മോഡ്രിച്ചിന് ഒരു സ്തുതിഗീതം; പന്തിലെ നിങ്ങളുടെ ഓരോ സ്പർശത്തിന്റെയും ഓർമകൾ കാലങ്ങളോളം തുടരും

#കെ. സുരേഷ്
Photo: Getty Images
Photo: Getty Images

ഒരു നൂറ്റാണ്ടോളം നീണ്ട ലോകകപ്പിന്റെ ചരിത്രത്തിൽ ചടുലചലനങ്ങളാലും മാന്ത്രികനീക്കങ്ങളാലും കളിക്കളത്തെ അടക്കിവാണ ഏറെ പ്രതിഭകളുണ്ട്. ജയിച്ചവരും തോറ്റവരുമുണ്ട്. കളികൊണ്ട് ഭ്രമിപ്പിച്ചവരും ജീവിതംകൊണ്ട് ഞെട്ടിച്ചവരുമുണ്ട്. അവരൊന്നും ലൂക്കാ മോഡ്രിച്ചിനു തുല്യരായിരുന്നില്ല. കാരണം, മോഡ്രിച്ചിന് എതിരാളികളില്ലായിരുന്നു, കളിയിലും ജീവിതത്തിലും.

സ്വർണത്തലമുടിയും പൂച്ചക്കണ്ണുമായി മൈതാനത്ത് കാന്തികപ്രഭ പടർത്തിയ ആ മാന്ത്രികനെ എതിരാളികളും വണങ്ങി, ആരാധിച്ചു. കുട്ടിക്കഥയിലെ പൈഡ്പൈപ്പറെപ്പോലെ, പോകുന്ന വഴികളിലെല്ലാം അയാൾ കാണികളെ കൂടെക്കൂട്ടി. ജയിച്ചപ്പോഴും തോറ്റപ്പോഴും കാണികളെ കണ്ണീരണിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ, ടൊറന്റോയിലെ ബി.എം.ഒ. സ്റ്റേഡിയത്തിൽ ക്രൊയേഷ്യ പോർച്ചുഗലിനോടു തോറ്റുമടങ്ങുമ്പോൾ ഒരിക്കൽക്കൂടി മോഡ്രിച്ച് ആരാധകലോകത്തെ വേദനിപ്പിച്ചു. ഒരു ഫുട്ബോളിനെക്കാൾ ഏറെയൊന്നും ഭാരമില്ലെന്നു തോന്നിച്ച മൈതാനത്തിന്റെ മഹാകവി ഇനി ലോകകപ്പ് വേദികളിലുണ്ടാകില്ലെന്നറിയുമ്പോൾ വിതുമ്പാതിരിക്കുന്നതെങ്ങനെ? പോർച്ചുഗലിന്റെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോതന്നെയാണ് മോഡ്രിച്ചിനെ കെട്ടിപ്പിടിച്ച് യാത്രയാക്കിയത്.

ക്രൊയേഷ്യൻ സ്വാതന്ത്ര്യസമരത്തിനിടെ ചിതറിപ്പോയ കൗമാരകാലത്ത് അഭയാർഥിയായിക്കഴിഞ്ഞ ഹോട്ടലിന്റെ ലോബിയിൽ പന്തുതട്ടിത്തുടങ്ങിയതാണ്. ഫുട്ബോൾ അയാൾക്ക് ജീവിതം നൽകി. അയാൾ ജീവനും ശ്വാസവും ഫുട്ബോളിന് പകുത്തുകൊടുത്തു.

40 ലക്ഷത്തിൽത്താഴെമാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യയുടെ സ്വപ്നങ്ങളും കൈയിലെടുത്ത് രണ്ടുപതിറ്റാണ്ടുകാലം മൈതാനത്തിന്റെ അങ്ങോളമിങ്ങോളം അവിശ്രമം പാഞ്ഞു. സെൻട്രൽ മിഡ്ഫീൽഡറെന്നാണ് വിളിപ്പേരെങ്കിലും ടീം പ്രതിരോധത്തിലാകുമ്പോഴെല്ലാം ഏതുമുക്കിലും മൂലയിലും കുതിച്ചെത്തി. രാജ്യത്തിനുവേണ്ടി 202 മത്സരങ്ങൾ. വിവിധ ക്ലബ്ബുകൾക്കായി 967 കളികൾ. അടിച്ച ഗോളുകൾക്കല്ല, അയാളൊഴുക്കിയ വിയർപ്പുതുള്ളികൾക്കാകും കൂടുതൽ കനം.

വമ്പന്മാരിലേറെയും പാതിവഴിയിൽ ഇടറിവീണ 2018 ലോകകപ്പിൽ ആതിഥേയരായ റഷ്യയുടെയും ഇംഗ്ലണ്ടിന്റെയും ബെൽജിയത്തിന്റെയും പത്മവ്യൂഹം പൊട്ടിച്ച് ക്രൊയേഷ്യയുടെ സ്വപ്നസംഘം കുതിച്ചത് ഈ മാന്ത്രികച്ചുവടിലേറിയാണ്. ആ ലോകകപ്പിന്റെ താരവുമായി. 2022-ൽ സെമിയിൽ അടങ്ങി. ലോകവേദിയിൽനിന്ന് മടങ്ങുമ്പോൾ അയാളുടെ കൈയിൽ സ്വർണത്തോളം തിളക്കമുള്ള ഒരു വെള്ളിയും ഒരു വെങ്കലവും. പിന്നെ, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ദശലക്ഷങ്ങൾ തളികയിൽ വെച്ചുകൊടുത്ത സ്‌നേഹവും..

എല്ലാ യാത്രകളും ഒരുദിനം അവസാനിക്കേണ്ടതുണ്ട്. പക്ഷേ, നിങ്ങൾ നടന്നതിന്റെ അലയൊലികൾ കാലങ്ങളോളം തുടരും. ഫെറങ്ക് പുഷ്‌കാസ്, യൊഹാൻ ക്രൈഫ്, യൂസേബിയോ, മിഷേൽ പ്ലാറ്റീനി... ലോകകിരീടത്തിൽ തൊടാൻ ഭാഗ്യംകിട്ടാത്ത പ്രതിഭകൾ.... മോഡ്രിച്ച്... വരൂ, അവർക്കിടയിൽ നിഷ്‌കാസിതരുടെ രാജാവായി നിങ്ങളും വിശ്രമിക്കൂ…

Content Highlights: Reflecting on Luka Modric's two-decade-long career and his impact on Croatian football., Highlighting his transition from a refugee childhood to becoming a global icon., Summary of his achievements including the 2018 World Cup run and individual accolades., Emotional tribute to his work ethic, 202 international caps, and legacy in the sport.