സീസണിലെ അവസാനമത്സരത്തിനും നിറഞ്ഞുകവിഞ്ഞ് പയ്യനാട്ടെ ഗ്യാലറി; മഴയിലും ചോരാത്ത ആവേശം

#ന്യൂസ് ഡെസ്‌ക്
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽനടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കൊച്ചി ഫോഴ്സ എഫ്സിക്കെതിരേ മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ജോൺ കെന്നഡി ഗോൾ നേടുന്നു |ഫോട്ടോ: അജിത് ശങ്കരൻ
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽനടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കൊച്ചി ഫോഴ്സ എഫ്സിക്കെതിരേ മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ജോൺ കെന്നഡി ഗോൾ നേടുന്നു |ഫോട്ടോ: അജിത് ശങ്കരൻ

പയ്യനാട്(മലപ്പുറം): രാവിലെ മുതല്‍ കടുത്ത വെയില്‍. വൈകീട്ട് മണിക്കൂറുകള്‍ നീണ്ട മഴ. പയ്യനാട്ടെ സ്റ്റേഡിയം വെള്ളത്തില്‍ക്കുതിര്‍ന്നെങ്കിലും ആവേശം ഒട്ടും തണുത്തില്ല. വീറുംവാശിയും ആവോളം നിറഞ്ഞതായിരുന്നു വ്യാഴാഴ്ച മലപ്പുറം എഫ്‌സിയും ഫോഴ്‌സ കൊച്ചിയുമായുള്ള മത്സരം.

ഈ സീസണിലെ അവസാന ലീഗ് മത്സരം കാണാന്‍ ആയിരങ്ങളാണ് ചെറുചാറ്റല്‍ മഴയിലും പയ്യനാട്ടെ ഗ്യാലറിയിലെത്തിയത്.

സെമിഫൈനലില്‍ പ്രവേശിക്കാന്‍ ജയം അനിവാര്യമായ മലപ്പുറം എഫ്‌സിക്ക് കരുത്തേകാനായിരുന്നു ഒരുവിഭാഗം. ടീം ജേഴ്‌സിയണിഞ്ഞ് അള്‍ട്രാസ് അംഗങ്ങള്‍ ഒരുഭാഗത്ത് തമ്പടിച്ചു. ഹോംഗ്രൗണ്ടില്‍ തോല്‍ക്കാതെ മുന്നേറിയ മലപ്പുറം അതാവര്‍ത്തിക്കുമെന്ന ആത്മവിശ്വാസമായിരുന്നു ഓരോരുത്തര്‍ക്കും.

കഴിഞ്ഞ കളിയില്‍ മഹാരാജാസിലെ ഹോംഗ്രൗണ്ടില്‍ മലപ്പുറത്തിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പകരംചോദിക്കാനായിരുന്നു ഫോഴ്‌സ എത്തിയത്. സെമിഫൈനല്‍ സാധ്യതയടഞ്ഞെങ്കിലും അവസാന ലീഗ് മത്സരത്തില്‍ ജയിച്ച് തലയുയര്‍ത്തിപ്പിടിച്ച് മടങ്ങുകയായിരുന്നു ഫോഴ്‌സയുടെ മോഹം. കൊച്ചിയില്‍ നിന്നെത്തിയ ഒരു ബസ് ആരാധകര്‍ ഉള്‍പ്പെടെ ഫോഴ്സയ്ക്ക് കരുത്തായി. ഈ സീസണില്‍ പയ്യനാട് ഗ്രൗണ്ടിലെ അവസാന കളിയായിരുന്നു വ്യാഴാഴ്ച. അതുകൊണ്ടുതന്നെ തുടക്കംമുതല്‍ ഒടുക്കംവരെ ഉത്സവത്തിമിര്‍പ്പിലായിരുന്നു സ്റ്റേഡിയം.

കളിക്കളത്തിലും ഗ്യാലറിയിലും ഈ വാശിയുണ്ടായി. കളിക്കാരുടെ ചലനങ്ങള്‍ക്കും പാസുകള്‍ക്കും ഗോളിനും സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളികള്‍ നിറഞ്ഞു. പുല്‍ത്തകിടിയില്‍ ഇറ്റുവീണ കളിക്കാരുടെ വിയര്‍പ്പുകണങ്ങളില്‍ ആരാധകരുടെ സ്വപ്നങ്ങള്‍ തിളങ്ങി. ഓരോ നീക്കത്തിലും കളിക്കാരും കാണികളും ഒരേ മനസ്സായി. മഴപെയ്ത് ചളിയായ ഗ്രൗണ്ടില്‍ പന്ത് വരുതിയിലാക്കാന്‍ കളിക്കാര്‍ പാടുപെട്ടു. ഗോള്‍ ശ്രമങ്ങള്‍ നഷ്ടപ്പെടുമ്പോഴുള്ള നിരാശ ഇടയ്ക്ക് ഗ്യാലറിയെ മൂകമാക്കി. മികച്ച മുന്നേറ്റങ്ങളില്‍ ഗ്യാലറി മതിമറന്നു. ഇഷ്ടതാരങ്ങള്‍ക്കായി ചിലര്‍ ജയ് വിളിച്ച് വിസിലൂതി. ഫുട്‌ബോളിന് മറ്റെന്തിനേക്കാളും വലിയ ലഹരിയുണ്ടെന്ന് പയ്യനാട്ടെത്തിയ ഓരോ കാണിയും കളിയ അവസാനംവരെ അടിവരയിട്ടു.

കെന്നഡി ട്രിക്കില്‍ മലപ്പുറം

പയ്യനാട് (മലപ്പുറം): രണ്ടുഗോളിന് പിന്നില്‍നിന്നശേഷം ബ്രസീലുകാരന്‍ ജോണ്‍ കെന്നഡിയുടെ ഹാട്രിക് ഗോള്‍ ചിറകിലേറി മലപ്പുറം എഫ്സി സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സെമിഫൈനലില്‍. ലീഗിലെ അവസാനകളിയില്‍ ഫോഴ്സ കൊച്ചിയെ തോല്‍പ്പിച്ചാണ് മലപ്പുറത്തിന്റെ ആദ്യ സെമി പ്രവേശനം (4-2). മലപ്പുറത്തിനായി ജോണ്‍ കെന്നഡിയും (33, 45+5, 49), ഇഷാന്‍ പണ്ഡിതയും (88) സ്‌കോര്‍ ചെയ്തു. കൊച്ചിക്കായി അഭിത്ത് (9), അലക്സാണ്ടര്‍ റൊമാരിയോ (26) എന്നിവരാണ് ഗോളടിച്ചത്. ജയത്തോടെ മലപ്പുറത്തിന് 13 പോയിന്റായി. ഇതോടെ 12 പോയിന്റുള്ള തിരുവനന്തപുരം കൊമ്പന്‍സ് പുറത്തായി. ഞായറാഴ്ച നടക്കുന്ന ആദ്യസെമിയില്‍ തൃശ്ശൂര്‍ മാജിക് എഫ്സിയാണ് മലപ്പുറത്തിന്റെ എതിരാളികള്‍. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്‌സും തമ്മിലാണ് രണ്ടാം സെമി.

മഴപെയ്ത് വെള്ളംകുടിച്ച ഗ്രൗണ്ടില്‍ പന്ത് വരുതിയിലാക്കാന്‍ പാടുപെട്ട കളിയില്‍ മലപ്പുറമാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. എന്നാല്‍, കളിയുടെ ഗതിക്കെതിരായി ഒന്‍പതാം മിനിറ്റിലും 26-ാം മിനിറ്റിലും ഫോഴ്സ കൊച്ചി ഗോള്‍ നേടി. തുടര്‍ന്ന് നാലുഗോള്‍ തിരിച്ചടിച്ച് മലപ്പുറം അവിസ്മരണീയ ജയവും സെമി ബെര്‍ത്തും സ്വന്തമാക്കി.

Content Highlights: Malappuram FC advances to the Kerala Super Leaue semi-finals after a dramatic 4-2 victory over Force Kochi. Kennedy`s hat-trick was key!