ഗോൾമുഖം വിറപ്പിച്ച കാലുകളിൽ തീപ്പിടിച്ചൊരു കാലമുണ്ട്; ബൂട്ടിൽ അതിജീവനത്തിന്റെ കഥയൊളിപ്പിച്ച ലൂക്ക

ലൂക്കാ മോഡ്രിച്ച് കുട്ടിക്കാലത്ത്/ പോര്‍ച്ചുഗലിനെതിരായ മത്സരശേഷം | Photo: X/AP
ലൂക്കാ മോഡ്രിച്ച് കുട്ടിക്കാലത്ത്/ പോര്‍ച്ചുഗലിനെതിരായ മത്സരശേഷം | Photo: X/AP

വിയർപ്പൊട്ടിയ ക്രൊയേഷ്യൻ ജെഴ്‌സി ഇനി ലൂക്ക മോഡ്രിച്ചിന്റെ ശരീരത്തിൽ പറ്റിക്കിടക്കില്ല. ക്രൊയേഷ്യക്കായി മൈതാനങ്ങളിൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ച കാലുകൾക്ക് ഇനി വിശ്രമത്തിന്റെ കാലമാണ്. പോർച്ചുഗലിനോട് തോറ്റ് ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കാണാതെ കാനഡയിലെ ടൊറന്റോ സ്‌റ്റേഡിയത്തിൽനിന്ന് മടങ്ങിയപ്പോൾ രണ്ട് പതിറ്റാണ്ട് കാലത്തെ കളിയോർമകൾ മാത്രമായിരിക്കില്ല മോഡ്രിച്ചിന്റെ മനസിൽ മിന്നിമാഞ്ഞിട്ടുണ്ടാകുക, കുട്ടിക്കാലത്ത് തന്റെ ബൂട്ടുകളിൽ ഒളിപ്പിച്ചുവെച്ച അതിജീവനത്തിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കഥ കൂടി അതിനൊപ്പം തെളിഞ്ഞുവന്നിട്ടുണ്ടാകും.

ക്രൊയേഷ്യയിലെ വെലെബിറ്റ് പർവതനിരകൾ അതിരിടുന്ന വടക്കൻ ഡാൽമേഷ്യയിലെ മോഡ്രിചിയെന്ന കൊച്ചുഗ്രാമത്തിലെ ഇടവഴികളിൽ കുഴിച്ചിട്ട മൈനുകളിൽ ഒരു വിരൽതുമ്പ് പോലുംതൊടാതെ വെട്ടിയൊഴിഞ്ഞ് ഓടിയ കഥ. ഏതെങ്കിലും ഒരു മൈനിൽ ഒന്നു ചവിട്ടിയാൽ ജീവനാണ് നഷ്ടപ്പെടുന്നത് എന്നറിയും പോലെ ഓടുന്നതിനിടയിൽ പന്ത് നഷ്ടപ്പെട്ടാൽ വിജയത്തിലേക്കുള്ള ഗോളാണ് പാഴായിപ്പോകുകന്നതെന്ന് മോഡ്രിച്ചിനോളം നന്നായി മറ്റാർക്കുമറിയില്ല. ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരത്തിലേക്ക് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിലെ നിലയ്ക്കാത്ത കൈയടികൾക്കിടയിലൂടെ നടന്നടുത്തപ്പോഴും റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിൽ ഓരോ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോഴും ഒടുവിൽ ലോകകപ്പെന്ന സ്വപ്‌നം അവശേഷിച്ച് മടങ്ങിയപ്പോഴും മോഡ്രിച്ചിന്റെയുള്ളിലെ അനുഭവങ്ങളുടെ കടൽ അതിന്റെ കരയെ പുണർന്നിട്ടുണ്ടാകും.

എല്ലാം മുത്തച്ഛനായിരുന്നു

1985 സെപ്റ്റംബർ ഒമ്പതിലെ ഒരു രാത്രിയിലാണ് ലൂക്ക ആദ്യമായി വെലെബിറ്റ് മലനിരകളിൽ നിന്നുള്ള കാറ്റിന്റെ തണുപ്പറിഞ്ഞത്. ഈ മലനിരകൾ അതിരിടുന്ന വടക്കൻ ഡാൽമേശഷ്യയിലെ മോഡ്രിചിയെന്ന കൊച്ചുഗ്രാമത്തിലെ സ്റ്റൈപ്പ് മോഡ്രിച്ചിന്റേയും റഡോയ്ക്കാ മോഡ്രിച്ചിന്റേയും ആദ്യത്തെ കുഞ്ഞ്. രോമക്കുപ്പായങ്ങളുണ്ടാക്കുന്ന ഫാക്ടറിയിലേക്ക് സ്റ്റൈപ്പും റഡോയ്ക്കയും ജോലിക്ക് പോകുമ്പോൾ കുഞ്ഞു ലൂക്കയ്ക്ക് കൂട്ടുണ്ടായിരുന്നത് മുത്തച്ഛനായിരുന്നു. ആ താഴ്‌വരയിൽ മുത്തച്ഛനൊപ്പം കളിച്ചുവളർന്ന ലൂക്കയുടെ ജീവിതം ഒരൊറ്റ ദിവസത്തിനുള്ളിൽ കീഴ്‌മേൽ മറിഞ്ഞു.

യുഗോസ്ലാവിയയിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ക്രൊയേഷ്യയുടെ പോരാട്ടം തുടങ്ങി. പിന്നീട് മോഡ്രിച്ചിന്റെ ജീവിത്തിൽ പൊട്ടിച്ചിരികൾക്ക് പകരം ഷെല്ലുകളുടെ ശബ്ദം മാത്രമായി. മോഡ്രിചി വിട്ട് ഓടിപ്പോകണമെന്ന് സെർബിയൻ സൈന്യം നിരന്തരം എല്ലാവരേയും ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. എന്നാൽ, ജനിച്ച നാടും വീടും വിട്ട് അഭയാർത്ഥികളാകാൻ ലൂക്കയുടെ കുടുംബം തയ്യാറായിരുന്നില്ല.

മോഡ്രിച്ചിയിലെ പഴയ വീട് സന്ദർശിച്ചപ്പോൾ | Photo: x

ഒരു ദിവസം വെളുപ്പിന് സെർബിയൻ സൈന്യത്തെ വെല്ലുവിളിച്ച് ആളുകളൊഴിഞ്ഞുപോയ മോഡ്രിച്ചിയിലൂടെ മുത്തച്ഛനും അഞ്ച് സുഹൃത്തുക്കളും ചേർന്ന് ആടു മേയ്ക്കാനിറങ്ങി. 1991 ഡിസംബർ 18-നായിരുന്നു ഇത്. ഈ വെല്ലുവിളിയിൽ അപമാനിതരായ ജെ.എൻ.എയെന്ന സെബിയൻ സൈന്യം ലൂക്ക മോഡ്രിച്ചിന്റെ വീടാക്രമിച്ച് മുത്തച്ഛനെ വെടിവെച്ച് കൊന്നു, വീടിന് തീയിട്ടു. അന്ന് ഗ്രാമത്തിലുള്ള നിരവധി പേരെ സെർബിയൻ സേന വധിച്ചു.

തുടർന്ന് ആറു വയസ്സുകാരൻ മകനുമായി സ്‌റ്റൈപ്പും റഡോയ്ക്കയും അന്നു രാത്രി തന്നെ ഗ്രാമത്തിൽനിന്ന് പലായനം ചെയ്തു. രാത്രിയുടെ ഇരുട്ടിനെയും ഡിസംബറിന്റെ മരംകോച്ചുന്ന തണുപ്പിനെയും വകഞ്ഞുമാറ്റി അച്ഛനും അമ്മയ്ക്കുമൊപ്പം പ്രാണൻ കൈയിൽ പിടിച്ച് ഓടുമ്പോൾ പിറകിൽ കത്തിയമരുന്ന വീടിനെ കുഞ്ഞു ലൂക്ക വേദനയോടെ തിരിഞ്ഞുനോക്കി. തെരുവിൽ സെർബിയൻ സൈന്യം വളഞ്ഞിട്ടുപിടിച്ച് വെടിവെച്ചുകൊന്ന മുത്തച്ഛന്റെ അലർച്ച നേർത്തു നേർത്തു വരുന്നത് അവനറിഞ്ഞു. അന്ന് ആ ഓട്ടത്തിനിടയിൽ മുത്തച്ഛന്റെ ലൂക്ക മോഡ്രിച്ചെന്ന പേരു മാത്രമായിരുന്നു അവന്റെ കൂടെയുണ്ടായിരുന്നത്.

അടുത്ത ദിവസമാണ് അവർ ഓടിത്തളർന്ന് കൊച്ചു തീരപ്രദേശമായ സദറിലെത്തുന്നത്. അവിടെ ഹോട്ടൽ ഇസിലെ താത്കാലിക ക്യാമ്പിൽ കയറിപ്പറ്റി. ദിവസങ്ങളോളം വെള്ളവും വൈദ്യുതിയുമൊന്നുമില്ലാതെ ഒരു കുഞ്ഞു ഷെഡ്ഡിൽ കഷ്ടപ്പെട്ടു കഴിഞ്ഞു. ക്രൊയേഷ്യൻ സൈനികർക്കു വേണ്ടിയുള്ള വാഹനങ്ങളുടെ സ്‌പെയർ പാർട്‌സുകൾ ഉണ്ടാക്കുന്ന ഫാക്ടറിയിൽ മെക്കാനിക്കായി സ്‌റ്റൈപ്പും ഒരു ടെക്‌സ്‌റ്റൈൽ കമ്പനിയിൽ ജോലി ചെയ്ത് റഡോയ്ക്കയും കുടുംബം പുലർത്തി. എന്നാൽ, ജീവിതം മാത്രമല്ല, കുഞ്ഞു ലൂക്കയ്ക്ക് ഫുട്‌ബോൾ പരിശീലനവും അത്ര എളുപ്പമായിരുന്നില്ല.

ഗ്രനേഡുകളുടെയും ബുള്ളറ്റുകളുടെയും കാതടപ്പിക്കുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലിലെ കാർ പാർക്കിങ്ങിൽ പൊട്ടിയ പന്തുപയോഗിച്ചായിരുന്നു കുഞ്ഞു ലൂക്കയുടെയും കൂട്ടുകാരുടെയും കളി. വഴിയിൽ കുഴിച്ചിട്ട മൈനുകൾ ചവിട്ടാതെ നോക്കുക എന്നത് വലിയൊരു സാഹസമായിരുന്നു. ദൂരെ എവിടെയെിങ്കിലും വെടിയൊച്ചയോ ഗ്രനേഡിന്റെ ശബ്ദമോ കേട്ടാൽ ഓടി വീട്ടിൽ കയറണമെന്നായിരുന്നു അച്ഛന്റെ ഉപദേശം.

1991- ജൂണിൽ ക്രൊയേഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ലൂക്കയുടെ ജീവിതത്തിലും വെളിച്ചം വന്നു. തൊട്ടടുത്ത വർഷം അമ്മാവന്റെ സഹായത്തോടെ അവൻ സ്‌കൂളിലും ഒപ്പം ഫുട്‌ബോൾ കോച്ചിങ്ങിനും പോകാൻ തുടങ്ങി. പതുക്കെപ്പതുക്കെ അവൻ നാട്ടുകാരനായ സോനിമിർ ബോബന്റേയും ഇറ്റാലിയൻ താരമായ ഫ്രാൻസിസ്‌കോ ടോട്ടിയുടേയും ആരാധകനായി. പിന്നീട് അവന്റെ മനസ്സുനിറയെ അവരെപ്പോലെ കളിക്കണം എന്ന ചിന്ത മാത്രമേയുണ്ടായുള്ളു.

ടോമിസ്ലാവ് ബാസിച്ചെന്ന 'സ്‌പോർട്ടിങ് ഫാദർ'

മെലിഞ്ഞ്, ഉയരം കുറഞ്ഞ, നാണംകുണുങ്ങിയായ ഒരു പയ്യനായിരുന്നു കുഞ്ഞു ലൂക്ക. ഓരോ ക്ലബ്ബിന്റേയും ട്രയൽസിന് പോകുമ്പോഴും അവൻ നിഷ്‌കരുണം തഴയപ്പെട്ടു. പല കോച്ചുമാരും അവനെ ടീമിലെടുക്കാൻ മടിച്ചു. ക്രൊയേഷ്യൻ ക്ലബ്ബ് ഹാദ്ജക് സ്പിൽറ്റിന്റെ പരിശീലകന്റെ പരിഹാസം കേട്ട്് അവന്റെ കുഞ്ഞുകണ്ണുകൾ നിറഞ്ഞൊഴുകി. ഗ്രൗണ്ടിൽ നിന്ന് നിരാശയോടെ തല താഴ്ത്തി നടന്ന ലൂക്കയെ കാത്ത് രണ്ട് പേർ ടച്ച് ലൈനിനരികിൽ നിൽപുണ്ടായിരുന്നു.

എൻ.കെ സദറെന്ന യൂത്ത് ക്ലബ്ബിന്റെ പരിശീലകൻ ടോമിസ്ലാവ് ബാസിച്ചും ചെയർമാൻ ജോസപ് ബാജ്യോയും. അവർ അവന്റെ കണ്ണീരൊപ്പി. അവന്റെ ഉയക്കുറവല്ല, മറിച്ച് അവന്റെ കളിയഴകായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. പിൽക്കാലത്ത് ബാസിച്ചിനെ തന്റെ സ്പോർട്ടിങ് ഫാദറെന്നാണ് മോഡ്രിച്ച് ഒരു അഭിമുഖത്തിനിടയിൽ വിശേഷിപ്പിച്ചത്.

ജോസപ് ബാജ്യോട് മോഡ്രിച്ചിനെ കുറിച്ച് ചോദിച്ചാൽ ഉത്തരം ഇങ്ങനെയാണ് 'ഒരു തലമുറയുടെ ബിംബമാണ് മോഡ്രിച്ച്, അവരുടെ നായകൻ, സ്‌നേഹഭാജനം'. അന്ന് ആ പത്തുവയസ്സുകാരന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ പ്രത്യാക്ഷയുടെ വെളിച്ചം കത്തിച്ചപ്പോൾ തന്നെ ഇരുവർക്കും അവൻ നാളെയുടെ താരമെന്ന് അറിയാമായിരുന്നു.

ടോമിസ്ലാവ് ബാസിച്ചിനൊപ്പം | Photo: X

സദറിലെ ആ കുഞ്ഞു ഫ്ളാറ്റ്

ബാസിച്ചിന് കീഴിൽ പ്രൊഫഷണൽ ഫുട്ബോളിന്റെ ആദ്യ പാഠങ്ങൾ പഠിച്ച മോഡ്രിച്ച് 2001ന്റെ അവസാനം ഡൈനാമോ സാഗ്രെബിലേക്ക് മാറി. ഡൈനോമോയിൽ ഒരു വർഷം മാത്രം കളിച്ച മോഡ്രിച്ച് അവിടെനിന്ന് യാത്ര തിരിക്കുമ്പോൾ കൈയിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരമുണ്ടായിരുന്നു. ആ പുരസ്‌കാരവുമായാണ് പതിനെട്ടുകാരൻ ബോസ്നിയൻ ക്ലബ്ബിന്റെ പടി ചവിട്ടിയത്. അവിടെ നിന്ന് ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിലേക്ക്. ഒടുവിൽ ഇന്റർ സാപ്റെസികിനെ ക്രൊയേഷ്യൻ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിച്ച ലൂക്കാ മോഡ്രിച്ചിനെ കാത്തിരുന്നത് ദിനാമോ സാഗ്രെബിന്റെ പത്ത് വർഷത്തേക്കുള്ള കരാറും ഒരു ഫ്ളാറ്റ് വാങ്ങാനുള്ള പൈസയുമായിരുന്നു. അങ്ങനെ വീടും നാടും നഷ്ടപ്പെട്ട മോഡ്രിച്ച് ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങി. സദറിൽ ഒരു കുഞ്ഞു ഫ്ളാറ്റ് അച്ഛനും അമ്മയ്ക്കും സമ്മാനിച്ചായിരുന്നു ആ തുടക്കം.

ദിനാമോ സാഗ്രെബിൽ ബ്രസീൽ വംശജനായ എഡ്വാർഡോ ഡാ സിൽവയുമായി ചേർന്നായിരുന്നു മോഡ്രിച്ചിന്റെ പ്ലേ മേക്കിങ്. എന്നാൽ 2006-ൽ ഡാ സിൽവ ആഴ്സണലിലേക്ക് പോയതോടെ മോഡ്രിച്ച് ഒറ്റയാൾ പട്ടാളമായി. പിന്നാലെ ഡിഫൻഡർ വെട്രൻ കൊർലൂക്ക മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയി. എന്നാൽ ബാഴ്സലോണയിൽ നിന്നും ആഴ്സണലിൽ നിന്നുമുള്ള വാഗ്ദ്ധാനങ്ങൾ നിരസിച്ച് മോഡ്രിച്ച് ടീമിനൊപ്പം തന്നെ നിന്നു. മോഡ്രിച്ചിന്റെ ആ തീരുമാനം തെറ്റിയില്ല. ലീഗിൽ രണ്ട് കിരീടങ്ങളുമായാണ് ദിനാമോ സീസൺ അവസാനിപ്പിച്ചത്.

ഇംഗ്ലീഷ് ഫുട്ബോളിന്റെ കളിമുറ്റത്തേക്ക്

2008-ൽ ക്രൊയേഷ്യ വിട്ട് മോഡ്രിച്ച് ലണ്ടനിലേക്ക് വിമാനം കയറി. ടോട്ടൻഹാമുമായുള്ള ആറു വർഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെയായിരുന്നു ഇത്. അന്ന് 23-കാരന് ലഭിച്ച പ്രതിഫലം 160 കോടി രൂപയാണ്. 1.71 മീറ്റർ ഉയരവും 60 കിലോയോളം ഭാരവുമുള്ള മോഡ്രിച്ചിനെ ലെയ്റ്റ്വെയ്റ്റ് എന്ന വിളിപ്പേര് ലഭിക്കാൻ കാലതാമസമുണ്ടായില്ല. ഹാരി റെഡ്നാപ്പ് ടോട്ടനത്തിന്റെ പരിശീലകനായെത്തിയതോടെ ക്രൊയേഷ്യൻ താരത്തിന്റെ കാൽവിരുത് ആരാധകർ കാണാൻ തുടങ്ങി. ആദ്യം സൂപ്പർ സ്റ്റാറെന്ന പരിവേഷം ക്രൊയേഷ്യൻ താരത്തിൽനിന്ന് എടുത്തുകളയുകയാണ് റെഡ്നാപ്പ് ചെയ്തത്. പിന്നീട് മോഡ്രിച്ചിന് ചുറ്റുമായി ഒരു ടീമിനെ പണിതെടുത്തു.

2010-11 സീസണിൽ ടോട്ടനം ലീഗിൽ അഞ്ചാമതെത്തിയപ്പോൾ ഏറ്റവും കൂടുതൽ പാസുകൾ വന്നത് മോഡ്രിച്ചിന്റെ കാലിൽനിന്നായിരുന്നു. 87.4% കൃത്യതയായിരുന്നു ഈ പാസുകൾക്ക്. പിന്നാലം ചെൽസിയുടെ ഓഫറുമെത്തി, ആദ്യം 213 കോടി രൂപയും പിന്നീട് 262 കോടി രൂപയും ചെൽസി ഓഫർ വെച്ചു. ഇതോടെ മോഡ്രിച്ച് നീലക്കുപ്പായത്തിൽ കളിക്കുമെന്ന അഭ്യൂഹം ശക്തമായി. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തിൽ മോഡ്രിച്ചിനെ ടോട്ടനം കളത്തിലിറക്കിയില്ല. ക്ലബ്ബ് മൗനം തുടർന്നതോടെ 388 കോടിയിലേക്ക് ചെൽസി ഓഫർ ഉയർത്തി.

388 കോടിയുടെ ഓഫറുപേക്ഷിച്ച് റയലിലേക്ക്

291 കോടി രൂപയ്ക്ക് മൗറീന്യോയുടെ റയലിലേക്ക് മോഡ്രിച്ച് കളിമാറ്റിയ ആ രാവിൽ ടോട്ടനത്തിന്റെ കോച്ച് റെഡ്നാപ്പ് പറഞ്ഞത് ഇങ്ങനെയാണ് 'എല്ലാവരേയും അദ്ഭുതപ്പെടുത്ത ഫുട്ബോൾ താരമാണ് അവൻ. ബൂട്ടിൽ ഒരു കഥയൊളിപ്പിച്ചവൻ. എതിരാളികൾ ചുറ്റുംകൂടി നിൽക്കെ ഈ കുഞ്ഞുമനുഷ്യൻ അവരെയെല്ലാം വെട്ടിയൊഴിഞ്ഞ് പന്തുമായി കുതിക്കുന്നത് കാണാൻ എന്ത് മനോഹരമാണ്. ലോകത്തെ ഏതു ടീമിലും അവന് കളിക്കാം'. പ്രീ സീസൺ കളിക്കാത്തതും റയലിൽ കളിക്കാൻ പോകുന്നതിന്റെ തർച്ചയുമെല്ലാം മോഡ്രിച്ചിനുണ്ടായിരുന്നു.

ഇതോടെ സാന്റിയാഗോ ബെർണാബ്യൂവിൽ അരങ്ങേറ്റത്തിനായി താരത്തിന് സൈഡ് ബെഞ്ചിൽ കാത്തിരിപ്പ് തുടരേണ്ടി വന്നു. എന്നാൽ 2013-ൽ കാർലോ ആഞ്ചലോട്ട് പരിശീലകനായെത്തിയതോടെ മോഡ്രിച്ചിന്റെ തലവര തെളിഞ്ഞു. സെൻട്രൽ മിഡ്ഫീൽഡിൽ സാവി അലോൺസോയുമായുള്ള മോഡ്രിച്ചിന്റെ കെമിസ്ട്രി കൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്.

2012-14 സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടവും കോപ്പ ഡെൽ റേയും റയലിന്റെ ഷെൽഫിലെത്തിയപ്പോൾ അതിലൊരു പങ്ക് മോഡ്രിച്ചിനും അവകാശപ്പെട്ടതായിരുന്നു. 597 മത്സരങ്ങളിൽ 43 ഗോളുകളടിച്ച മോഡ്രിച്ച് 89 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും നാല് ലാ ലിഗ കിരീടത്തിലും രണ്ട് കോപ്പ ഡെൽ റേയിലും റയലിന്റെ വിജയത്തിനൊപ്പം മോഡ്രിച്ച് പങ്കാളിയായി.

കുടുംബത്തോടൊപ്പം | Photo: X

ലുഷ്നിക്കി സ്റ്റേഡിയത്തിൽ അന്ന് പെയ്ത മഴ

റഷ്യയിൽ ക്രൊയേഷ്യക്ക് ലോകകപ്പ് എന്ന സ്വപ്നം പൂർത്തിയാക്കാനായില്ല. ചുവപ്പും വെളുപ്പും ചതുക്കളങ്ങളുള്ള ജഴ്സിയണിഞ്ഞ് ക്രൊയേഷ്യ കളത്തിലേക്കിറങ്ങിയെങ്കിലും ഫ്രാൻസിന്റെ ചതുരംഗക്കളിയിൽ അവർക്ക് അടിതെറ്റി. പക്ഷേ ഒരൊറ്റ ക്രൊയേഷ്യക്കാരനും തല തലകുനിച്ചില്ല. ഹൃദയം വിജയിച്ചവരുടെ പുഞ്ചിരി അവരുടെ മുഖത്തുണ്ടായിരുന്നു. അന്ന് ക്രൊയേഷ്യൻ നായകനായിരുന്ന മോഡ്രിച്ച് പറഞ്ഞത് ഇങ്ങനെയാണ് ' ഞങ്ങൾ ലോകം കീഴടക്കിയിരിക്കുന്നു. പുതുതലമുറക്ക് പ്രചോദനം നൽകിയാണ് ഞങ്ങൾ മടങ്ങുന്നത്. ഫ്രാൻസിന് അഭിനന്ദനങ്ങൾ.' 

അന്ന് പെയ്ത മഴക്കും കണ്ണീരിനിടയിലും മോഡ്രിച്ചിന്റെ വാക്കുകൾ ഇടറിയില്ല. കാരണം ഇതുവരെ ലോകകപ്പിന്റെ ഫൈനൽ കാണാത്ത ക്രൊയേഷ്യക്ക് ചരിത്രനിമിഷം സമ്മാനിച്ച ടീമിനെയാണ് മോഡ്രിച്ച് നയിച്ചത്. 1998-ൽ ഇതിഹാസ താരമായ ഡെവർ സുകേറിന്റെ കുതിപ്പ് സെമിയിലവസാനിച്ചുവെങ്കിൽ 12 വർഷം ക്രൊയേഷ്യയുടെ ജഴ്സിയണിഞ്ഞ മോഡ്രിച്ച് ഫൈനൽ വരെ ടീമിനെ നയിച്ചു. അതും വെറുതെയല്ല, 87% പാസ് കൃത്യതയോടെ ഏഴു മത്സരങ്ങളിലായി 72.3 കിലോമീറ്ററാണ് ഓടിയത്. ഓരോ മത്സരത്തിലുമുള്ള ഡ്രിബ്ളിങ്ങിന്റെ എണ്ണമെടുത്താൽ അതിലും ഒന്നാമൻ. റഷ്യയിലെ ഏറ്റവും മികച്ച താരത്തിനുള്ള ട്രോഫി വാങ്ങി മാസങ്ങൾക്കുള്ളിൽ ഫിഫയുടെ മികച്ച താരത്തിനുള്ള ട്രോഫിയും മോഡ്രിച്ചിന്റെ കൈയിലെത്തി. അതും വർഷങ്ങളായി ക്രിസ്റ്റിയാനോയും മെസ്സിയും കൈയടക്കിവെച്ചിരുന്ന ഒരു ട്രോഫി.

പ്രായം തളർത്താത്ത പോരാളി

റഷ്യയിൽ നിന്ന് നാല് വർഷങ്ങൾക്കിപ്പുറം ഖത്തറിലെത്തിയപ്പോഴേക്കും മോഡ്രിച്ചിന് 37 വയസ് പിന്നിട്ടിരുന്നു. കണ്ടാൽ ശോശിച്ചതു പോലെയുള്ള ശരീരവുമായി ഫിസിക്കൽ ഗെയിം കൂടിയായ ഫുട്ബോൾ മോഡ്രിച്ച് എങ്ങനെ കളിക്കും എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാൽ ആ സംശയങ്ങളെല്ലാം കാറ്റിൽപറത്തി ഖത്തറിലും ക്രൊയേഷ്യയുടെ സുവർണതാരമായി അദ്ദേഹം. ക്രൊയേഷ്യയുടെ മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും മോഡ്രിച്ചിനെ കണ്ടു. കളിക്കളത്തിലെ അധ്വാനവും കളി മെനയലും തന്നെ വിട്ടുപോയിട്ടില്ലെന്ന് മോഡ്രിച്ച് ആരാധകരെ ഓർമിപ്പിക്കുന്നതുകൂടിയായിരുന്നു ഈ ലോകകപ്പ്.

ക്രൊയേഷ്യ ഈ ലോകകപ്പിൽ ആകെ കളിച്ച 610 മിനിറ്റുകളിൽ 566 മിനിറ്റുകളും കോച്ച് സ്ലാറ്റ്കോ ഡാലിച്ച് മോഡ്രിച്ചിനെ മധ്യനിര നിയന്ത്രിക്കാൻ നിയോഗിച്ചു. ക്വാർട്ടറിൽ ബ്രസീലിനെതിരേ 120 മിനിറ്റും അദ്ദേഹം കളത്തിലുണ്ടായിരുന്നു. മൊറോക്കോയെ ഗോൾരഹിത സമനിലയിൽ പിടിച്ച ഗ്രൂപ്പ് ഘട്ടത്തിലെ മത്സത്തിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവും മോഡ്രിച്ച് നേടി. എന്നാൽ സെമി ഫൈനലിൽ അർജന്റീനയോട് തോൽക്കാനായിരുന്നു വിധി. ലോകകപ്പ് നേട്ടത്തിലൂടെ ലയണൽ മെസ്സി തന്റെ കരിയർ പൂർണതയിലെത്തിച്ചപ്പോൾ മോഡ്രിച്ചിന് അവിടേയും നിരാശകനേണ്ടി വന്നു.

നാല് വർഷങ്ങൾക്കിപ്പുറം 2026-ൽ എത്തിയപ്പോൾ കുറച്ചകൂടി നേരത്തെ മടങ്ങാനായിരുന്നു ക്രൊയേഷ്യയുടെ വിധി. അവസാന 16 ടീമുകളുടെ പട്ടികയിൽ ഇടം നേടാൻ അവർക്കായില്ല. ഇതോടെ ഫുട്‌ബോളിലെ മനോഹരമായ ഒരു കാലത്തിന് കൂടി തിരശ്ശീല വീണു. എന്നെന്നും ഓർമിക്കാവുന്ന കളിയഴക് സമ്മാനിച്ച മോഡ്രിച്ചിന്റെ കാലം.

Content Highlights: Modric's survival story from war-torn Croatia to global icon., His transition from Dinamo Zagreb to Tottenham and Real Madrid dominance., The 2026 exit mark the end of a historic two-decade international career., A summary of his six Champions League titles and individual accolades., His legacy as a symbol of resilience for the next generation of players.