‘കളിയാകുമ്പോൾ ജയിക്കും, തോൽക്കും’; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും

#സ്പോർട്സ് ഡെസ്ക്
ലയണൽ മെസ്സിയും നൊവാക് ജോക്കോവിച്ചും ന്യൂയോർക്കിലെ ചടങ്ങിനിടെ | ഫോട്ടോ - x.com/caomei_nz
ലയണൽ മെസ്സിയും നൊവാക് ജോക്കോവിച്ചും ന്യൂയോർക്കിലെ ചടങ്ങിനിടെ | ഫോട്ടോ - x.com/caomei_nz

ന്യൂയോർക്ക്: കളിക്കളത്തിലെ സമ്മർദത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് പരസ്പരം സംസാരിച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചും. ലയണൽ സ്‌കലോണി, ടോം ബ്രാഡി, കെവിൻ ഡ്യൂറന്റ് എന്നിവരോടൊപ്പം ന്യൂയോർക്കിലെ ഒരു ഫെസ്റ്റ് ഇവന്റിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ലോകകപ്പ് ഫൈനലിൽ സ്‌പെയിനെ നേരിടാനൊരുങ്ങുകയാണ് അർജന്റീന.

എങ്ങനെയാണ് സമ്മർദത്തെ നേരിടാൻ പഠിച്ചതെന്നായിരുന്നു ജോക്കോവിച്ചിന്റെ നേരിട്ടുള്ള ചോദ്യം. സമ്മർദത്തെക്കുറിച്ച് ഞങ്ങളൊരിക്കലും ചിന്തിച്ചിരുന്നില്ലെന്നായിരുന്നു മെസ്സിയുടെ മറുപടി. പകരം അതിനെ സ്വാഭാവികമായ ഒന്നായി കരുതി. വളരെ സന്തോഷത്തോടെയും ആഗ്രഹത്തോടെയുമാണ് ഓരോ കളിക്കുമിറങ്ങിയത്. എന്നാൽ എതിരാളികളും കളിക്കുന്നുണ്ടെന്നും വിജയം എല്ലായ്‌പോഴും കൂടെയുണ്ടായിക്കൊള്ളണമെന്നില്ലെന്നും ഒപ്പം തിരിച്ചറിഞ്ഞു. വിജയത്തേക്കാൾ കൂടുതൽ പരാജയമായിരിക്കും ഉണ്ടാകുകയെന്ന് ചെറുപ്പത്തിൽതന്നെ മനസ്സിലാക്കിയിരുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു കളിക്കാരൻ എന്ന നിലയിലും തന്നെ പരുവപ്പെടുത്തിയത് ഈ ചിന്തയാണെന്നും മെസ്സി പറഞ്ഞു.

ലോകകപ്പിൽ തുടർച്ചയായി രണ്ടാംതവണയാണ് അർജന്റീന ഫൈനലിലെത്തുന്നത്. ഫിഫ റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാർ ഫൈനലിലേറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. കിരീടം നിലനിർത്തി ചരിത്രം കുറിക്കാനാണ് അർജന്റീനയുടെ വരവെങ്കിലും സ്‌പെയിനെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിയാണ് മുന്നിൽ. കിലിയൻ എംബാപ്പെയ്ക്കും എട്ട് ഗോളുകളുണ്ടെങ്കിലും മൂന്ന് അസിസ്റ്റുകളേയുള്ളൂ. അതേസമയം എംബാപ്പെയ്ക്ക് ലൂസേഴ്‌സ് ഫൈനലും മെസ്സിക്ക് ഫൈനൽ മത്സരവും ബാക്കിയുണ്ട്.

Content Highlights: Messi and Djokovic discuss mental toughness in sports., Messi views pressure as a natural part of the game., Argentina prepares for the 2026 World Cup final against Spain., Messi leads the Golden Boot race with 8 goals and 4 assists.