83-ാം മിനിറ്റിൽ മെസ്സിയുടെ വിജയഗോൾ, പിന്നിൽ നിന്ന് തിരിച്ചുവന്ന് മയാമി

#സ്പോർട്സ് ഡെസ്ക്
മയാമി താരങ്ങളുടെ ആഘോഷം | AP
മയാമി താരങ്ങളുടെ ആഘോഷം | AP

മയാമി: മുൻ അർജന്റീന നായകൻ ലയണൽ മെസ്സിയുടെ ഗോളിൽ മേജർ സോക്കർ ലീഗ് മത്സരത്തിൽ ജയം നേടി ഇന്റർ മയാമി. എംഎൽഎസ്സിൽ ന്യൂ ഇംഗ്ലണ്ടിനെയാണ് മയാമി കീഴടക്കിയത്. പിന്നിൽ നിന്ന് തിരിച്ചുവന്നാണ് മെസ്സിയും സംഘവും ജയിച്ചത്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ജയം.

മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. 53-ാം മിനിറ്റിൽ ന്യൂ ഇംഗ്ലണ്ട് മുന്നിലെത്തി. ഡാനിയേൽ ഗാസ്ഡാഗാണ് വലകുലുക്കിയത്. പിന്നീട് മുന്നേറ്റം ശക്തമാക്കി മെസ്സിയും സംഘവും ഗോളിനടുത്തെത്തി. ഒടുക്കം 69-ാം മിനിറ്റിൽ സമനിലഗോൾ കണ്ടെത്തി. മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ഹെഡറിലൂടെ ജെർമൻ ബെർട്ടെറാമിയാണ് ഗോളടിച്ചത്. ഇരുടീമുകളും വിജയഗോളിനായി ആക്രമിച്ച് കളിച്ചു.

ഒടുക്കം 83-ാം മിനിറ്റിൽ മയാമിയുടെ ഗോളെത്തി. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് ന്യൂ ഇംഗ്ലണ്ട് താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറിയ മെസ്സി തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. തിരിച്ചടിക്കാൻ ന്യൂ ഇംഗ്ലണ്ട് ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചു.

87-ാം മിനിറ്റിൽ മയാമിയുടെ വലയിൽ പന്തെത്തി. ക്രോസ്സ് പ്രതിരോധിക്കാൻ ശ്രമിക്കവേ മയാമി പ്രതിരോധതാരം ഇയാൻ ഫ്രേക്ക് പിഴച്ചു. അബദ്ധത്തിൽ പന്ത് ഗോൾവര കടന്നു. എന്നാൽ ക്രോസ്സ് നൽകുന്നതിന് മുൻപ് ന്യൂ ഇംഗ്ലണ്ട് താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോൾ നിഷേധിച്ചു. പിന്നീട് ന്യൂ ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. അതോടെ 2-1 ന്റെ ജയവുമായി മയാമി മടങ്ങി.

Content Highlights: Inter Miami secured a 2-1 comeback win against New England in the MLS