പോര്‍ച്ചുഗീസ് യുവതാരം കാര്‍വാലോയെ സ്വന്തമാക്കി ലിവര്‍പൂള്‍

Photo: twitter.com/FulhamFC
Photo: twitter.com/FulhamFC

ലിവര്‍പൂള്‍: അടുത്ത സീസണിന് മുന്നോടിയായി പോര്‍ച്ചുഗലിന്റെ യുവതാരം ഫാബിയോ കാര്‍വാലോയെ സ്വന്തമാക്കി ലിവര്‍പൂള്‍. ഫുള്‍ഹാമില്‍ നിന്നാണ് കാര്‍വാലോ ആന്‍ഫീല്‍ഡിലെത്തുന്നത്. 

19 കാരനായ കാര്‍വാലോ മുന്നേറ്റതാരമാണ്. ജൂലായ് ഒന്നുമുതല്‍ താരം ലിവര്‍പൂളിനായി പന്തുതട്ടും. രണ്ടാം ഡിവിഷനില്‍ ഫുള്‍ഹാമിന് വേണ്ടി മികച്ച പ്രകടനമാണ് കാര്‍വാലോ കാഴ്ചവെച്ചത്. 36 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടാന്‍ താരത്തിന് കഴിഞ്ഞു. കാര്‍വാലോയുടെ മികവില്‍ ഫുള്‍ഹാം കിരീടം നേടി. അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരവും നേടിയെടുത്തു. 

പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നുള്ള കാര്‍വാലോ ദേശീയ അണ്ടര്‍ 21 ടീമിലംഗമാണ്. ദേശീയ ടീമിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് താരം ഫുള്‍ഹാമിലെത്തിയത്. ഫുള്‍ഹാമിനായി കാര്‍വാലോ 44 മത്സരങ്ങളില്‍ പന്തുതട്ടി. 

2021-2022 സീസണ്‍ അവസാനിച്ചപ്പോള്‍ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനമാണ് നേടിയെടുത്തത്. മാഞ്ചെസ്റ്റര്‍ സിറ്റിയാണ് കിരീടം നേടിയത്.

Content Highlights: Fabio Carvalho, liverpool fc, Fulham, english premier league, football transfer news, football