കിരീടം സിറ്റി കൊണ്ടുപോയെങ്കിലും ഗാര്‍ഡിയോളയേക്കാള്‍ മികച്ച പരിശീലകന്‍ ക്ലോപ്പാണ്

Photo: AP
Photo: AP

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2021-2022 സീസണിലെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപ്പിന്. ലീഗ് മാനേജര്‍ അസോസിയേഷന്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ക്ലോപ്പ് പുരസ്‌കാരത്തിന് അര്‍ഹനായത്. 

മാഞ്ചെസ്റ്റര്‍ സിറ്റിയെ കിരീടത്തിലേക്ക് നയിച്ച പെപ് ഗാര്‍ഡിയോളയുടെ വെല്ലുവിളി മറികടന്ന് ക്ലോപ്പ് മികച്ച പരിശീലകനായി. ലിവര്‍പൂള്‍ ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ് എത്തിയത്. അവസാന മത്സരം വരെ പോരാടിയാണ് ചെമ്പട രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്. 

ലിവര്‍പൂളിനെ സംബന്ധിച്ചിടത്തോളം ഈ സീസണ്‍ മികച്ചതാണ്. പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനത്തിനൊപ്പം എഫ്.എ കപ്പ് കിരീടം ടീം സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ഇടം നേടി. മേയ് 29 ന് പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ റയല്‍ മഡ്രിഡാണ് ലിവര്‍പൂളിന്റെ എതിരാളി. ലിവര്‍പൂളിന്റെ നേട്ടങ്ങളുടെയെല്ലാം പുറകില്‍ ഒരേയൊരു കാരണമേയുള്ളൂ പരിശീലകന്‍ ക്ലോപ്പിന്റെ തന്ത്രങ്ങള്‍.

54 കാരനായ ക്ലോപ്പ് ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലോപ്പ് സ്ഥാനമേറ്റശേഷം ലിവര്‍പൂളിന്റെ തലവര മാറി. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ചെമ്പടയെ മാറ്റിയെടുക്കാന്‍ ക്ലോപ്പിന് സാധിച്ചു.

Content Highlights: Jurgen Klopp, epl manager of the season, epl best manager, english premier league, liverpool