സൂപ്പർ ലീഗ് കേരള: ജയത്തോടെ തുടങ്ങി കണ്ണൂർ വാരിയേഴ്‌സ്

കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടനമത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സിന് ജയം. തൃശ്ശൂർ മാജിക് എഫ്.സി.യെയാണ് കണ്ണൂർ കീഴടക്കിയത്. ഏകപക്ഷീയമായ ഒരുഗോളിനാണ് കണ്ണൂരിന്റെ ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കഴിഞ്ഞസീസണിലെ ഫൈനൽപ്പോരാളികളാണ് ഇത്തവണ അതേ സ്റ്റേഡിയത്തിൽ ആദ്യമത്സരത്തിനിറങ്ങിയത്. നിലവിലെ ജേതാക്കളാണെന്ന ആത്മവിശ്വാസത്തിലാണ് കണ്ണൂർ വാരിയേഴ്‌സ് തൃശ്ശൂർ മാജിക് എഫ്.സിക്കെതിരേ കളിക്കാനിറങ്ങിയത്. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച താരങ്ങളുമായെത്തിയ കണ്ണൂർ കളിക്കളത്തിലും മികവോടെ പന്തുതട്ടി.
ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമണഫുട്‌ബോളുമായി കളം നിറഞ്ഞ കണ്ണൂർ തൃശ്ശൂരിനെ പ്രതിരോധത്തിലാക്കി. 18-ാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ട് കണ്ണൂർ ഞെട്ടിച്ചു. അൽവാരസ് ഗോമസാണ് കണ്ണൂരിനായി ഗോളടിച്ചത്. ഗോളടിച്ചതിന് പിന്നാലെയും കണ്ണൂർ മുന്നേറ്റങ്ങൾ തുടർന്നു. അതേസമയം പന്ത് കൈവശം വെച്ച് കളിച്ച് തൃശ്ശൂർ തിരിച്ചടിക്കായി പിടിമുറുക്കി. എന്നാൽ കണ്ണൂർ പ്രതിരോധത്തെ മറികടക്കാനായില്ല. ആദ്യപകുതി ഒരുഗോളിന് കണ്ണൂർ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ തൃശ്ശൂരിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച കണ്ണൂർ ജയത്തോടെ മടങ്ങി.
Content Highlights: Kannur Warriors defeated Thrissur Magic FC 1-0 in the Super League Kerala Season 3 opener