വോള്‍വ്‌സിനെ കീഴടക്കി വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ സിറ്റി, ബ്രെന്റ്‌ഫോര്‍ഡിനും ജയം

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് വിജയം. വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡ് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി.
സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങാണ് ആതിഥേയര്‍ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് സ്റ്റെര്‍ലിങ് ടീമിനായി വല ചലിപ്പിച്ചത്. പെനാൽറ്റി ബോക്‌സിനകത്തുവെച്ച് വോള്‍വ്‌സിന്റെ മൗട്ടിന്യോയുടെ കൈയില്‍ പന്തുതട്ടിയതിനെത്തുടര്‍ന്നാണ് റഫറി പെനാൽറ്റി വിധിച്ചത്. ഈ വിജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 12 വിജയവുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ബ്രെന്റ്‌ഫോര്‍ഡ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടുഗോളുകള്‍ തിരിച്ചടിച്ച് ബ്രെന്റ്‌ഫോര്‍ഡ് കളി സ്വന്തമാക്കി.
24-ാം മിനിറ്റില്‍ ഇമ്മാനുവല്‍ ബോണാവെന്‍ച്വറിലൂടെ വാറ്റ്‌ഫോര്‍ഡ് മത്സരത്തില്‍ ലീഡെടുത്തു. എന്നാല്‍ 84-ാം മിനിറ്റില്‍ പോണ്‍ട്ടസ് ജാന്‍സണ്‍ ബ്രെന്റ്‌ഫോര്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുന്ന സമയത്ത് ബ്രെന്റ്‌ഫോര്‍ഡിന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ബ്രയാന്‍ എംബിയോമുവിന് പിഴച്ചില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ടീമിന് വിജയം സമ്മാനിച്ചു.
ഈ വിജയത്തോടെ ബ്രെന്റ്‌ഫോര്‍ഡ് പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തി. 16 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്.
Content Highlights: Manchester City and Brentford celebrates victory in EPL
Content Highlights: