ഫുട്‌ബോൾ എന്ന ചന്ത, സിറ്റിയുടെ അങ്കലാപ്പുകൾ

#സി.പി. വിജയകൃഷ്ണന്‍
Photo: AP
Photo: AP

എഫ്.എ കപ്പിൽ മാഞ്ചെസ്റ്റർ സിറ്റി വെസ്റ്റ്ഹാമിനെ മൂന്നാം റൗണ്ടിൽ തോൽപ്പിച്ചിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. സ്‌കോർ സിറ്റിക്ക് അനുകൂലം - 5-0. 2017 ജനുവരിയിലാണിത്. പെപ്പ് ഗാർഡിയോളയുടെ ഇംഗ്ലണ്ടിലെ ആദ്യ സീസൺ. മികച്ച വിജയത്തിന്റെ സന്തോഷത്തിൽ അങ്ങനെയിരിക്കവെ ഒരു സിറ്റി ഉഗ്യോഗസ്ഥന് ഇ മെയിൽ ലഭിക്കുന്നു. യൂറോപ്യൻ ഫുട്‌ബോൾ സംഘടനയുടെതായ(യുവേഫ) മെയിലിലെ ലിങ്കിൽ ഇയാൾ ക്ലിക്ക് ചെയ്യുന്നു. അതോടെ റുയി പിന്റോ സിറ്റിയുടെ സർവറുകളിലേക്ക് കയറുകയായി. ഹാക്കറായ പിന്റോ അയച്ച ലിങ്കായിരുന്നു ഇത്. അതിനു മുമ്പെ 2015 ൽ പിന്റോ ഫുട്‌ബോൾ ലീക്‌സ് എന്ന വെബ്‌സൈറ്റ് തുടങ്ങിയിരുന്നു.ഫുട്‌ബോളിന്റെ അടിയിൽ ചാലുകളിലൂടെ ഒഴുകുന്ന പണത്തിന്റെ മറച്ചുവെച്ച കുറെ കണക്കുകൾ പോർച്ചുഗീസുകാരനായ പിന്റോ പുറത്തുകൊണ്ടു വന്നു. പ്രസിദ്ധമായ ജർമൻ മാസിക ഡെർ സ്പീഗലിലൊക്കെ ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. കളിക്കാരും പരിശീലകരും നികുതി വെട്ടിക്കാൻ ഉപയോഗിച്ച മാർഗങ്ങളും മറ്റും ഇതിൽപെടുന്നു. പോർച്ചുഗലിൽ പിന്റോയുടെ പേരിൽ കേസുകൾ ഉണ്ടായിട്ടിട്ടുണ്ട്. ഐടി സംഭരണികളിൽ അനധികൃതമായി കയറിയതിന് ഒരു പ്രാവശ്യം നാലു വർഷം നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ടുമിരുന്നു ഈ 37-കാരൻ.മാഞ്ചസ്റ്റർ. പിന്റൊ ഇപ്പോൾ വാർത്തകളിൽ സ്ഥാനം പിടിക്കാൻ കാരണം മാഞ്ചെസ്റ്റർ സിറ്റിയുടെ പേരിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗ് എടുത്തുവരുന്ന നടപടികളാണ്. അനേകം പേർ ആസ്വദിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ലീഗ് നിയമിച്ച ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷൻ 115 ൽ ഒന്നൊഴിച്ച് എല്ലാ സാമ്പത്തിക ചട്ടങ്ങളും സിറ്റി ലംഘിച്ചുവെന്ന് കണ്ടെത്തിയിരിക്കയാണ്. സിറ്റി അപ്പീലിന് പോയിട്ടുണ്ട്. അതും മറ്റൊരു സ്വതന്ത്ര കമ്മീഷനാണ് പരിഗണിക്കുക. സിറ്റിയുടെ കാര്യത്തിൽ പിന്റോ യ്ക്ക് ലഭിച്ച രേഖകൾ കമ്മീഷനെ സഹായിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല.അവർ നേരിട്ട് തെളിവെടുപ്പ് നടത്തുകയായിരുന്നു. പക്ഷെ അന്വേഷണത്തോട് സിറ്റി പൂർണമായും സഹകരിച്ചില്ലെന്ന് കമ്മീഷൻ രേഖപ്പെടുത്തുകയുണ്ടായി.

സമ്പന്നരായ വ്യക്തികൾ ക്ലബ്ബുകൾ വാങ്ങിച്ച് പണമൊഴുക്കി ആധിപത്യം നേടി കളികളിൽ അസന്തുലിതാവസ്ഥയുണ്ടാക്കുന്നത് തടഞ്ഞ് മത്സരക്ഷമത നിലനിർത്തുക, പഴയ പ്രതാപശാലികളായ ക്ലബ്ബുകൾ,ചിലത് 19-ാം നൂറ്റാണ്ടിൽ നിലവിൽ വന്നവയാണ്, കടം കയറി നശിച്ചു പോകുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെ യുവേഫയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലുള്ള സംഘാടകരും പണം ചെലവിടുന്നതിന് സാമ്പത്തികമായ ചട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഈ ചട്ടങ്ങൾ കൂറെ കാലമായ സിറ്റി ലംഘിച്ചുകൊണ്ടിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ . 2009 -10 മുതൽ 2017 -18 കാലം വരെ സിറ്റി നടത്തിയ പ്രവർത്തനങ്ങളാണ് കമ്മീഷൻ അന്വേഷിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 18 ന് തങ്ങളുടെ തീരുമാനം അവർ പുറത്തുവിട്ടു. നാലുവർഷമായി നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണിത്. 2024 ൽ വാദം കേട്ടുതുടങ്ങി. ഡിസംബറിൽ അവസാനിച്ചു.

യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ ( എഫ് എഫ് പി ).പ്രീമിയർ ലീഗിന്റെ പ്രൊഫിറ്റ് ആൻഡ് സസ്റ്റൈനബിലിറ്റി റൂൾസ് ( പിഎസ്ആർ ). ഇവയനുസരിച്ച് വരുമാനത്തിനകത്തു നിന്ന് ക്ലബ്ബുകൾ പണം ചെലവിടണം എന്നതാണ് പ്രമാണം. യുവേഫ 2011ൽ ചട്ടം കൊണ്ടുവന്നു.പിന്നാലെ പ്രീമിയർ ലീഗും. 2015-16 സീസൺ മുതൽക്കാണ് പിഎസ്ആർ ലീഗിൽ നടപ്പാക്കിയതെങ്കിലും അതിനു മുമ്പെ തന്നെ ക്ലബ്ബുകൾ കൃത്യമായ കണക്കുകളും, സത്യസന്ധമായ സാമ്പത്തിക വിവരങ്ങളും സമർപ്പിക്കണമെന്നുണ്ട് സിറ്റി ഇത് ലംഘിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തി. സ്‌പോൺസർഷിപ്പ് , വാടക പോലുള്ള മറ്റ് കമേഴ്‌സ്യൽ വരവ് ,ഷർട്ടുപോലുള്ള സാമഗ്രികളുടെ വില്പന,ടിക്കറ്റ് ,പ്രൈസ് മണി, ടി.വി പരസ്യം തുടങ്ങിയവ ഇതിൽ പെടും. കളിക്കാരെ വാങ്ങുമ്പോഴുള്ള ട്രാൻസ്ഫർ ഫീസ്,ശമ്പളം തുടങ്ങിയവ ചെലവിനങ്ങളിൽ പെടുന്നു. വരവ് ചെലവ് തോത് ലംഘിക്കരുത് എന്നാണ് നിബന്ധന. അതേ സമയം ക്ലബ്ബുകൾക്ക് സ്‌റ്റേഡിയം നവീകരണം, വനിതാടീം ,അക്കാദമികൾ ,പ്രദേശത്തെ വികസനം, കളിയിൽ പ്രത്യക്ഷപ്പെടാത്ത ജീവനക്കാരുടെ ശംമ്പളം ,യൂത്ത് ഡവലപ്‌മെന്റ് ഇവയക്ക് പണം ചെലവിടുന്നതിൽ തടസ്സമില്ല താനും. ഒന്നാം ടീമിന്റെ മേൽ ചെലവിടുന്ന പണത്തിനാണ് നിയന്ത്രണം

പ്രീമിയർ ലീഗിൽ കഴിഞ്ഞവർഷം നവംബർ മുതൽ പിഎസ്ആറിനു പകരം സ്‌ക്വാഡ് കോസ്റ്റ് റേഷ്യോ ( എസ് സി ആർ ) നടപ്പിൽ വന്നിട്ടുണ്ട്. ഉദ്ദേശ്യം ഒന്നു തന്നെ. പണം ചെലവിടുന്നതിന് നിയന്ത്രണം. പഴയ ചട്ടങ്ങൾ മൊത്തം വരുമാനമാണ് കണക്കിന് ആശ്രയിച്ചിരുന്നതെങ്കിൽ പുതിയതിൽ കളിയുടെ വരവ് ചെലവാണ് നോക്കുക. യുവേഫ ടൂർണമെന്റിൽ കളിക്കാൻ യോഗ്യത നേടുന്ന ക്ലബ്ബുകളിൽ വരുമാനത്തിന്റെ 70 ശതമാനമാണ് ചെലവെങ്കിൽ പ്രീമിയർ ലീഗിൽ അത് 85 ശതമാനമാണ്. കൂടി വന്നാൽ ഇത് 115 ശതമാനം വരെ പോകാം. പക്ഷെ ആ നഷ്ടം വരുന്ന സീസണുകളിൽ പാകപ്പെടുത്തേണ്ടിവരും. 85 ശതമാനത്തിൽ കുറവേ ചെലവാക്കിയുള്ളൂവെങ്കിൽ വരുന്ന രണ്ട് സീസണുകളിൽ അതിൽ കൂടുതൽ ചെലവിടാനും സാധിക്കും. അതായത് പണം ഇഷ്ടം പോലെ ഒഴുക്കാൻ സാധിക്കില്ല. സമ്പന്നരാണ് ക്ലബ്ബുകളുടെ ഉടമകളെങ്കിൽ ചെറിയ ക്ലബ്ബുകൾക്ക് നിൽക്കക്കള്ളിയില്ലാതാകും. ഓർക്കുക സിറ്റി ഉടമ ഷെയ്ക്ക് മൻസൂർ ബിൻ അൽ നഹ്യാൻ യുഎഇ ഉപപ്രധാന മന്ത്രിയും വൈസ് പ്രസിഡന്റുമാണ്. അദ്ദേഹത്തിന്റെ അബുദാബി യുനൈറ്റഡ് ഗ്രൂപ്പിനാണ് ( എഡിയുഗി ) സിറ്റിയുടെ 81 ശതമാനം ഉടമസ്ഥാവകാശം. ലിവർപൂളിന്റെ 47 ശതമാനം ഓഹരികൾ ആമസോൺ ഉടമ ജെഫ് ബിസോസും കൂട്ടരും അടങ്ങുന്ന ഒരു കൺസോർഷ്യത്തിന്റെ പക്കലാണ്. രണ്ടുകൂട്ടർക്കും നേരിട്ട് ഫുട്‌ബോളുമായി ബന്ധമുണ്ടാകണമെന്നില്ല.

2008 ലാണ് ഷെയ്ക്ക് മൻസൂർ സിറ്റിയെ വാങ്ങിയത്.1998 ൽ ഇംഗ്ലീഷ് ഫുട്‌ബോളിലെ മൂന്നാം തട്ടിലേക്ക് താഴ്ന്നുപോയ ടീമായിരുന്നു ഇത്. 2000 ആണ്ടിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചുവന്നു. തുടക്കത്തിൽ വലിയ നഷ്ടം ഉടമകൾക്ക് സഹിക്കേണ്ടി വന്നു. ക്രമേണ പണത്തിന്റെ ബലത്തിൽ സ്ഥിതി മെച്ചപ്പെട്ടു. 2011 ൽ എഫ് എ കപ്പ് ജയിച്ചതോടെ അവരുടെ കുതിപ്പ് തുടങ്ങി. ശേഷം എട്ട് ലീഗ് ചാമ്പ്യൻഷിപ്പുകൾ അവർ നേടി. അതിൽ ആറെണ്ണവും ഗാർഡിയോളയുടെ കാലത്തായിരുന്നു. 2023 ൽ യുവേഫ ചാമ്പ്യൻസ് ലീഗും അവർ കൈക്കലാക്കി.അന്വേഷണ പിരിധിയിൽ പെട്ട കാലത്ത് സിറ്റി മൂന്ന് ലീഗ് ചാമ്പൻഷിപ്പും ഒരു എഫ്എ കപ്പും മൂന്ന് ലീഗ് കപ്പും നേടി.

ചട്ടം ലംഘിച്ചതിന് സിറ്റിയെ യുവേഫ തങ്ങളുടെ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരിക്കൽ രണ്ടു വർഷത്തേക്ക് വിലക്കിയിരുന്നു.320 കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. എന്നാൽ അവർ കോർട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ ( സിഎഎസ് ) കേസ് കൊടുക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. പ്രീമിയർ പിഴ 107 കോടിയായി ചുരുക്കുകയും ചെയ്തു. അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് കണ്ടെത്തിയതിനാലാണ് പിഴ പൂർണമായും ഒഴിവാക്കാഞ്ഞത്. പ്രീമിയർ ലീഗിൽ സിറ്റിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളിൽ പ്രധാനം എന്തെന്നു നോക്കാം. വരുാമനം പെരുപ്പിച്ചു കാണിച്ചു എന്നതാണ്,ഏറ്റവും വലിയ ചട്ടലംഘനം. സ്‌പോൺസർഷിപ്പ് തുകയാണ് ഇങ്ങനെ പെരുപ്പിച്ചു കാണിച്ചത്.ചെലവ് കുറച്ചു കാണിക്കുകയും ചെയ്ടിത്തുണ്ട്.

അന്വേഷണത്തിന് പരിഗണിച്ച ഒമ്പതു സീസണുകളിൽ സിറ്റി ചെലവിട്ടത് ഏതാണ്ട് 16821 കോടി രൂപവരും. ഇതിൽ 71 ശതമാനം. 11968.74 കോടി രൂപ സ്‌പോൺസർഷിപ്പ് വരുമാനമായി കാണിച്ചിരിക്കുന്നു. എന്നൽ എത്തിഹാദ്, എത്തിസലാറ്റ് തുടങ്ങിയ യുഎഇ സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ നൽകിയത് 1503 കോടി രൂപമാത്രമെന്ന് കമ്മീഷൻ പറയുന്നു. ബാക്കി 10466 കോടി രൂപ ഉടമകൾ കീശയിൽ നിന്നെയുത്തു. യഥാർത്ഥ വരുമാനം 4910 കോടി രൂപയേ വരൂ എന്നാണ് കണക്ക്.( പൗണ്ട് സ്റ്റർലിങിൽ നിന്ന് രൂപയിലേക്ക് മാറ്റിയതിൽ അല്പസ്വലപം വ്യത്യാസങ്ങളുണ്ടാവാം )

സ്‌പോൺസർഷിപ്പ് തുക ഉടമകളായ എഡിയുജി നേരിട്ട് നൽകിയിട്ടില്ലെന്നും സ്‌പോൺസർ കമ്പനികൾക്ക് അവരുടെ ബാധ്യത നികത്താൻ അവർക്ക് അവരുടെ ഉടമകളായ യുഎഇ സർക്കാർ ബാക്കി പണം നൽകി എന്നുമാണ് സിറ്റിയുടെ വാദം. കമ്മീഷൻ ഇത് തള്ളിക്കളഞ്ഞിരുന്നു. ഏതായാലും ദീർഘമായ ഒരു നിയമയുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ചട്ടലംഘനങ്ങൾക്ക് ശിക്ഷ എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. പോയന്റ് വെട്ടിക്കുറക്കൽ മുതൽ ,ട്രോഫികൾ തിരിച്ചുവാങ്ങൽ , പ്രിമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തൽ വരെ എന്തുമാകാം. ബ്രിട്ടനുമായ ശക്തമായ വ്യാപാര നിക്ഷേപ ബന്ധമുള്ള യുഎഇ സർക്കാരിനെ ഷെയ്ക്ക് മൻസൂർ ഇടപെടിക്കുമോ എന്നും വ്യക്തമല്ല.സിറ്റി പണമൊഴുക്കി എന്നു വ്യക്തം. ഇതിന്റെ ഫലം വർഷങ്ങൾ കഴിഞ്ഞതുകാരണം എന്തായിരുന്നു എന്ന് വിലയിരുത്തുക പ്രയാസം. ഏതായാലും ഇതു കാരണം ,യുറോപ്യൻ മത്സരങ്ങളിൽ നിന്നുള്ള വരുമാനം ,സമ്മാനത്തുക തുടങ്ങിയവ നഷ്ടപ്പെട്ട ക്ലബ്ബബുകൾ സിറ്റിക്കെതിരെ നഷ്ടപരിഹാരം തേടി മുന്നോട്ടു വരും എന്നതുറപ്പാണ്.

സിറ്റിയെപ്പോലുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ ഫീയായി നൽകുമ്പോൾ അത് ചെറിയ ക്ലബ്ബുകൾക്ക് ഗുണകരമല്ലേ എന്ന ചോദ്യം വരാം.പക്ഷെ നല്ല കളിക്കാരെയാണ് അവർക്ക് നഷ്ടപ്പെടുന്നത്. വൻലാഭം നേടിക്കൊണ്ടാണെങ്കിലും കളിക്കാരെ നഷ്ടപ്പെട്ട ക്ലബ്ബുകൾ പിന്നീട് ക്ഷീണിച്ചുപോയെന്ന് ബിബിസി റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.19 ദേശീയ ലീഗുകളിലെ 46 വ്യത്യസ്ത ക്ലബ്ബുകളിൽ നിന്ന് സിറ്റി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. 2015 ൽ കെവിൻ ഡെബ്രുയ്‌ന ,എഡിൻ സെക്കൊ എന്നിവരെ ജർമൻ ക്ലബ്ബായ വോൾസ്ബർഗിൽ നിന്ന് സിറ്റിയെത്തിച്ചു. ട്രാൻസ്ഫർ ഫീസ് 1215 കോടി രൂപ. വോൾസ്ബർഗ് ഈ പണം കൊണ്ട് മറ്റുകളിക്കാരെ വാങ്ങിയെങ്കിലും ലീഗിൽ രണ്ടാം സ്ഥാനത്തുനിന്ന് എട്ടിലേക്ക് താണു.പിന്നീട് കഷ്ടിച്ച് തരംതാഴ്ത്തലിൽ നിന്ന് ഒഴിവായി.ഇക്കാലയളവിൽ ആഴ്‌സനലിൽ നിന്ന് സിറ്റി നാലു കളിക്കാരെ എടുത്തിരുന്നു. ആഴ്‌സനലിന് അതുകൊണ്ട് വലിയ ഗുണമുണ്ടായില്ല. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോവിനും ഇതു തന്നെയായിരുന്നു അനുഭവം.

അധികച്ചെലവ് സംബന്ധിച്ച ചട്ടം ലംഘിച്ചതുകാരണം രെു ക്ലബ്ബിന്റെ പരാതിയിൽ മറ്റൊരു ക്ലബ്ബിനോട് നഷ്ടപരിഹാരം നൽകാൻ പ്രീമിയർ ലീഗ് അധികൃതർ അടുത്തകാലത്ത് വിധിച്ചിട്ടുണ്ട്. എവർടൺ മൂന്നുവർഷക്കാലയളവിൽ ചട്ടം ലംഘിച്ചതിന്റെ പേരിൽ 2021-22 സീസണിൽ ബേൺലിക്ക് 441 കോടി രൂപ നൽകാൻ ഉത്തരവായിട്ടുണ്ട്.എവർടണിന്റെ 10 പോയന്റ് വെട്ടിക്കുറച്ചിരുന്നു. അപ്പീലിൽ ഇത് ആറു പോയന്റായി കുറച്ചു. 2023 -24 സീസണിൽ ഇത് പട്ടികയിൽ കാണിച്ചു.2021-22 സീസണിൽ എവർടൺ 39 പോയന്റോടെ 16-ാം സ്ഥാനത്തും 38 പോയന്റോടെ ലീഡ്‌സ് 17-ാം സ്ഥാനത്തും 35 പോയന്റോടെ ബേൺലി 18-ാം സ്ഥാനത്തുമായിരുന്നു.എവർടൺ 245 കോടി അധികം ചെലവിട്ടതിനാൽ തങ്ങൾ തരംതാഴ്ത്തപ്പെട്ടു എന്ന ബേൺലിയുടെ വാദം അധികൃതർ അംഗീകരിച്ചു. എവർടൺ കേസിനു പോയിട്ടുണ്ട്.

വമ്പിച്ച ട്രാൻസ്ഫർ തുകയുടെ വാർത്തകൾ വരുമ്പോൾ സാധാരണ കാണികൾ അത്ഭുത പരതന്ത്രരാവാറുണ്ട്. ഈ തുക ഒരു പരിധിയാണ് എന്ന് അറിവുള്ളവർ പറയുന്നു. ഒന്നിച്ച് ഈ പണം കൈമാറണമെന്നില്ല. വാങ്ങിയ കളിക്കാരൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിൽ ഘട്ടങ്ങളായി കൈമാറുന്ന തുകയിൽ കുറവുവരുത്താനുള്ള വകുപ്പുകൾ കരാറുകളിൽ ചേർത്തിട്ടുണ്ടാവും. മറ്റൊന്ന് വാങ്ങുന്ന ക്ലബ്ബുകൾ വാർഷികകണക്കിൽ മുഴുവൻ തുകയും കാണിക്കില്ല. കളിക്കാരന്റെ കരാർകാലാവധി അഞ്ചു വർഷമാണെങ്കിൽ ആ വർഷത്തെ കണക്കിൽ ആ ചെലവിന്റെ അഞ്ചിലൊന്നായി ചെലവ് പട്ടികയിൽ കാണിക്കാം.അമോർടൈസേഷൻ എന്ന അക്കൗണ്ടിങ് തത്വം ഇവിടെ ഉപയോഗിക്കുന്നു. വളരെ നീണ്ടകാലത്തേക്കാണ് കരാറെങ്കിൽ ഒരു വർഷം ചെലവ് കണക്കിൽ അത്രയും കുറയും. ഈ സൂത്രം ക്ലബ്ബുകൾ പ്രയോഗിക്കുന്നത് ഇപ്പോൾ തടഞ്ഞിട്ടുണ്ട്. ഫിഫ കരാർകാലം കൂടിയത് അഞ്ചു വർഷമായി നിജപ്പെടുത്തിയിരിക്കുന്നു.18 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ അത് മൂന്നു വർഷം മാത്രം.

മുമ്പ് മൂന്നാം കക്ഷി ഉടമസ്ഥത എന്നൊരു സമ്പ്രദായം ഫുട്‌ബോളിൽ ഉണ്ടായിരുന്നു. അതായത് ഒരു കളിക്കാരന്റെ സാമ്പത്തികവശത്തിന്റെ അവകാശം ഏജന്റോ ഒരു കൂട്ടം ആളുകളോ സ്ഥാപനമോ കയ്യിൽ വെക്കുന്നു. മുഴുവൻ അവകാശം കയ്യിൽ വെക്കാം അല്ലെങ്കിൽ അതിൽ ഒരു പങ്കുമാവാം. ഈ കളിക്കാരൻ വിൽക്കപ്പെടുമ്പോൾ അതിന്റെ വരുമാനം ഇപ്പറഞ്ഞ കൂട്ടർക്ക് ലഭിക്കുന്നു. തേഡ് പാർടി ഓണർഷിപ്പ് എന്ന ഈ സമ്പ്രദായം ഫിഫ ഇപ്പോൾ നിരാേധിച്ചിട്ടുണ്ട്. കളിക്കാരൻ ഒരു വില്പനച്ചരക്കല്ലെങ്കിലും വിൽക്കുക ,വാങ്ങുക എന്നീ വാക്കുകൾ തന്നെയാണ് കളിക്കാരന്റെ നീക്കത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. അടിയന്തരമായി മറ്റൊരു വാക്കെങ്കിലും ഇതിന് പകരം കണ്ടുപിടിക്കേണ്ടിവരും.

അന്വേഷണം തുടങ്ങിയ 2009 -10 സീസൺ കഴിഞ്ഞിട്ട് ഇപ്പോൾ 15 വർഷമായിരിക്കുന്നു.സംഭവിച്ചതിനെ ഇനി പുനരവതരിപ്പിക്കുക അസാധ്യം. കൺമുന്നിൽ നടന്നത് സത്യം തന്നെയാണ്. ജയവും തോൽവിയും. പക്ഷെ ബലക്കുറവുള്ള ഒരു സത്യമാണത്. കഴിഞ്ഞുപോയ ഒന്നിന് എങ്ങനെയാണ് ഇനി വിശ്വാസത്തിന്റെ ബലം പകരുക എന്നത് തീർപ്പുകല്പിക്കാൻ കഴിയാത്ത വിഷയമാണ്. ആധുനിക മനുഷ്യൻ വില്പനച്ചരക്കാകുന്ന അവസ്ഥയെക്കുറിച്ച് കവി അയ്യപ്പപ്പണിക്കർ ' കുരുക്ഷേത്ത്രി ' ൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.

' ആളുത്തിക്കിത്തിരിക്കിയേറുന്ന

താണു ചന്തയതാണെൻ പ്രപഞ്ചം

വിൽപനക്കു ചരുക്കുകളും പേറി

വിൽപനക്കാർ വരുന്നുപോകുന്നു

തങ്ങളെത്തന്നെ വിൽക്കുന്നു വീണ്ടും

തങ്ങൾ തന്നെ വിലപേശി നീൽപ്പൂ '

സ്വാഭാവികമായും ഫുട്‌ബോളിനും ഇത് ബാധകം. ഈ വിചാരം പൂർണമായും യാഥാർത്ഥ്യമാകാതിരിക്കട്ടെ .നമ്മൾ കാണുന്ന ഫുട്‌ബോൾ സത്യസന്ധമായ ഒരു കായിക പരീക്ഷയാണെന്ന് കണ്ടാസ്വദിക്കാൻ ഒരോ കാണിക്കും അവകാശമുണ്ട്.

Content Highlights: An independent commission found Manchester City guilty of 115 financial rule breaches between 2009-10 and 2017-18.