ഗോൾവല കാക്കാൻ അമരീന്ദർ, മധ്യനിരയിൽ യാസിർ; സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്

അമരീന്ദര്‍ സിങ്/ മുഹമ്മദ് യാസിര്‍
അമരീന്ദര്‍ സിങ്/ മുഹമ്മദ് യാസിര്‍

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണ് മുന്നോടിയായി പുതിയ താരങ്ങളെ തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയുടെ ഗോൾകീപ്പർ അമരീന്ദർ സിങ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെയാണ് പുതുതായി ടീമിലെത്തിയത്. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്റെ പ്രീ സീസൺ ക്യാമ്പിൽ ചേർന്ന ഇരുവരും പരിശീലനം തുടങ്ങി. ഒരു വർഷത്തേക്കാണ് കരാർ.

ഒഡീഷ എഫ്സിയിൽ നിന്നാണ് 33-കാരനായ അമരീന്ദർ സിങ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ഐഎസ്എല്ലിലും ഇന്ത്യൻ ഫുട്‌ബോളിലും നീണ്ട വർഷത്തെ പരിചയസമ്പത്തുള്ള അമരീന്ദർ മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി, മോഹൻ ബഗാൻ, ഒഡീഷ എഫ്സി എന്നീ ടീമുകൾക്കായും ഇന്ത്യൻ സീനിയർ ടീമിനായും കളിച്ചിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ കിരീടങ്ങൾ നേടിയ ടീമുകളുടെ ഭാഗമായിരുന്ന താരം, സമ്മർദഘട്ടങ്ങളിൽ കാത്തുസൂക്ഷിക്കുന്ന ശാന്തതയും കൃത്യമായ പൊസിഷനിങ്ങും കൊണ്ടാണ് ശ്രദ്ധേയനായത്. അമരീന്ദറിന്റെ സാന്നിധ്യം ടീമിന്റെ ഗോൾകീപ്പിങ് നിരയ്ക്ക് വലിയ കരുത്താകും.

എഫ്സി ഗോവയിൽ നിന്നാണ് മുഹമ്മദ് യാസിർ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ മികവുള്ള താരം 2017-18 സീസൺ മുതൽ ഐഎസ്എല്ലിൽ സജീവമാണ്. നേരത്തെ എഫ്സി പുണെ സിറ്റി, ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ എന്നീ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ യാസിർ 2021-ൽ ഇന്ത്യൻ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചു. പന്തുമായി മുന്നേറാനും കൃത്യമായ പാസുകളിലൂടെ അവസരങ്ങൾ തുറന്നെടുക്കാനും മിടുക്കനായ താരം ടീമിന്റെ അറ്റാക്കിങ് നിരയ്ക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും.

Content Highlights: Goalkeeper Amrinder Singh joins Kerala Blasters on a one-year deal from Odisha FC., Midfielder Mohammad Yasir signs for the Blasters from FC Goa., Both players have joined the pre-season training camp in Chennai.