മെസ്സിയില്ല, ബ്ലാസ്റ്റേഴ്സും ‘മിസ്സ്’?; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന് ആശങ്ക

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം നവംബറില്‍ ഇല്ലെന്ന് ഉറപ്പായതിനു പിന്നാലെ മറ്റൊരു നഷ്ടത്തിലേക്കും കേരള ഫുട്‌ബോള്‍ നീങ്ങാന്‍ സാധ്യത. ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കൊച്ചി വിട്ടേക്കുമെന്നാണ് സൂചന. അര്‍ജന്റീനയുടെ കളിക്കായി നവീകരണം നടത്താന്‍ പൊളിച്ചിട്ട കലൂരിലെ ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് കേരളത്തിനു പുറത്ത് പുതിയൊരു ഹോം ഗ്രൗണ്ട് തേടേണ്ടിവരും. അങ്ങനെവന്നാല്‍ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൊന്നിലേക്കാകും ബ്ലാസ്റ്റേഴ്‌സ് ചേക്കേറുകയെന്നാണ് സൂചന.
നവംബര്‍ 17-ന് അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി കൊച്ചിയില്‍ നടത്താനായിരുന്നു സംഘാടകര്‍ അതിവേഗത്തില്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍, അതിനിടെ ഫിഫ അനുമതിയില്ലാത്തതിനാല്‍ കളി നവംബര്‍ വിന്‍ഡോയില്‍നിന്നു മാറ്റേണ്ടിവന്ന സാഹചര്യത്തിലാണ് സ്റ്റേഡിയം നവീകരണത്തിന്റെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നത്.
സ്റ്റേഡിയത്തിന്റെ അനിശ്ചിതത്വം; ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുമെന്ന് ആശങ്ക
ഐഎസ്എല്ലിന് നവീകരണം പൂര്‍ത്തിയാവണം
:നവീകരണത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിനു പുറത്ത് പാര്‍ക്കിങ് സ്ഥലം മുഴുവന്‍ ഇളക്കിമറിച്ച് മെറ്റല്‍ നിരത്തി. വിഐപി ഗേറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും നവീകരണജോലികള്‍ തുടങ്ങി. ഗാലറിയിലെ ചില ഭാഗങ്ങളിലെ കസേരകള്‍ മാറ്റിസ്ഥാപിച്ചതിനൊപ്പം ഫ്‌ളഡ് ലിറ്റുകളുടെ നവീകരണവും തുടങ്ങിയിരുന്നു. കളിനടക്കാത്ത സാഹചര്യത്തില്‍ ഇതെല്ലാം ഇനി സമയബന്ധിതമായിത്തന്നെ പൂര്‍ത്തിയാക്കുമോയെന്ന കാര്യത്തിലാണ് ആശങ്കയുള്ളത്.ഡിസംബറില്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ തുടങ്ങിയാല്‍ അതിനുമുമ്പ് പണി തീരുമോയെന്നാണ് സംശയം. അര്‍ജന്റീന നവംബറില്‍ വന്നില്ലെങ്കിലും നവീകരണം പൂര്‍ത്തിയാക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നുണ്ട്.
Content Highlights: Kerala Football Faces Setback: Blasters' Home Ground Uncertainty Looms Post-Argentina Match Cancellation