ജപ്പാനിൽ ഫുട്‌ബോൾ നട്ടുനനച്ച ബ്രസീലുകാരൻ; നോക്കൗട്ട് കടക്കാൻ സമുറായിപ്പട ഇനിയും പഠിക്കണം

അടിമുടി അപ്രതീക്ഷിതമാണ് ജപ്പാൻ. മൈതാനത്തും പുറത്തും അങ്ങനെതന്ന. ഏതു വമ്പനെതിരെയും കളിമെനയാനും മർമ്മംനോക്കി പ്രഹരിക്കാനും ജപ്പാനെയാരും പഠിപ്പിക്കേണ്ട. നിർണായക സമയത്ത് പ്രതിരോധക്കോട്ടകൾ തകർത്ത് ചാട്ടുളി കണക്കേ പന്തെത്തിക്കുകയും ചടുലനീക്കങ്ങളിലൂടെ മത്സരം തിരിച്ചുപിടിക്കുകയും ചെയ്യുന്ന സമുറായ് വീര്യം ലോകകപ്പ് ചരിത്രത്തിൽ തിളക്കത്തോടെയുണ്ട്. എന്നിരുന്നാലും ജപ്പാനെപ്പോലെ നിർഭാഗ്യം വേട്ടയാടിയ മറ്റൊരു ടീമും ഉണ്ടാവില്ല. വീഴ്ചകളിൽ നിന്ന് പാഠം പഠിച്ചെത്തുന്ന ജപ്പാനെയാണ് ലോകകപ്പിൽ കണ്ടിട്ടുള്ളത്. ഇത്തവണയും പുതിയ പാഠവുമായാണ് ജപ്പാനീസ് സംഘം എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ജപ്പാന്റെ ഏറ്റവും മികച്ച പ്രകടനം 2002 ലോകകപ്പിലായിരുന്നു. രണ്ടു വിജയവും ഒരു സമനിലയും. അതിനുശേഷം ഇത്തവണയാണ് ജപ്പാൻ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ കയറിയത്. പക്ഷേ, നോക്കൗട്ട് പാസാകാൻ ജപ്പാൻ ഇനിയും പഠിച്ചിട്ടില്ല. ഫലമോ, അഞ്ചാം തവണയും സമുറായികൾ പ്രീക്വാർട്ടർ കാണാതെ പുറത്ത്.
വേട്ടയാടുന്ന ചരിത്രം
തന്ത്രങ്ങളിലൂടെ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന ഹാജിമേ മൊറിയാസുവിന്റെ കീഴിൽ ഇത്തവണ ജപ്പാൻ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനെയും സ്വീഡനെയും സമനിലയിൽ പിടിച്ചുകെട്ടിയും ടുണീഷ്യയെ എതിരില്ലാത്ത നാലുഗോളിനു തകർത്തും മൊറിയാസു പേരെടുത്തു. കഴിഞ്ഞ പത്തു മത്സരങ്ങളിൽ തോൽവി വഴങ്ങാതെയായിരുന്നു അവരുടെ വരവ്. എന്നാൽ നിർണായക മത്സരത്തിൽ ബ്രസീലിനെതിരേ ലീഡെടുത്തിട്ടും തോൽവിയെന്ന ബാധ ജപ്പാനെ വിട്ടൊഴിഞ്ഞില്ല.
1998-ലെ ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജപ്പാൻ തോറ്റു. അർജന്റീന, ക്രൊയേഷ്യ, ജമൈക്ക എന്നിവരോട് അടിയറവു പറഞ്ഞെങ്കിലും ജമൈക്കക്കെതിരേ ലോകകപ്പിലെ ആദ്യ ഗോൾ അടിക്കാൻ ജപ്പാൻവീര്യത്തിനു കഴിഞ്ഞു. മസാഷി നകയാമയായിരുന്നു ചരിത്രഗോൾ നേടിയത്.
2002-ൽ നാട്ടിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവിയറിയാതെയിരുന്നു ജപ്പാന്റെ കുതിപ്പ്. ബെൽജിയത്തോട് സമനിലവഴങ്ങുകയും റഷ്യയെയും ടുണീഷ്യയെയും തോൽപിക്കുകയും ചെയ്തു. എന്നാൽ നോക്കൗട്ടിൽ ഏകപക്ഷീയമായ ഒരു ഗോളിനു തുർക്കി ജപ്പാന്റെ കുതിപ്പിന് തടയിട്ടു. ആ തിരിച്ചടി ജപ്പാൻ ഫുട്ബോളിനെ കുറച്ചുകാലം വേട്ടയാടി. 2010-ൽ കാമറൂണിനെതിരായ ആദ്യ മത്സരം തന്നെ ജയിച്ചു കയറി. നെതർലൻഡ്സിനോട് തോറ്റെങ്കിലും ഡെൻമാർക്കിനെ തോൽപ്പിച്ച് നോക്കൗട്ട് ഉറപ്പിച്ചു. നിർഭാഗ്യം അവിടെയും ആഞ്ഞടിച്ചു. നോക്കൗട്ടിൽ പാരഗ്വായോട് സമനില പിടിച്ചെങ്കിലും പെനാൽട്ടിയിൽ തോറ്റുമടങ്ങേണ്ടിവന്നു.
തങ്ങളെ അവസാന ലോകകപ്പ് മത്സരത്തിൽ തോൽപ്പിച്ച കൊളംബിയയെ 2-1 ന് കീഴടക്കിയായിരുന്നു 2018 ലോകകപ്പിലെ ജപ്പാന്റെ തുടക്കം. സെനഗലിനോട് സമനില പിടിച്ചതോടെ ഗ്രൂപ്പ് കടന്നു. അവിടെയും കാത്തിരുന്നത് ദുരന്തമായിരുന്നു. ബെൽജിയമായിരുന്നു ഇത്തവണ പുറത്തേക്ക് വഴിയൊരുക്കിയത്. രണ്ടിനെതിതിരേ മൂന്നു ഗോളുകൾക്ക് നോക്കൗട്ടിൽ തോൽവി.
2022-ൽ വീണ്ടും ജപ്പാൻ ഉദിച്ചുയർന്നു. ഗ്രൂപ്പ് ഘട്ടത്തിൽ സാക്ഷാൽ ജർമനിയെയും സ്പെയിനെയും തകർത്തതോടെ ലോകകപ്പിലെ നോട്ടപ്പുള്ളികളായി ജപ്പാൻ. കോസ്റ്ററിക്കയോട് അപ്രതീക്ഷിത തോൽവിയും ഏറ്റുവാങ്ങി. എന്നാൽ നോക്കൗട്ടിൽ ജപ്പാന്റെ കണ്ണീരുവീണു. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ പെനാൽറ്റിയാണ് ജപ്പാനെ ചതിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ കളിപിടിച്ചെങ്കിലും പെനാൽട്ടിയിൽ 1-3 ന് ക്രൊയേഷ്യ വിജയിച്ചു. 2026-ൽ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ എത്തിയ ജപ്പാൻ നോക്കൗട്ടിൽ വീണ്ടും വീണു.
ബ്രസീൽ 'ബാക്ക്'
ബ്രസീലിനോട് തോറ്റു പുറത്തായെങ്കിലും ജപ്പാൻ ഫുട്ബോളിന് ചരിത്രത്തിൽ പേരുചാർത്തിയതിൽ ബ്രസീൽ ടച്ചുണ്ട്. ജപ്പാനിൽ ഫുട്ബോൾ സംസ്‌കാരം വളർത്തിയെടുത്തതിൽ സീക്കോ എന്ന ബ്രസീൽ ഇതിഹാസത്തിന് വലിയപങ്കുണ്ട്. തൊണ്ണൂറുകളിൽ ജപ്പാനിൽ ഫുട്ബോൾ പരിശീലകനായെത്തിയ സീക്കോ നട്ടുനനച്ച ക്ലബുകളിൽ നിന്നാണ് ലോകകപ്പ് വേദിയിലേക്ക് താരങ്ങളെത്തിയത്. 1998-ലെ ലോകകപ്പിലാണ് ജപ്പാൻ ആദ്യമായി പന്തുതട്ടിയത്. പിന്നീടുള്ള എല്ലാ ലോകകപ്പുകളിലും ജപ്പാൻ ഇടംപിടിച്ചു എന്നതുതന്നെ അവരുടെ മികവാണ്.
2002-ൽ ജപ്പാനിൽ നടന്ന ലോകകപ്പിൽ മിന്നും പ്രകടനമാണ് ടീം നടത്തിയത്. പിന്നാലെ സീക്കോയെ മുഖ്യ പരിശീലകനായി ജപ്പാൻ പ്രഖ്യാപിച്ചു. 2006 വരെ പരിശീലക വേഷത്തിൽ അദ്ദേഹം തുടർന്നു. ജപ്പാനും ബ്രസീലും ഇതുവരെ 10 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ഏഴു തവണയും വിജയം ബ്രസീലിനൊപ്പമായിരുന്നു. ഒരു വട്ടം മാത്രമാണ് ജപ്പാൻ വിജയിച്ചത്. രണ്ടു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. 2025-ൽ നടന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരെ 3-2 ന് തരിപ്പണമാക്കിയാണ് സമുറായികൾ ആഘോഷിച്ചത്. മത്സരത്തിൽ ആദ്യ പകുതിയിൽ 2-0 എന്ന നിലയിൽ പിറകിൽ നിന്ന ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചടി.
ലോകകപ്പിൽ ഇതിനുമുൻപ് ഒരിക്കൽ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം വന്നത്. ചരിത്രത്തിലാദ്യമായി 2006 ലോകകപ്പിൽ ജപ്പാൻ- ബ്രസീൽ പോരാട്ടം നടക്കുമ്പോൾ പരിശീലക വേഷത്തിലും സാക്ഷാൽ സീക്കോ ആയിരുന്നു. അന്ന് 4-1 ന് ബ്രസീൽ വിജയിച്ചു.
Content Highlights: Japan exited the 2026 World Cup in the knockout stage after an unbeaten group performance., Historical struggle: Japan has failed to progress past the knockout hurdle five times., The influence of Brazilian legend Zico remains a cornerstone of Japan's footballing culture., Tactical evolution under Hajime Moriyasu has improved group stage consistency but hasn't solved knockout pressure., Japan's 2025 friendly win against Brazil highlights their potential despite World Cup heartbreak.