മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരം ഉപേക്ഷിക്കരുതായിരുന്നു, കൊല്‍ക്കത്തയില്‍ത്തന്നെ നടത്തണം -ചൗബേ

Photo | PTI
Photo | PTI

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പിലെ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരം റദ്ദാക്കിയതിനെതിരേ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബേ. മത്സരം റദ്ദാക്കാന്‍ പാടില്ലായിരുന്നു. വനിതാ ഡോക്ടര്‍ കൊലപാതകക്കേസിലെ കുറ്റവാളികളെ പിടികൂടണമെന്നാണ് ഫുട്‌ബോള്‍ ആരാധകരും ആഗ്രഹിക്കുന്നത്. മത്സരം കൊല്‍ക്കത്തയില്‍വെച്ചുതന്നെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ നിയന്ത്രിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള പോലീസുകാരുടെ പകുതി ആളുകളെ സ്റ്റേഡിയത്തില്‍ നിയോഗിച്ചിരുന്നെങ്കില്‍ മത്സരം സുഗമമായി നടത്താമായിരുന്നു. മത്സരം ജംഷേദ്പുരിലേക്ക് മാറ്റരുത്. കൊല്‍ക്കത്തയില്‍വെച്ചുതന്നെ നടത്തണം. കൊല്‍ക്കത്തയില്‍ സ്റ്റേഡിയത്തിനകത്ത് ഒരു പ്രശ്‌നവുമില്ല. വനിതാ ഡോക്ടര്‍ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടണമെന്നാണ് ഫുട്‌ബോള്‍ ആരാധകരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകീട്ട് നടക്കേണ്ടിയിരുന്ന ഡെര്‍ബി ശനിയാഴ്ച ഡ്യൂറന്റ് കപ്പ് അധികൃതര്‍ റദ്ദാക്കിയിരുന്നു. പി.ജി. ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള സംഘര്‍ഷം കണക്കിലെടുത്തായിരുന്നു തീരുമാനം. സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് മത്സരം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 

Content Highlights: kalyan chaubey opposed cancellation of kolkata derby