യുണൈറ്റഡിന് തിരിച്ചടി, ഡാര്‍വിന്‍ ന്യൂനസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ലിവര്‍പൂള്‍

ലിവര്‍പൂള്‍: ബെന്‍ഫിക്കയുടെ യുറുഗ്വായ് സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍. 100 മില്യണ്‍ യൂറോ (ഏകദേശം 782 കോടി രൂപ) മുടക്കിയാണ് ന്യൂനസിനെ ലിവര്‍പൂള്‍ റാഞ്ചിയത്.
ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന റെക്കോഡ് ന്യൂനസ് സ്വന്തമാക്കും. നിലവില്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്കാണ് ടീമിലെ ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന താരം. വാന്‍ ഡൈക്കിനെ 75 മില്യണ്‍ യൂറോ (582 കോടി രൂപ) മുടക്കിയാണ് ലിവര്‍പൂള്‍ ടീമിലെത്തിച്ചത്. ന്യൂനസ് ടീമിലെത്തുന്നതോടെ ഈ റെക്കോഡ് പഴങ്കഥയാകും.
22 കാരനായ ന്യൂനസ് ബെന്‍ഫിക്കയില്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. മുന്നേറ്റതാരമായ ന്യൂനസിനെ സ്വന്തമാക്കിയ വാര്‍ത്ത ലിവര്‍പൂള്‍ ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തുവിടും. അഞ്ചുവര്‍ഷത്തെ കരാറിലാണ് ന്യൂനസ് ലിവര്‍പൂളിലെത്തുന്നത്.
സൂപ്പര്‍ താരം സാദിയോ മാനെ അടുത്ത സീസണില്‍ ലിവര്‍പൂള്‍ വിടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ മാനെയ്ക്ക് പകരം മികച്ച ഒരു സ്‌ട്രൈക്കറെ ലിവര്‍പൂള്‍ മാനേജര്‍ യര്‍ഗന്‍ ക്ലോപ്പ് തേടുകയായിരുന്നു. മാനെ ബയേണ്‍ മ്യൂണിലേക്ക് ചേക്കേറുമെന്ന അഭ്യൂഹമുണ്ട്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ ആഗ്രഹിച്ച താരമായിരുന്നു ന്യൂനസ്. ന്യൂനസിനെ ഉടന്‍ ടീമിലെത്തിക്കുമെന്ന് യുണൈറ്റഡ് ആരാധകര്‍ കരുതിയെങ്കിലും ലിവര്‍പൂള്‍ അത് തകര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാമെന്ന ബലത്തിലാണ് ന്യൂനസ് ലിവര്‍പൂളിലേക്ക് ചേക്കേറുന്നത്. യുണൈറ്റഡിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ല.
ബെന്‍ഫിക്കയ്ക്ക് വേണ്ടി 2020 സെപ്റ്റംബര്‍ മുതല്‍ പന്തുതട്ടുന്ന ന്യൂനസ് 85 മത്സരങ്ങളില്‍ നിന്നായി 48 ഗോളുകള്‍ നേടി. ലിവര്‍പൂള്‍ അഞ്ചുമാസത്തിനിടയില്‍ ടീമിലെത്തിക്കുന്ന രണ്ടാമത്തെ സൗത്ത് അമേരിക്കന്‍ താരമാണ് ന്യൂനസ്. നേരത്തേ പോര്‍ട്ടോയില്‍ നിന്ന് മുന്നേറ്റതാരം ലൂയിസ് ഡയസിനെ ചെമ്പട ആന്‍ഫീല്‍ഡില്‍ എത്തിച്ചിരുന്നു.
Content Highlights: darwin nunez, darwin nunez to liverpool, benfica, manchester united new signings, epl new sigings