കള്ളപ്പണ ഇടപാട് നടന്നോ? SIT പരിശോധന, ഗോട്ട് ടൂറിൽ മെസ്സിക്ക് നൽകിയത് 89 കോടി രൂപയെന്ന് ദത്ത

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
സതാദ്രു ദത്തയെ കോടതിയിലേക്ക് കൊണ്ടുവരുന്നു | PTI
സതാദ്രു ദത്തയെ കോടതിയിലേക്ക് കൊണ്ടുവരുന്നു | PTI

ന്യൂഡൽഹി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് ഗോട്ട് ടൂറുമായി ബന്ധപ്പെട്ട് നൽകിയത് 89 കോടി രൂപയാണെന്ന് മുഖ്യ സംഘാടകൻ സതാദ്രു ദത്ത. നികുതിയിനത്തിൽ 11 കോടി രൂപ സർക്കാരിന് നൽകിയിട്ടുണ്ടെന്നും ദത്ത അവകാശപ്പെട്ടു. അതേസമയം ഇതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ സംഘർഷത്തെ കുറിച്ച് അന്വേഷിക്കുന്ന എസ്ഐടി സംഘം മുഖ്യ സംഘാടകനായ സതാദ്രു ദത്തയെ അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് മെസ്സിക്ക് 89 കോടി രൂപ ഗോട്ട് ടൂർ 2025 ന് നൽകിയതായി സതാദ്രു ദത്ത വ്യക്തമാക്കിയത്. ആകെ ചെലവായത് 100 കോടിയെന്നും മുഖ്യ സംഘാടകൻ സതാദ്രു ദത്ത പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു.

മുടക്കിയ പണം എങ്ങനെ തിരികെ ലഭിക്കും എന്നതിനെ സംബന്ധിച്ച വിശദീകരണവും ദത്ത പൊലീസിന് നൽകി. സ്പോൺസർമാരിൽ നിന്നാണ് ഇതിന്റെ നല്ലൊരു പങ്ക് പണവും ലഭിക്കേണ്ടത്. കുറച്ച് പണം ടിക്കറ്റ് വിറ്റും കിട്ടി. എന്നാൽ സ്പോൺസർമാരിൽ നിന്നും ടിക്കറ്റ് വിറ്റും ലഭിച്ചത് ചെലവായതിന്റെ 60-70 ശതമാനം വരെ മാത്രമാണ്. ഇത് അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടില്ല. കള്ളപ്പണ ഇടപാട് നടന്നോ എന്ന കാര്യമാണ് എസ്ഐടി സംഘം ഇപ്പോൾ പരിശോധിക്കുന്നത്.

സതാദ്രു ദത്തയുടെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ദത്തയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 22 കോടി എസ്ഐടി മരവിപ്പിച്ചിട്ടുണ്ട്. ഈ പണം എങ്ങനെയാണ് ലഭിച്ചത് എന്ന കൃത്യമായ വിശദീകരണം എസ്ഐടിക്ക് ലഭിച്ചിട്ടില്ല എന്നാണ് സൂചന.

Content Highlights: How Much Did Lionel Messi Earn From India Tour? Organiser Shares Details