അന്ന് തന്നെ ഈ കുറിപ്പ് എഴുതിയിരുന്നു, പ്രഖ്യാപനം വേഗത്തിലാക്കിയത് അച്ഛന്റെ മരണം

#സ്പോർട്സ് ഡെസ്ക്
ലയണൽ മെസ്സി
ലയണൽ മെസ്സി

ബ്യൂണസ് ഏറീസ്: നേരത്തെ അറിയാമായിരുന്നു. പക്ഷേ, എന്ന് എപ്പോൾ എന്നു മാത്രമേ ഫുട്‌ബോൾ ലോകത്തിന് അറിയാനുണ്ടായിരുന്നുള്ളൂ, ഫുട്‌ബോളിന്റെ ഒരേയൊരു മിശിഹ ലയണൽ മെസ്സിയുടെ വിരമിക്കലിനെ കുറിച്ചു. എന്നാൽ, ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഒട്ടും നിനയ്ക്കാത്ത നേരത്താണ് ആ പ്രഖ്യാപനം വന്നത്. അതും ഹൃദയം തൊടുന്ന ഒരു കുറിപ്പിനും വീഡിയോയ്ക്കുമൊപ്പം. മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്കുവേണ്ടി നാല് ഗോളടിച്ച് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചതിന് തൊട്ടുപിറകെ ഇങ്ങനെ ഒരു പ്രഖ്യാപനം ലോകം പ്രതീക്ഷിച്ചിരുന്നേയില്ല. ലോകകപ്പ് ഫൈനലിലെ ഞെട്ടുന്ന തോൽവിക്ക് തൊട്ടുപിറകെ മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അന്നതുണ്ടായില്ല. വരാനിരിക്കുന്ന കോപ്പ അമേരിക്കയ്ക്കുവേണ്ടി തീരുമാനം മാറ്റിയതാവാമെന്നായിരുന്നു പരക്കേ വിശ്വസിക്കപ്പെട്ടത്. ഇനിയൊരുപക്ഷേ, അടുത്ത ലോകകപ്പുകൂടി കളിച്ചേക്കുമെന്നുമുണ്ടായിരുന്നു ശ്രുതി. എന്നാൽ, ഈ കഥകളെയും സിദ്ധാന്തങ്ങളെയുമെല്ലാം ഒറ്റയടിക്ക് മലർത്തിയടിച്ചാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്.

എന്നാൽ, വിരമിക്കാൻ താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇപ്പോൾ പുറത്തുവന്ന കുറിപ്പ് നേരത്തെ തയ്യാറാക്കിവെച്ചിരുന്നുവെന്നും വിരമിക്കൽ കുറിപ്പിൽ മെസ്സി തന്നെ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് ഞെട്ടുന്ന തോൽവി ഏറ്റുവാങ്ങി രണ്ടാം നാൾ തന്നെ താൻ ആ തീരുമാനം കൈക്കൊണ്ടിരുന്നുവെന്നാണ് മെസ്സി പറഞ്ഞത്. അതായത് ജൂലായ് 22ന്. എന്നാൽ, എന്തുകൊണ്ട് അന്നാ തീരുമാനം പ്രഖ്യാപിച്ചില്ല എന്ന് മെസ്സി വെളിപ്പെടുത്തിയിട്ടില്ല. ഒരുപക്ഷേ, അന്ന് പ്രചരിച്ച കഥകൾ പോലെ സമ്മർദങ്ങൾ കരണം തീരുമാനം കോപ്പ വരെ നീട്ടിയതാവാം. എന്നാൽ, കുറിപ്പിൽ സൂചിപ്പിച്ചതുപോലെ എല്ലാം തകിടം മറിച്ചത് അച്ഛന്റെ മരണമാണ്. രണ്ടാഴ്ച മുൻപ് അച്ഛൻ ഹോർഹെ മെസ്സി മരിച്ചതോടെ ലിയോ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ഇതിനുശേഷമാണ് ഇനി അർജന്റീനയുടെ നീലവരയൻ കുപ്പായത്തിൽ തുടരേണ്ടതില്ലെന്ന തീരുമാനം െൈകാണ്ടത്.

ലോകകപ്പിനുശേഷമല്ല, ലോകകപ്പിനിടെ തന്നെ അച്ഛന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക മെസ്സിയെ വല്ലാതെ വേട്ടയാടിയിരുന്നു. അൾജീരിയക്കെതിരായ മത്സരത്തിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിന്ന മെസ്സിയെ കണ്ടപ്പോഴാണ് അച്ഛന്റെ രോഗവിവരം ലോകമറിഞ്ഞത്. ഈ ദു:ഖം ഉള്ളിലൊതുക്കിയാണ് ഫൈനൽ വരെ മെസ്സി കളിച്ചത്. ഫൈനലിന് തൊട്ടുമുൻപും ഈ സങ്കടം മെസ്സിയെ മാത്രമല്ല, ടീമിനെയാകെ ഉലച്ചിരുന്നുവെന്നാണ് അന്ന് പുറത്തുവന്ന വാർത്തകൾ. ഇതിൽ നിന്ന് മെസ്സിക്കോ ടീമിനോ പൂർണമായി കഴിഞ്ഞില്ല എന്നതിന് സ്‌പെയിനിനെതിരായ കലാശപ്പോരുതന്നെ സാക്ഷി. അതുവരെ കണ്ട അർജന്റീനയെയോ മെസ്സിയെയോ അല്ല ഫൈനലിൽ കണ്ടത്. ഒരൊറ്റ ഗോൾ തോൽവി വഴങ്ങി അവർ ലോകകിരീടം സ്‌പെയിനിന് മുന്നിൽ അടിയറവെച്ചു. അന്നും കരഞ്ഞുകലങ്ങിയ കണ്ണുമായാണ് മെസ്സിയെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ കണ്ടത്. ലോകകപ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അച്ഛൻ എന്നെന്നെക്കുമായി വിടപറയുകയും ചെയ്തു. ഇതുതന്നെയാണ് പെട്ടന്നുള്ള ഈ വിരമിക്കൽ പ്രഖ്യാപനത്തിന്റെ കാരണമെന്ന് മെസ്സി തന്നെ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നു.

ഇതാദ്യമായല്ല മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വരമിക്കൽ പ്രഖ്യാപിക്കുന്നത്. 2014 ലോകകപ്പ് ഫൈനലിൽ ജർമനിയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിൽ മെസ്സി വിരമിക്കലിന്റെ വക്കിലെത്തിയിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ ലോകകപ്പ് നഷ്ടമായതിന്റെ രോഷം അന്ന് ആരാധകർ തീർത്തത് മെസ്സിയിലായിരുന്നു. ഈ വേദന താങ്ങാനാവാതെ അന്ന് മെസ്സി വിരമിക്കുകയാണെന്ന ശ്രുതി പരന്നിരുന്നു. എന്നാൽ, വലിയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് മനംമാറ്റമുണ്ടായത്. പിന്നീട് കോപ്പ അമേരിക്കയുടെ ഫൈനലിലും സമാനമായ ദുർവിധി തേടിയെത്തിയപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചു. ഇതും പിന്നീട് ആരാധകരുടെയും അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെയും സമ്മർദത്തെ തുടർന്ന് പിൻവലിച്ചു. 2018ലെ ലോകകപ്പിലും ടീമിനെ നിച്ചു. അവിടെയും കാത്തിരുന്നത് നാണംകെട്ട തോൽവിയായിരുന്നു. പക്ഷേ, ഇതായിരുന്നു വഴിത്തിരിവ്. ടീമിന്റെ പരിശീലകനായി ലയണൽ സ്‌കളോണി വന്നതോടെ കഥയാകെ മാറി. മറ്റൊരു മെസ്സിയെ ലോകം കണ്ടു. മറ്റൊരു ചരിത്രത്തിന്റെ പിറവിയായി. വലിയ ഇടവേളയ്ക്കുശേഷം അർജന്റീന വീണ്ടും കോപ്പയിൽ ചാമ്പ്യന്മാർ. 2022ൽ ഖത്തറിൽ കാൽനൂറ്റാണ്ടിനുശേഷം വീണ്ടും ലോകചാമ്പ്യന്മാർ. മെസ്സി ഒരു താരത്തിന് നേടാവുന്നതെല്ലാം നേടിക്കഴിഞ്ഞു. പ്രതിഭയുടെ ഒരു വട്ടം അവിടെ പൂർണമായി. കോപ്പയിൽ വീണ്ടും വിജയം ആവർത്തിച്ചു. നാലു വർഷത്തിനുശേഷം മറ്റൊരു ലോകകിരീടം ചുണ്ടിനടുത്തെത്തുകയും ചെയ്തു. സ്‌പെയിൻ അത് തട്ടിത്തെറിപ്പിച്ചെങ്കിലും ഒരു കളിക്കാരൻ എന്ന നിലയിൽ മെസ്സിയുടെ പ്രതിഭയുടെ മൂല്യം കാൽപ്പണം കുറഞ്ഞില്ലെന്ന് ഈ ലോകകപ്പ് തന്നെ തെളിയിച്ചു. എട്ട് ഗോളാണ് മെസ്സിയുടെ ബൂട്ടിൽ നിന്നു പിറന്നത്. ഫൈനൽ വരെയുള്ള യാത്രയിൽ മെസ്സി മാത്രമായിരുന്നു അർജന്റീനയുടെ ജീവനാഡി. മെസ്സി ഫോമിൽ തന്നെയാണെന്ന് എം.എൽ.എസിനുവേണ്ടിയുള്ള കളികൾ സാക്ഷ്യപ്പെടുത്തുന്നു. ഇനിയൊരു കോപ്പയ്ക്കും ലോകകപ്പിന് തന്നെയും ബാല്യമുണ്ടെന്ന് സാരം. എന്നാൽ, ഇനി ഒരു പിൻമാറ്റമില്ലെന്ന് മെസ്സിയുടെ കുറിപ്പിൽ നിന്ന് വ്യക്തമാണ്. അച്ഛന്റെ മരണത്തെക്കുറിച്ചുള്ള പരാമർശം അടിവരയിടുന്നത് അതാണ്.

Content Highlights: Lionel Messi announced his retirement from international football., The decision was made shortly after the World Cup defeat against Spain., The passing of his father, Jorge Messi, accelerated the final announcement.