അനന്ത് അംബാനി മെസ്സിക്ക് 10 കോടിയുടെ വാച്ച് സമ്മാനിച്ചോ?; സൂപ്പർതാരത്തിന്റെ വൻതാര സന്ദർശനം വൻ വൈറൽ

#സ്പോർട്സ് ഡെസ്ക്
മെസ്സിയും അനന്ത് അംബാനിയും
മെസ്സിയും അനന്ത് അംബാനിയും

ജാംനഗർ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വൻതാര സന്ദർശനം വൻ വൈറൽ. വൻതാരയിലെ മൃഗപരിപാലനം നിരീക്ഷിക്കുകയും ആനക്കുട്ടിയൊടൊപ്പം പന്ത് തട്ടിക്കളിക്കുകയും ചെയ്യുന്ന മെസ്സിയുടെ വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മെസ്സിയും സംഘവും ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ 'വൻതാര' സന്ദർശിച്ചത്. ഊഷ്മളമായ വരവേൽപ്പാണ് വൻതാരയിൽ മെസ്സിക്ക് ലഭിച്ചത്. ഗോട്ട് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ മെസ്സി തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷമാണ് ഗുജറാത്തിലേക്ക് പോയത്.

മെസ്സിയുടെ ഈ സന്ദർശനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ആനക്കുട്ടിയോടൊപ്പം പന്ത് തട്ടി കളിക്കുന്ന മെസ്സിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മെസ്സി പന്തുതട്ടിക്കളിക്കുന്നത് ചുറ്റുമുള്ളവരിൽ ചിരിപടർത്തി. ഒപ്പമുള്ള ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും കയ്യടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അനന്ത് അംബാനിയും ഒപ്പമുണ്ട്.

അതേസമയം മെസ്സി കയ്യിൽ കെട്ടിയ വാച്ച് ആരാധകർക്കിടയിൽ ചർച്ചയായി. മെസ്സി ഗോട്ട് ടൂറിന്റെ ഭാഗമായി പരിപാടികളിൽ പങ്കെടുക്കുന്ന സമയത്ത് ഈ വാച്ച് കയ്യിലുണ്ടായിരുന്നില്ലെന്നും ഇത് അനന്ത് അംബാനി സമ്മാനിച്ചതാണെന്നുമാണ് ആരാധകരുടെ പക്ഷം. സാമൂഹികമാധ്യമങ്ങളിൽ ഇത്തരത്തിൽ വ്യാപകമായ പ്രചാരണങ്ങളും നടന്നു. റിച്ചാർഡ് മില്ലി ബ്രാൻഡിന്റെ പത്ത് കോടിയോളം വിലമതിക്കുന്ന വാച്ചാണിതെന്ന് പലരും കണ്ടെത്തി. വളരെ ചുരുക്കം വാച്ചുകൾ മാത്രമേ ഈ എഡിഷനിൽ പുറത്തിറക്കിയിട്ടുള്ളൂ. അതേസമയം അനന്ത് അംബാനി ഇത് മെസ്സിക്ക് സമ്മാനിച്ചതാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരോടൊപ്പമാണ് മെസ്സി വൻതാരയിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന മഹാ ആരതിയിലും മെസ്സി പങ്കാളിയായി. ഹരിതോർജ്ജ സമുച്ചയവും ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സും മെസ്സി സന്ദർശിച്ചു. ഓരോ കേന്ദ്രത്തിലും, വിദഗ്ദ്ധ വെറ്ററിനറി പരിചരണം, ഓരോ മൃഗത്തിനും അനുയോജ്യമായ പോഷകാഹാരം, സ്വഭാവ പരിശീലനം, ശാസ്ത്രീയമായ പരിപാലന രീതികൾ എന്നിവ മെസ്സി നിരീക്ഷിച്ചു.

വന്യജീവി സംരക്ഷണത്തിനും പരിചരണത്തിനും മുൻഗണന നൽകുന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ മെസ്സി പ്രത്യേകം പ്രശംസിക്കുകയുണ്ടായി. വൻതാര ചെയ്യുന്നത് യഥാർത്ഥത്തിൽ മനോഹരമായ ഒരു കാര്യമാണ്. മൃഗങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം, അവയ്ക്ക് ലഭിക്കുന്ന പരിചരണം, അവയെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി എന്നിവയെല്ലാം ശരിക്കും പ്രശംസനീയമാണ്. ഞങ്ങൾ ഇവിടെ വളരെ സന്തോഷത്തോടെ സമയം ചെലവഴിച്ചു, തികച്ചും സുരക്ഷിതരായിരുന്നു. ഇത് മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു അനുഭവമാണ്. ഈ പ്രവർത്തനത്തിന് പ്രചോദനം നൽകാനും പിന്തുണയ്ക്കാനും ഞങ്ങൾ തീർച്ചയായും വീണ്ടും വരും- മെസ്സി പറഞ്ഞു.

Content Highlights: messi vantara visit anant ambani