ബ്ലാസ്റ്റേഴ്‌സിന്റെ വിൽപ്പന ഉറപ്പായി; പുതിയ നിക്ഷേപകർ യൂസഫലിയുടെ മരുമകൻ നേതൃത്വം നൽകുന്ന ഗ്രൂപ്പ് ?

#സിറാജ്‌ കാസിം
പ്രതീകാത്മക ചിത്രം | Photo Courtesy: x.com/KeralaBlasters
പ്രതീകാത്മക ചിത്രം | Photo Courtesy: x.com/KeralaBlasters

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ കേരള ടീമായ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി.യുടെ വിൽപ്പന ഉറപ്പായി. ഒരു വിദേശ മലയാളി ഉൾപ്പെടുന്ന കൺസോർഷ്യമാണ് പുതിയ ഉടമകളെന്നാണ് സൂചന. ക്ലബ്ബിന്റെ നിലവിലെ പ്രധാന ഓഹരി ഉടമകളായ മാഗ്‌നം സ്പോർട്സ് 100 ശതമാനം ഓഹരി കൈമാറ്റത്തിന്റെ നടപടികളിലാണ്. ഹൈദരാബാദിൽ ഇതിനുള്ള അന്തിമ കരാർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ആദ്യ ഗഡു തുക എത്തുന്നതോടെ പുതിയ നിക്ഷേപകരെക്കുറിച്ച് മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുടെ മരുമകനുമായ ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ നിക്ഷേപകരായെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബായ കാലിക്കറ്റ് എഫ്.സി.യുടെ ഉടമകളായ ഐ.ബി.എസ്. ഗ്രൂപ്പ് ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കാനെത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ടീമിന്റെ കടബാധ്യതകൾ അടക്കം 150 കോടിയിലേറെ രൂപയാണ് ഉടമകളായ മാഗ്നം ഗ്രൂപ്പ് ആവശ്യപ്പെട്ടത്. എന്നാൽ, 60 കോടി മുതൽ 80 കോടി വരെയാണ് ഐ.ബി.എസ്. ഏറ്റെടുക്കൽ വിലയായി കണ്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഐ.എസ്.എൽ. പങ്കാളിത്തത്തിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകേണ്ട ഒരു കോടി 10 ലക്ഷം രൂപയിൽ 55 ലക്ഷം രൂപ ആദ്യ ഗഡുവായി ബ്ലാസ്റ്റേഴ്‌സ് അടച്ചിട്ടുണ്ട്. പുതിയ സീസണിന്റെ കരാർ കാര്യങ്ങളും ഒപ്പുവെച്ച ബ്ലാസ്റ്റേഴ്‌സ് ബാക്കി തുക കൂടി അടയ്ക്കുന്നതോടെ ആ നടപടികൾ പൂർത്തിയാകും. മികച്ച വിദേശതാരങ്ങൾ അടക്കം നല്ലൊരു ടീമിനെ ഒരുക്കാൻ വൻ തുക ചെലവഴിക്കേണ്ടി വരും. പുതിയ ഉടമകൾ വന്നശേഷം താരവേട്ടയ്ക്കായി ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ.

ജംഷേദ്പുർ ടീം ഐ.എസ്.എലിനില്ല

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ.) സീസണിൽ കളിക്കാനില്ലെന്ന് ജംഷേദ്പുർ എഫ്.സി. അറിയിച്ചു. ടൂർണമെന്റിൽ കളിക്കുന്നതിനുള്ള പങ്കാളിത്ത ഫീസ് ജംഷേദ്പുർ അടച്ചില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയായിരുന്നു ഫീസ് അടയ്ക്കാനുള്ള അവസാനദിവസം. 2022 സീസണിലെ ഐ.എസ്.എൽ. ജേതാക്കളാണ് ജംഷേദ്പുർ. ഇന്റർ കാശിയും ഫീസ് പൂർണമായി അടച്ചില്ലെങ്കിലും ടൂർണമെന്റിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Magnum Sports is selling 100% stake in Kerala Blasters FC to a new consortium., Final contract negotiations completed in Hyderabad