കപ്പടിച്ച ബാഴ്സയ്ക്ക് ‘ഗാർഡ് ഓഫ് ഓണർ’ നൽകണമെന്ന് സാബി; പറ്റില്ലെന്ന് എംബാപ്പെ, താരങ്ങളുമായി മടക്കം

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ റയൽ മഡ്രിഡ് പരിശീലകൻ സാബി അലോൺസോയെ പുറത്താക്കിയിരിക്കുകയാണ്. എൽക്ലാസിക്കോയിൽ ബാഴ്‌സയിൽ നിന്നേറ്റ തോൽവിയാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണം. 3-2നായിരുന്നു ലോസ് ബ്ലാങ്കോസിന്റെ തോൽവി. ഇപ്പോഴിതാ ഫൈനൽ മത്സരത്തിനു ശേഷം സാബി അലോൺസോയുടെ നിർദേശം പാടെ അവഗണിക്കുന്ന സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
റണ്ണേഴ്‌സപ്പിനുള്ള മെഡൽ വാങ്ങാൻ പോയ റയൽ ടീമിന് ബാഴ്‌സ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു. തുടർന്നാണ് ബാഴ്‌സ കിരീടം വാങ്ങാൻ പോകുമ്പോൾ ഗാർഡ് ഓഫ് ഓണർ നൽകാൻ സാബി, റയൽ താരങ്ങൾക്ക് നിർദേശം നൽകിയത്. എന്നാൽ എംബാപ്പെ പരസ്യമായി ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു. സാബിയുടെ നിർദേശം അവഗണിച്ച് എംബാപ്പെ റയൽ താരങ്ങളെ തിരിച്ചുവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സാബിയുടെ നിർദേശം അവഗണിച്ച എംബാപ്പെ, റണ്ണർഅപ്പ് മെഡലുകൾ വാങ്ങിയ ശേഷം സഹതാരങ്ങളോട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എംബാപ്പെയുടെ പ്രവൃത്തിക്കെതിരേ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഒരു പരിശീലകന് അർഹമായ ബഹുമാനം പോലും എംബാപ്പെ നൽകിയില്ലെന്നും വിമർശനമുയർന്നു.
എന്നാൽ റയൽ സാബിയെ പുറത്താക്കിയതിനു പിന്നാലെ അദ്ദേഹത്തിന് ആശംസയറിയിച്ച് ആദ്യം പോസ്റ്റിട്ടതും എംബാപ്പെയായിരുന്നു. സാബിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ചെറിയ കാലമായിരുന്നെങ്കിലും നിങ്ങൾക്കായി കളിക്കാനും നിങ്ങളിൽ നിന്ന് പഠിക്കാനും സാധിച്ചതിൽ സന്തോഷം. ആദ്യ ദിവസം മുതൽ തന്നെ തനിക്ക് ആത്മവിശ്വാസം നൽകിയതിന് നന്ദി. വ്യക്തമായ ആശയങ്ങളുള്ളതും ഫുട്‌ബോളിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ അറിയുന്നതുമായ ഒരു മാനേജർ എന്ന നിലയി നിങ്ങളെ ഓർക്കുമെന്നും എംബാപ്പെ കുറിച്ചു.
കാർലോ ആഞ്ചലോട്ടിക്ക് പകരക്കാരനായി കഴിഞ്ഞ മേയിലാണ് സാബി അലോൺസോ സാന്തിയാഗോ ബെർണബ്യുവിലെത്തുന്നത്. എന്നാൽ അടുത്തിടെ വിനീഷ്യസ് ജൂനിയർ അടക്കമുള്ള കളിക്കാരുമായുള്ള സാബിയുടെ ബന്ധം വഷളായിരുന്നു. മത്സരത്തിനിടെ പലപ്പോഴും തന്നെ പിൻവലിക്കാറുള്ള പരിശീലകനെതിരേ വിനീഷ്യസ് പരസ്യമായി രംഗത്തുവന്നിരുന്നു.
Content Highlights: Real Madrid`s Mbappé ignores coach`s order to give Barcelona a guard of honour after El Clásico final loss. See the controversial reaction.