ഒറ്റരാത്രി കൊണ്ട് 20,000 ഫോളോവേഴ്സ്, ഒറ്റനോട്ടത്തിൽ ലോകചാമ്പ്യൻ; ഇത് കൊല്ലത്തിന്റെ സ്വന്തം ‘യമാൽ’

#അജ്മല്‍ എന്‍.എസ്
അലന്‍ ജെയിംസ് | Photo: special arrangement
അലന്‍ ജെയിംസ് | Photo: special arrangement

ഒറ്റനോട്ടത്തിൽ സ്‌പെയിനിന്റെ സൂപ്പർ താരം ലമിൻ യമാൽ കേരളത്തിലെത്തിയതാണെന്ന് തോന്നും. മുഖവും മുടിയും ചിരിയുമൊക്കെ അതേപടി. പക്ഷേ സൂക്ഷിച്ചുനോക്കിയാൽ മനസിലാകും. ഒറിജിനലല്ല, ഇത് കേരള 'യമാൽ', കൊല്ലം ചക്കുവള്ളി സ്വദേശി അലൻ ജെയിംസ്.

രൂപസാദൃശ്യം കൊണ്ട് ഇപ്പോൾ അലനാണ് നാട്ടിലെ താരം. നേരത്തെ പലരും യമാലുമായി സാമ്യമുണ്ടെന്ന് പറയുമായിരുന്നെങ്കിലും ബ്ലോക്ക് പഞ്ചായത്തംഗം നിഖിൽ മനോഹർ പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് അലൻ ശ്രദ്ധേയനായത്.

ലോകകപ്പ് കാലത്ത് ലമിൻ യമാലിന്റെ ജേഴ്സി 'ലക്ഷ്മി അമ്മാൾ' എന്ന പേരിൽ വിളിച്ചുപറഞ്ഞ് വിൽക്കുന്ന തമിഴ് സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ ദൃശ്യങ്ങളിലെ 'ലക്ഷ്മി അമ്മാൾ' വിളിയും അലനേയും ചേർത്താണ് നിഖിൽ മനോഹർ വീഡിയോ പുറത്തിറക്കിയത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി.

യമാലിന്റെ ജേഴ്‌സിയണിഞ്ഞുള്ള അലന്റെ ദൃശ്യങ്ങൾ കൂടി എത്തിയതോടെ ആരാധകരും ഏറി. പക്ഷേ രൂപസാദൃശ്യം മാത്രമല്ല അലന്റെ പ്രത്യേകത. ഫുട്‌ബോൾ മൈതാനത്തിലും ഈ 'കേരള യമാൽ' മിടുക്കനാണ്. യമാൽ മുന്നേറ്റനിരയിൽ എതിരാളികളുടെ ഗോൾവല കുലുക്കുമ്പോൾ, അലൻ കളിക്കുന്നത് പ്രതിരോധനിരയിലാണ്. പേരുവഴി ഗവൺമെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അലൻ സ്‌കൂൾ ഫുട്‌ബോൾ ടീമിലെ സജീവ അംഗവുമാണ്. സഹോദരനും ഫുട്‌ബോൾ താരമാണ്.

അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും കടുത്ത ആരാധകനാണ് അലൻ. അതേസമയം, യമാലിനോടും പ്രത്യേക ഇഷ്ടമുണ്ട്. യമാലിന്റെ ജേഴ്‌സിയണിഞ്ഞ് എത്തിയ വീഡിയോ വൈറലായതോടെ ഈ കൗമാര താരത്തിന്റെ ജീവിതത്തിലും സംഭവിച്ചത് വലിയ മാറ്റം. നാട്ടിലെ പരിപാടികളിലേക്ക് അതിഥിയായി ക്ഷണിക്കാനും ആളുകൾ മത്സരിക്കുന്നു. സോഷ്യൽ മീഡിയയിലും ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചുയർന്നു. വെറും ഇരുന്നൂറോളം പേരുണ്ടായിരുന്ന ഫോളോവേഴ്‌സ് ഇപ്പോൾ ഇരുപതിനായിരം കടന്നു. യമാലിനെപ്പോലെ മുഖം, ഫുട്‌ബോളിനോട് അതേ ആവേശം. ഒറ്റ വീഡിയോയിൽ ചക്കുവള്ളിയുടെ സ്വന്തം 'യമാൽ' സൂപ്പർതാരമായിക്കഴിഞ്ഞു. വൈറൽ ആയതിൽ സന്തോഷമുണ്ടെന്നും കളിയാക്കലുകൾ ഒരുപാട് കേൾക്കാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്ന് അലൻ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ഇനി യമാലിന്റെ ഒരു സന്ദേശം തന്നേ തേടിയെത്തുന്നതും കാത്തിരിക്കുകയാണ് ഈ കുട്ടി ആരാധകൻ.

'പണ്ടുമുതലേ പലരും യമാലിനെപ്പോലുണ്ടെന്ന് പറയാറുണ്ടായിരുന്നു. പക്ഷേ അന്നത് കാര്യമാക്കിയില്ല. ലോകകപ്പ് സമയത്ത് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. വീഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞു. യമാലിന്റെ ഒരു സന്ദേശം ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. നാട്ടുകാർക്കൊക്കെ ഭയങ്കര സന്തോഷമാണ്. സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും കേൾക്കാറുണ്ട്. പക്ഷേ അത് കാര്യമാക്കുന്നില്ല. പണ്ടുമുതലേ ഫുട്‌ബോൾ കളിക്കാറുണ്ട്. പ്രതിരോധ നിരയിൽ കളിക്കാനാണ് താത്പര്യം. യമാലിനെ ഇഷ്ടമാണെങ്കിലും മെസിയും അർജന്റീനയുമാണ് ഫേവറേറ്റ്', അലൻ പറഞ്ഞു.

Content Highlights: Alan James from Chakkuvalli, Kollam, gained viral fame due to his striking resemblance to Spanish football star Lamine Yamal., A viral video created by block panchayat member Nikhil Manohar catapulted his social media followers from 200 to over 20,000 overnight., Apart from looking like Yamal, Alan is a 10th-grade student and an active defender in his school football team., Though he admires Yamal, Alan is a die-hard fan of Lionel Messi and Argentina.