കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ടേക്ക്; ഹോം ഗ്രൗണ്ട് കോർപ്പറേഷൻ സ്റ്റേഡിയം

#ടി. ആദിത്യൻ
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം | Photo: mathrubhumi archives
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം | Photo: mathrubhumi archives

കോഴിക്കോട്: മലബാറിലെ ഫുട്ബോൾ ആരാധകർക്ക് ആവേശംപകർന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിൽ കോഴിക്കോട്ടെത്തുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇത്തവണ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്. അവസാനഘട്ട ചർച്ച ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും കേരള ഫുട്‌ബോൾ അസോസിയേഷനും തമ്മിൽ നടന്നു. ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ട് കളിക്കുമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.

കെഎഫ്എയുമായാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരാർ ഒപ്പുവെക്കേണ്ടത്. അതിന്റെ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കുമെന്നാണ് കെഎഫ്എ അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികൾ കോർപ്പറേഷൻ സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും അനുകൂല പ്രതികരണമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഫെബ്രുവരി 14 നാണ് ഐഎസ്എലിന്റെ കിക്ക് ഓഫ്. കൊച്ചിയിൽ നടക്കുന്ന ചില മത്സരങ്ങൾ കോഴിക്കോട്ടേക്ക് മാറ്റാൻ 2019 മുതൽ ക്ലബ് ആലോചിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. പുതിയ സീസണിൽ മുഴുവൻ മത്സരങ്ങളും കോഴിക്കോട്ടേക്ക് മാറ്റാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആറോ ഏഴോ ഹോം മത്സരങ്ങളാണ് നടക്കുക. ചെലവുചുരുക്കലിന്റെകൂടി ഭാഗമായിക്കൂടിയാണ് മത്സരങ്ങൾ നടത്തുന്നത്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽനടന്ന സൂപ്പർ ക്രോസ് ബൈക്ക് റേസിങ് മത്സരത്തിനുശേഷം പുൽ ഭാഗികമായി നശിച്ചിരുന്നു. അതിനാൽ ഐഎസ്എൽ തുടങ്ങുന്നതിനുമുൻപ്‌ പ്രവൃത്തി പൂർത്തീകരിച്ച് മത്സരത്തിന് യോഗ്യമാക്കും.

Content Highlights: Kerala Blasters playing ISL home matches at Kozhikode Corporation Stadium