ഇതാ മുന്നിൽ മഹേന്ദ്രജാലം; കയറിപ്പോവുമ്പോൾ ഞങ്ങളോടു കൈകളുയർത്തി നന്ദിപറഞ്ഞു

#കൻസാസ് സിറ്റിയിൽ നിന്ന് ഹരിലാൽ രാജഗോപാൽ
ലയണൽ മെസ്സി | AP/PTI
ലയണൽ മെസ്സി | AP/PTI

ഒരാളെ കാണാനാണു പോയത്, ഒരാളെമാത്രം കാണാൻ. ഞാൻ മാത്രമല്ല, കാൻസസ് സിറ്റി ആരോഹെഡ് വേദിയിലെ ചുവന്ന ഇരിപ്പിടങ്ങളുടെ തീജ്ജ്വാലയെ നീലയിൽമുക്കിയ ആ ആരാധകസംഘമപ്പടിയും. പിങ്കുനിറമുള്ള ബൂട്ടുകൾ കെട്ടിയ പട്ടാളത്തെ നയിച്ച് വെള്ളബൂട്ടിട്ട് അയാൾ ഇറങ്ങിയപ്പോൾ ആളുകൾ അലറിവിളിച്ചു മെസ്സി... മെസ്സി... മെസ്സി...

ഇതാ ലോകത്തെ ഏറ്റവും മികച്ച കാൽപ്പന്തുകളിക്കാരൻ കണ്ണിനുമുന്നിൽ...! സത്യമാണോ! അതെ, സത്യം. കാണാമറയത്തുനിന്ന് പ്രത്യക്ഷപ്പെട്ട് കാണാക്കോണുകളിലേക്ക് പന്തുതൊടുക്കുന്ന ഇന്ദ്രജാലക്കാരൻ. തന്നെമാത്രം കാണാനെത്തിയ പതിനായിരങ്ങൾക്ക് അദ്ദേഹം ഒരു സമ്മാനം കരുതിവെച്ചു -ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്... അൽജീരിയയുടെ വലയിലേക്കു നിറയൊഴിച്ച ഒാരോ ഗോളും ഒാരോ പ്രഖ്യാപനമായിരുന്നു. ഇടങ്കാലിന്റെ കരുത്ത്, നിമിഷാർധത്തിലെ തികവ്... ഞാൻതന്നെയാണ് ഇപ്പോഴും ചക്രവർത്തി. അയാൾ ഉറക്കെ പ്രഖ്യാപിച്ചു. അതു ഞങ്ങൾ അദ്‌ഭുതത്തോടെ കണ്ടുനിന്നു. ജൂൺ 24-ന് മെസ്സിക്ക് മുപ്പത്തിയൊൻപത് വയസ്സു തികയും. പഴക്കമേറുമ്പോൾ വീര്യം കൂടുന്ന സിംഗിൾ മാൾട്ട്‌. ഒരോ കവിളിലും ലഹരിതരുന്ന കളിക്കാരൻ...

ഉച്ചമുതൽതന്നെ സ്റ്റേഡിയത്തിലേക്ക് അർജന്റീനക്കാർ ഒഴുകാൻ തുടങ്ങിയിരുന്നു. കാൻസസ് സിറ്റിയിലെ ഹോട്ടലുകളും ഡിപ്പാർട്ട്മെ‌ന്റ് സ്റ്റോറുകളും റോഡുകളും അവർ തലേന്നുതന്നെ കൈയടക്കി. ബ്ലോക്കു കാരണം മീഡിയ ബസിന് സ്‌റ്റേഡിയത്തിലേക്കു കടക്കാനായില്ല. പകുതിവഴിയിൽ ഇറങ്ങി മൈലുകൾ നടന്ന് സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിലെത്തിയത് കൃത്യസമയത്താണ്.

ഒാപ്പൺ സ്റ്റേഡിയത്തിൽ വിളക്കുകൾ തെളിഞ്ഞുതുടങ്ങിയില്ല. രാത്രി എട്ടുമണിക്കും നല്ല പകൽവെളിച്ചം. കടുത്ത നീലവാനം. ആകാശംപോലും അർജന്റീന. ആലസ്യമാർന്ന ഗർവോടെ ലോകചാമ്പ്യന്മാർ ഇറങ്ങിയപ്പോൾ സ്‌റ്റേഡിയം പ്രകമ്പനംകൊണ്ടു. ലോകത്തിലെ ഏറ്റവും ശബ്ദായമാനമായ സ്‌റ്റേഡിയത്തിനുള്ള റെക്കോഡ് ആരോഹെഡിനാണ് എന്നു വായിച്ചത് വെറുതേയല്ല. ഒരോ തവണയും മെസ്സിയെത്തേടി പന്തുവരുമ്പോഴും കരയുകയും ചിരിക്കുകയും ചെയ്യുന്നവരെ അവിടെക്കണ്ടു, ഹിസ്റ്റീരിയതന്നെ...

ഒരോ ഗോളിനും കൈകൾ ചരിച്ചുവിടർത്തി ഒാടുമ്പോൾ ആ ചിറകടി പ്രതിധ്വനിച്ചത് സ്റ്റേഡിയത്തിലാണ്. മെസ്സി... മെസ്സി... മെസ്സി... ആകാശത്തേക്ക് കൈകൾചൂണ്ടി നന്ദിയറിയിക്കുമ്പോൾ വീണ്ടും ഇരമ്പം -മിശിഹ... മിശിഹ... ഹാട്രിക് തികച്ച് കളംവിട്ടു കയറിപ്പോവുമ്പോൾ അയാൾ ഞങ്ങളോടു കൈകളുയർത്തി നന്ദിപറഞ്ഞു. അതെനിക്കുള്ളതാണെന്ന് ഒരോരുത്തരും നിനച്ചു.

ലിയോ, നന്ദി ഞങ്ങളാണ് പറയേണ്ടത്‌. അവിസ്മരണീയമായ ഒരു ചരിത്രമുഹൂർത്തമൊരുക്കിയതിന്. അതിനു സാക്ഷിയാവാൻ അവസരം നൽകിയതിന്.

Content Highlights: Lionel Messi scores a historic hat-trick against Algeria in the 2026 World Cup., The match took place at Arrowhead Stadium, Kansas City, with a massive fan turnout., Messi celebrates his upcoming 39th birthday with a dominant performance., The atmosphere at Arrowhead Stadium was electric, living up to its reputation as the loudest stadium.