മെസ്സിയും റൊണാൾഡോയും ഒരു ടീമിൽ പന്തുതട്ടും? മത്സരം ഡിസംബറിൽ, റിപ്പോർട്ട്

ലണ്ടൻ: ഫുട്‌ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസ്സിയും എന്നെങ്കിലും ഒരു ടീമിൽ കളിക്കുമോ ? ആരാധകർ കാലങ്ങളായി കാണുന്ന സ്വപ്‌നമാണിത്. എന്നാൽ ഇരുവരും ഒന്നിച്ചുകളിക്കാനുള്ള സാധ്യത തെളിയുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അർജന്റീനയുടെ മുൻ സൂപ്പർതാരം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിൽ മെസ്സിയും റോണോയും ഒരുടീമിനായി ബൂട്ടുകെട്ടുമെന്നാണ് വിവരം.
2021 ൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ച ടെവസ് ഇപ്പോഴിതാ വിരമിക്കൽ മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. പഴയ സഹതാരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മത്സരം നടത്താനാണ് ടെവസിന്റെ പദ്ധതി. അതിന്റെ ഭാഗമായാണ് മെസ്സിയെയും റൊണാൾഡോയെയും സമീപിച്ചത്. മെസ്സിക്കൊപ്പം അർജന്റീന ദേശീയ ടീമിനായും റൊണാൾഡോക്കൊപ്പം മാഞ്ചെസ്റ്റർ യുണൈറ്റഡിലും ടെവസ് ഒന്നിച്ചുകളിച്ചിട്ടുണ്ട്. ഇരുവരും കളിക്കാൻ സമ്മതിച്ചതായി ടെവസ് പറയുന്നു.
ഈ വർഷം ഡിസംബറിൽ മത്സരം നടത്താനാണ് ശ്രമം. അർജന്റീന ക്ലബ്ബ് ബൊക്കാ ജൂനിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ലാ ബൊംബൊണേരയിൽവെച്ചാണ് മത്സരം. ബൊക്ക പ്രസിഡന്റും ടെവസിന്റെ മുൻ സഹതാരവുമായിരുന്ന റിക്വൽമിയെ ഇതിനായി ബന്ധപ്പെടുകയും അദ്ദേഹം പദ്ധതി അംഗീകരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബൊക്കയുടെ ഷെഡ്യൂൾ അനുസരിച്ചായിരിക്കും ഈ മത്സരത്തിന്റെ തീയതിയും ക്രമീകരിക്കുക.
മെസ്സിയും റൊണാൾഡോയും ഒരേ ടീമിൽ പന്തുതട്ടിയാൽ അത് ഫുട്‌ബോൾ ചരിത്രത്തിൽ എക്കാലവും ഓർത്തുവെക്കപ്പെടുന്ന നിമിഷങ്ങളിലൊന്നാകും. മത്സരത്തിനായി ടീമിനെ സംഘടിപ്പിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. അടുത്തിടെയാണ് മെസ്സി ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ക്ലബ്ബ് ഫുട്‌ബോളിൽ എംഎൽഎസ് ക്ലബ്ബ് ഇന്റർ മയാമിക്കായി മെസ്സി കളിക്കുന്നുണ്ട്. ക്രിസ്റ്റിയാനോ സൗദി ക്ലബ്ബ് അൽ നസറിനായാണ് കളിക്കുന്നത്.
Content Highlights: Lionel Messi and Cristiano Ronaldo might play together for the first time., The match is planned as Carlos Tevez's official farewell game