ബാഴ്സലോണ ട്രാൻസ്ഫർ വിവാദം; അത്ലറ്റിക്കോ ആരാധകരോട് മാപ്പ് പറഞ്ഞ് ഹൂലിയൻ ആൽവരസ്

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് നടത്തിയ പരാമർശങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരോട് പരസ്യമായി മാപ്പ് ചോദിച്ച് അത്ലറ്റിക്കോയുടെ അർജന്റീന താരം ഹൂലിയൻ ആൽവരസ്. ഡെപ്പോർട്ടീവോ ലാ കൊരൂണയ്ക്കെതിരായ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനായി വിജയഗോൾ നേടിയ ശേഷമായിരുന്നു ആൽവരസിന്റെ ഖേദപ്രകടനം.
2026 ലോകകപ്പിനിടെ ബാഴ്സലോണയിൽ കളിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകളും അതിനെത്തുടർന്നുണ്ടായ ട്രാൻസ്ഫർ വിവാദങ്ങളുമാണ് അത്ലറ്റിക്കോ ആരാധകരെ ചൊടിപ്പിച്ചത്.
''ലോകകപ്പിനിടെ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് ആരാധകരോട് മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് പറഞ്ഞ രീതിയിലും സമയത്തിലും എനിക്ക് തെറ്റ് പറ്റി.'' - സ്പാനിഷ് മാധ്യമം മോവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിൽ ആൽവരസ് വ്യക്തമാക്കി. താൻ ഒരു ആരാധകനായിരുന്നെങ്കിലും ദേഷ്യപ്പെടുമായിരുന്നുവെന്നും, അത്ലറ്റിക്കോയിൽ എത്തിയതുമുതൽ ആരാധകർ നൽകിയ പിന്തുണ കണക്കിലെടുക്കുമ്പോൾ അവരുടെ അമർഷം മനസിലാക്കാവുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണയിലേക്ക് മാറാനുള്ള ആൽവാരസിന്റെ നീക്കം അത്ലറ്റിക്കോ മാഡ്രിഡ് തടയുകയും എതിരാളികൾക്ക് താരത്തെ വിട്ടുനൽകാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെത്തുടർന്ന് ഈ സീസണിൽ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ച് ആരാധകരിൽ ചിലർ താരത്തെ കൂവിവിളിച്ചിരുന്നു. എന്നാൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ആൽവാരസിന് സ്റ്റേഡിയത്തിൽ നിന്ന് എഴുന്നേറ്റുനിന്നുള്ള കൈയടി ലഭിച്ചു.
കഠിനാധ്വാനത്തിലൂടെയും വിനയത്തിലൂടെയും ആരാധകരുമായുള്ള ബന്ധം വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആൽവരസ് പറഞ്ഞു. സമീപകാല മത്സരങ്ങളിൽ ശാരീരികമായും പന്തുകൊണ്ടുള്ള പ്രകടനത്തിലും താൻ കൂടുതൽ മെച്ചപ്പെട്ടതായി തോന്നുന്നുണ്ടെന്നും ടീമിനെ സഹായിക്കാൻ പരമാവധി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.
Content Highlights: Julian Alvarez publicly apologized to Atletico Madrid fans for his previous comments about wanting to join Barcelona., The controversy arose from statements made during the 2026 World Cup period regarding a potential transfer., Despite initial fan backlash and booing, Alvarez recently scored the winning goal against Deportivo La Coruna and earned applause., Alvarez expressed his commitment to regaining fans' trust through hard work and strong performances on the pitch.