രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം മൂന്നടിച്ച് യുണൈറ്റഡ്, ബാഴ്സയ്ക്കും ബയേണിനും ജയം

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ വൻ തിരിച്ചുവരവുമായി മാഞ്ചെസ്റ്റർ യുണൈറ്റഡ്. രണ്ട് ഗോളിന് പിന്നിലായശേഷം മൂന്നുഗോളുകളടിച്ച് യുണൈറ്റഡ് റോമയ്ക്കെതിരേ ജയിച്ചുകയറി. ബാഴ്സലോണ, ബയേൺ മ്യൂണിക്ക് ടീമുകളും വിജയിച്ചു.
റോമക്കെതിരേ രണ്ടുഗോളിന് പിന്നിലായശേഷം അവിശ്വസനീയമാം വിധമാണ് യുണൈറ്റഡ് തിരിച്ചുവന്നത്. 11-ാം മിനിറ്റിൽ മാത്യാസ് സോൾ, 17-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡൊണിയെൽ മലൻ എന്നിവർ റോമയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മൂന്നുഗോളടിച്ച് യുണൈറ്റഡ് കളി തിരിച്ചുപിടിച്ചു. 58-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസാണ് ആദ്യഗോൾ നേടിയത്. മത്സരത്തിന്റെ അവസാനം മുന്നേറ്റം ശക്തമാക്കിയ ഇംഗ്ലീഷ് വമ്പന്മാർ രണ്ടുഗോളുകൾ കൂടി നേടി. 83,86 മിനിറ്റുകളിൽ മാത്യുസ് കുന്യ വലകുലുക്കി. 91-ാം മിനിറ്റിൽ കുന്യ ചുവപ്പ് കാർഡ് കിട്ടി പുറത്തായെങ്കിലും യുണൈറ്റഡ് ജയം കൈവിട്ടില്ല.
മറ്റുമത്സരങ്ങളിൽ മുൻ ജേതാക്കളായ ബാഴ്സലോണ ആസ്റ്റൺ വില്ലയെയും (3-0) ബയേൺ കരുത്തരായ അത്ലറ്റിക്കോ മഡ്രിഡിനെയും (2-0) തോൽപ്പിച്ചു. ബാഴ്സയ്ക്കായി റാഫിന്യ ഇരട്ടഗോൾ നേടിയപ്പോൾ ലമിൻ യമാലും ലക്ഷ്യം കണ്ടു. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി എതിരില്ലാത്ത ആറുഗോളുകൾക്ക് വിയ്യാറയലിനെ കീഴടക്കിയപ്പോൾ ഇന്റർ മിലാൻ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഫെയനൂർദിനെ പരാജയപ്പെടുത്തി.
Content Highlights: Manchester United secured a thrilling comeback win against Roma after trailing by two goals