സത്രാദു ദത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി; മെസ്സി മുംബൈയിൽ, പരിപാടിയിൽ ഛേത്രിയും സച്ചിനും പങ്കെടുത്തേക്കും

#സ്പോർട്സ് ഡെസ്ക്
സതാദ്രു ദത്തയെ കോടതിയിലേക്ക് കൊണ്ടുവരുന്നു | PTI
സതാദ്രു ദത്തയെ കോടതിയിലേക്ക് കൊണ്ടുവരുന്നു | PTI

വാംഖഡേ: ലയണല്‍ മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ മുഖ്യ സംഘാടകനായ സതാദ്രു ദത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ദത്തയെ 14 ദിവസത്തേക്ക് ബിധാനഗർ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ദത്തയെ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം മെസ്സി ഞായറാഴ്ച മുംബൈയിലെത്തി. വൈകിട്ട് 5.30 ന് വാംങ്കഡെ സ്‌റ്റേഡിയത്തിലാണ് പരിപാടി. സുനില്‍ ഛേത്രി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള കായികരംഗത്തെ ഇതിഹാസങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസ്സി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ കാണികൾ അക്രമാസക്തരായി. സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുകയും സീറ്റുകൾ തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മെസ്സിയോടും ആരാധകരോടും മാപ്പുപറഞ്ഞു. പിന്നാലെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാനസർക്കാർ ഉത്തരവിട്ടു.

മെസ്സിയും സംഘവും ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും കൂടെയുണ്ടായിരുന്നു. 4000 മുതൽ 15000 രൂപ വരെയായിരുന്നു പരിപാടിയുടെ ടിക്കറ്റ് നിരക്ക്. കരിഞ്ചന്തയിൽ 20000 രൂപവരെ നൽകി ടിക്കറ്റ് വാങ്ങിയവരുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അമ്പതിനായിരത്തോളം ആളുകൾ മെസ്സിയെ കാണാനെത്തിയിരുന്നു.

സ്റ്റേഡിയത്തിലെത്തുമ്പോൾ രാഷ്ട്രീയനേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന വലിയ സംഘത്തിന്റെ നടുവിലായിരുന്നു മെസ്സി. ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസും കൂടെയുണ്ടായിരുന്നു. കനത്ത ആൾവലയത്തിലായതിനാൽ സ്റ്റേഡിയത്തിലിരുന്നവർക്ക് താരത്തെ കാണുന്നില്ലായിരുന്നു. ഇതോടെ കാണികൾ പ്രതിഷേധം തുടങ്ങി. സ്റ്റേഡിയത്തിൽ കാണികൾക്കുവേണ്ട സൗകര്യങ്ങൾ‌ ഒരുക്കിയില്ലെന്നും പരാതിയുണ്ട്. സാഹചര്യം മോശമായതിനാൽ സംഘാടകർ ഉടൻ മെസ്സിയെ പുറത്തിറക്കിയതോടെ കാണികൾ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.

Content Highlights: Messi event organiser Satadru Dutta denied bail