ്ട് താരങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തി മത്സര ദിവസം താരങ്ങളെ ക്ഷീണിപ്പിക്കാണ് ലക്ഷ്യമിട്ടാണ് മെക്‌സിക്കൻ ആരാധകർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടതെന്ന് ആരോപണമുണ്ട്.

മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന് മുന്നിൽ പുലർച്ചെ രണ്ട് മണിയോടെ മെക്‌സിക്കൻ ആരാധകർ വൻതോതിൽ തടിച്ചുകൂടി വലിയ ശബ്ദമുണ്ടാക്കി താരങ്ങളുടെ ഉറക്കം കെടുത്തുകയായിരുന്നു. പടക്കം പൊട്ടിച്ചും, ചെണ്ടകളും ട്രംപെറ്റുകളും മറ്റ് വാദ്യോപകരണങ്ങളും ഉപയോഗിച്ചും സംഗീതം ആലപിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ആരാധകർ ഇംഗ്ലണ്ട് ടീമിനെ ശല്യം ചെയ്തത്.

സമാനമായ തന്ത്രം മുമ്പ് എക്വഡോറുമായുള്ള മത്സരത്തിന് മുന്നോടിയായും മെക്‌സിക്കൻ ആരാധകർ പയറ്റിയിരുന്നു. അന്ന് ലൗഡ് സ്പീക്കറുകളും ഹോണുകളും മോട്ടോർ സൈക്കിളുകളും ഉപയോഗിച്ച് എക്വഡോർ താരങ്ങളുടെ ഉറക്കം കെടുത്തിയ മെക്‌സിക്കോ, മത്സരത്തിൽ 2-0 ന് വിജയിച്ചിരുന്നു. ഇംഗ്ലണ്ട് ടീം തങ്ങളുടെ താമസസ്ഥലം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ടീം ബസ് ഹോട്ടലിൽ എത്തിയപ്പോഴേക്കും നൂറുകണക്കിന് ആരാധകർ അവിടെ തടിച്ചുകൂടിയിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7,220 അടി ഉയരത്തിലാണ് മെക്‌സിക്കോയിലെ ആസ്റ്റെക്ക സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഇവിടെ വായുവിൽ ഓക്‌സിജന്റെ അളവ് കുറവായതിനാൽ താരങ്ങൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, ഈ ഉയരത്തിൽ പന്ത് കൂടുതൽ വേഗത്തിലും ദൂരത്തിലും സഞ്ചരിക്കുകയും ചെയ്യും. കോച്ച് തോമസ് ടുഷൽ തന്നെ തനിക്ക് നേരിയ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്.

ആസ്റ്റെക്ക സ്റ്റേഡിയത്തിൽ മെക്‌സിക്കോയ്ക്ക് അസാമാന്യമായ റെക്കോർഡാണുള്ളത്. 1966 മുതൽ അവിടെ കളിച്ച 89 മത്സരങ്ങളിൽ 70 എണ്ണത്തിലും മെക്‌സിക്കോ വിജയിച്ചു, വെറും രണ്ട് തവണ മാത്രമാണ് അവർ പരാജയപ്പെട്ടത്.

സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് മെക്‌സിക്കോ സിറ്റിയിലും ഹോട്ടലിന് പുറത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സമയം ജൂലൈ ആറിന് പുലർച്ചെ 5:30-നാണ് ഇംഗ്ലണ്ട് - മെക്‌സിക്കോ പോരാട്ടം.

Content Highlights: Mexican fans created noise disturbances outside England's hotel at 2 AM., Tactical disruption aimed at fatiguing England players before the match., Azteca Stadium's high altitude poses significant challenges for visiting teams., Mexico holds a dominant historical record at Azteca Stadium., Match scheduled for July 6, 2026, at 5:30 AM IST.