അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ 2027 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്

Photo: twitter.com/KeralaBlasters
Photo: twitter.com/KeralaBlasters

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്കുകൂടി നീട്ടി. ലൂണയുമായുള്ള കരാര്‍ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമാണ് ലൂണ. 2021-22 സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കൊണ്ട് ആരാധകരെ കൈയിലെടുത്ത താരമാണ് അഡ്രിയാന്‍ ലൂണ. ബ്ലാസ്റ്റേഴ്‌സിനെ അര്‍പ്പണബോധത്തോടെ നയിച്ച താരം, 2021-22 സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. വരുംവര്‍ഷങ്ങളിലും ലൂണയെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ കാണാനാവുമെന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 

കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മികച്ച രീതിയില്‍ മുന്നോട്ടുനയിച്ചെങ്കിലും ഇടയ്ക്ക് കാല്‍മുട്ടിന് പരിക്കേറ്റ് പുറത്തായത് വിലങ്ങുതടിയായി. ആറു മാസത്തോളം ടീമിന് പുറത്തിരുന്നു. ഇതിനിടെ പകരക്കാരനായി ലിത്വാനിയയുടെ മുന്നേറ്റതാരം ഫെഡോര്‍ സെര്‍നിച്ചിനെ ടീമിലെത്തിച്ചിരുന്നു. സീസണിന്റെ തുടക്കത്തില്‍ മികച്ച കളികളോടെ മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ് അവസാനത്തില്‍ നിരന്തരമായി തോല്‍വി വഴങ്ങി പുറത്താവുകയായിരുന്നു.
 

Content Highlights: kerala blasters extended contracts with adrian luna