മനോഹരമായ ഓർമകൾക്ക് നന്ദി; ബാഴ്‌സയോട് വിടപറഞ്ഞ് മാർക്കസ് റാഷ്ഫോർഡ്

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെ തന്റെ ലോൺ കാലയളവ് അവസാനിപ്പിച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ക്ലബ്ബിന് നന്ദിയറിയിച്ച് ഇംഗ്ലീഷ് ഫുട്‌ബോൾ താരം മാർക്കസ് റാഷ്‌ഫോർഡ്. സ്പാനിഷ് ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരം അവിടെ ലഭിച്ച മനോഹരമായ ഓർമകൾക്ക് നന്ദി അറിയിച്ചു.
2025-26 സീസണിലാണ് യുണൈറ്റഡിൽ നിന്ന് റാഷ്‌ഫോർഡ് ലോണിൽ ബാഴ്‌സയിലെത്തിയത്. കഴിഞ്ഞ സീസണിൽ ബാഴ്‌സയ്ക്കായി 49 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും 14 അസിസ്റ്റുകളും നേടി. ബാഴ്‌സയ്‌ക്കൊപ്പം ലാ ലിഗ കിരീടവും നേടി. ബാഴ്‌സ താരത്തെ യുണൈറ്റഡിൽ നിന്ന് വാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ന്യൂകാസിലിൽ നിന്ന് ആന്തണി ഗോർഡനെ ബാഴ്‌സ ടീമിലെത്തിച്ചതോടെയാണ് റാഷ്‌ഫോർഡ് തിരികെ യുണൈറ്റഡിലേക്ക് മടങ്ങുന്നത്.
തനിക്ക് ലഭിച്ച മികച്ച അനുഭവങ്ങൾക്കും ഓർമകൾക്കും റാഷ്ഫോർഡ് ബാഴ്സലോണയോട് നന്ദി പറഞ്ഞു. താൻ ക്ലബ്ബിൽ ചെലവഴിച്ച ഓരോ നിമിഷവും ആസ്വദിച്ചതായും ഹൃദ്യമായ ഓർമകളുമായാണ് മടങ്ങുന്നതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിന് മറുപടിയായി 'നന്ദി റാഷി, നീ എപ്പോഴും ഞങ്ങളിൽ ഒരാളായിരിക്കും' എന്ന് ബാഴ്സലോണയുടെ ഔദ്യോഗിക അക്കൗണ്ട് പ്രതികരിക്കുകയും ചെയ്തു.
നിലവിൽ മൈക്കൽ കാരിക് പരിശീലകനായ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ റാഷ്ഫോർഡ് തുടരാനാണ് സാധ്യത കൂടുതൽ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുണൈറ്റഡുമായി രണ്ട് വർഷത്തെ കരാർ ബാക്കിയുള്ള അദ്ദേഹം 2024 ഡിസംബറിലാണ് ക്ലബ്ബിനായി അവസാനമായി കളിച്ചത്. അതിനുശേഷം ആസ്റ്റൺ വില്ലയിലും പിന്നീട് ബാഴ്‌സയിലും ലോണിൽ കളിക്കുകയായിരുന്നു.
Content Highlights: Marcus Rashford ends his 2025-26 loan spell at FC Barcelona., The forward recorded 14 goals and 14 assists in 49 matches., Rashford helped Barcelona secure the La Liga title., The player is returning to Manchester United under Michael Carrick., Barcelona opted for Anthony Gordon, leading to Rashford's departure.