ജീക്സന്‍ പോയേക്കും; അര്‍മാന്‍ഡോ സാദിക്കുവിനെ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന്റെ ഒരുക്കങ്ങള്‍ക്കായി തായ്ലാന്‍ഡിലാണ്. പുതിയ പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയുടെ നേതൃത്വത്തില്‍ തീവ്രപരിശീലനവും സന്നാഹമത്സരങ്ങളുമുണ്ട്. ടീം അവിടെ ഒരുങ്ങുമ്പോള്‍ ട്രാന്‍സ്ഫര്‍വിപണിയിലെ അഭ്യൂഹങ്ങളും വളരുകയാണ്. ടീമിലെ പ്രധാനിയായ ജീക്സന്‍ സിങ് ക്ലബ്ബ് വിടുമെന്നും കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ബഗാന്റെ താരമായ അര്‍മാന്‍ഡു സാദിക്കു ബ്ലാസ്റ്റേഴ്സിലെത്തുമെന്നുമാണ് ചൂടുള്ള വാര്‍ത്തകള്‍.
23-കാരന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ജീക്സന്‍ സിങ് ക്ലബ്ബ് വിട്ടേക്കുമെന്ന വാര്‍ത്ത ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ടീം ഗെയിമില്‍ നിര്‍ണായകപങ്കുള്ള ജീക്സന്‍, കഴിഞ്ഞ സീസണുകളില്‍ നന്നായി കളിച്ചു. അടുത്തസീസണ്‍വരെ ക്ലബ്ബുമായി കരാറുണ്ടെങ്കിലും താരത്തിന് ഈസ്റ്റ് ബംഗാളിലേക്ക് പോകാന്‍ താത്പര്യമുണ്ട്. ഇതോടെ ഈ സീസണില്‍ത്തന്നെ കൈമാറാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നീക്കം. ട്രാന്‍സ്ഫര്‍ ഫീ ലക്ഷ്യമിട്ടാണിത്. അഞ്ചുസീസണുകളില്‍ ടീമില്‍ കളിച്ച ജീക്സന്‍ 79 മത്സരങ്ങളില്‍ ഇറങ്ങി. രണ്ടുഗോളും നേടി.
ഈസ്റ്റ് ബംഗാള്‍ മികച്ച കളിക്കാരെ ടീമിലെത്തിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞസീസണില്‍ കളിച്ച ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമെന്റാകോസും പഞ്ചാബ് എഫ്.സി.യില്‍നിന്ന് മാദി തലാലും ടീമിലെത്തിയിട്ടുണ്ട്. മോഹന്‍ബഗാന്‍ പ്രതിരോധനിരതാരം അന്‍വര്‍ അലിയും ടീമിലെത്തും.
അല്‍ബേനിയന്‍ മുന്നേറ്റനിരതാരമായ അര്‍മാന്‍ഡോ സാദിക്കുവിനെ ബഗാനില്‍നിന്ന് സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. സാദിക്കുവിന് അഞ്ചുകോടിയോളം രൂപ വിപണിമൂല്യമുണ്ട്. എഫ്.സി. ഗോവയില്‍നിന്ന് നോഹ സദോയിയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്.
Content Highlights: jeakson singh set to left kerala blasters