യൂറോപ്പ ലീഗില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് യുണൈറ്റഡ്, ആഴ്‌സനലിന് വിജയം

നിക്കോസിയ: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സനലിനും വിജയം. യുണൈറ്റഡ് സൈപ്രസ് ക്ലബ്ബ് ഒമോണിയയെയും ആഴ്‌സല്‍ നോര്‍വീജിയന്‍ ക്ലബ്ബായ എഫ്.കെ ബോഡോ ഗ്ലിംറ്റിനെയും കീഴടക്കി.
ഒമോണിയയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന മത്സരത്തില്‍ ദുര്‍ബലരായ ഒമോണിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാര്‍ തോല്‍പ്പിച്ചത്. സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ടീമിന് തുണയായത്. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ഒമോണിയയാണ് ആദ്യം ലീഡെടുത്തത്. കരിം അന്‍സാരിഫാര്‍ഡ് ടീമിനായി വലകുലുക്കി. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി റാഷ്‌ഫോര്‍ഡും ആന്റണി മാര്‍ഷ്യലും വന്നതോടെ കളിമാറി. 53-ാം മിനിറ്റിലും 84-ാം മിനിറ്റിലും ഗോളടിച്ചുകൊണ്ട് റാഷ്‌ഫോര്‍ഡ് ടീമിന്റെ രക്ഷകനായി. മാര്‍ഷ്യല്‍ 63-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഇതോടെ യുണൈറ്റഡ് 3-1 ന് മുന്നിലെത്തി. എന്നാല്‍ 85-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ഒമോണിയ ശക്തി തെളിയിച്ചു. ഒടുവില്‍ യുണൈറ്റഡ് കഷ്ടിച്ച് വിജയം നേടിയെടുത്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. മൂന്നും വിജയിച്ച റയല്‍ സോസിഡാഡാണ് ഒന്നാമത്.
ആഴ്‌സനല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബോഡോ ഗ്ലിംറ്റിയെ കീഴടക്കിയത്. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചാണ് ആഴ്‌സനല്‍ കളിക്കാനിറങ്ങിയത്. എഡ്ഡി എന്‍കേറ്റിയ, റോബ് ഹോള്‍ഡിങ്, ഫാബിയോ വിയേര എന്നിവര്‍ ഗണ്ണേഴ്‌സിനായി വലകുലുക്കി.
ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ ആഴ്‌സനല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റാണ് ടീമിനുള്ളത്.
Content Highlights: manchester united, arsenal, europa league 2022-2023, europa league, ronaldo, united last match