MS ദ്വയം വീണ്ടും; മെസിക്കൊപ്പം സുവാരസും ഇന്റര്‍മിയാമിയില്‍, സൈനിങ് പൂര്‍ത്തിയായി

Photo | AFP, twitter.com/FabrizioRomano
Photo | AFP, twitter.com/FabrizioRomano

ന്യൂയോര്‍ക്ക്: ലയണല്‍ മെസിയും ലൂയിസ് സുവാരസും വീണ്ടും ഒരേ ടീമില്‍ ഒന്നിക്കുന്നു. സുവാരസുമായി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമി സൈനിങ് പൂര്‍ത്തിയാക്കി. മേജര്‍ ലീഗ് സോക്കറില്‍ 2024 അവസാനംവരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രീ ട്രാന്‍സ്ഫറായാണ് താരത്തെ ടീമിലെത്തിച്ചത്. 

'ഇന്റര്‍ മിയാമിയുടെ സ്വപ്‌നങ്ങളിലേക്ക് ലൂയിസ് സുവാരസിന് സ്വാഗതം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനേക്കാള്‍ സുന്ദരമായ ഒന്നില്ല', ഇന്റര്‍മിയാമി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഇന്റര്‍മിയാമിയോടൊപ്പം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സുവാരസും മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കി. 

നേരത്തേ ബ്രസീല്‍ ക്ലബായ ഗ്രെമിയോയിലായിരുന്നു സുവാരസ് കളിച്ചിരുന്നത്. ടീമില്‍നിന്ന് 37-കാരനായ താരം വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് ഫ്രീ ട്രാന്‍സ്ഫറില്‍ ഇന്റര്‍മിയാമിയിലേക്കുള്ള കളംമാറ്റം. പോര്‍ട്ടോ അലെഗ്ര ക്ലബിനായി 53 മത്സരങ്ങളില്‍നിന്ന് 26 ഗോളുകളാണ് സുവാരസിന്റെ സമ്പാദ്യം. ബ്രസീല്‍ സീരി എയിലെ മികച്ച കളിക്കാരനുള്ള 2023-ലെ ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് നേടിയതും സുവാരസാണ്. 

ഇതോടെ നേരത്തേ ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിച്ച മെസി, സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരെ ഒരുമിച്ച് വീണ്ടും ഇന്റര്‍മിയാമിയില്‍ കാണാനാകും. ലാലിഗ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടങ്ങളില്‍ ബാഴ്‌സയ്‌ക്കൊപ്പം ഒരുമിച്ചുണ്ടായിരുന്നവരാണിവര്‍. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം ഇന്റര്‍മിയാമി ക്ലബിന്റെ സഹ ഉടമസ്ഥനാണ്. ഫെബ്രുവരി 21-ന് റിയല്‍ സാള്‍ട്ട്‌ലേക്കിനെതിരെയുള്ള ഹോം മാച്ചോടെയാണ് എം.എല്‍.എസ്. 2024 കാമ്പയിന്‍ ആരംഭിക്കുക.
 

Content Highlights: luis suarez joined inter miami, lionel messi