'കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം'- ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു

ഹാമിഷ് റോഡ്രിഗസ്‌ | Photo: AP
ഹാമിഷ് റോഡ്രിഗസ്‌ | Photo: AP

ബഗോട്ട: കൊളംബിയയുടെ ഇതിഹാസതാരം ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 15 വർഷത്തെ കൊളംബിയൻ ജെഴ്‌സിയിലുള്ള യാത്രയ്ക്ക് വിരാമമിടുകയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ റോഡ്രിഗസ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരേയുള്ള പ്രീ ക്വാർട്ടർ മത്സരത്തിലാണ് ഹാമിഷ് റോഡ്രിഗസ് കൊളംബിയയ്ക്കായി അവസാനമായി കളിച്ചത്. അന്ന് കൊളംബിയ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിരുന്നു.

തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കേണ്ട സമയമായെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ റോഡ്രിഗസ് വികാരാധീനനായി പറഞ്ഞു. കൊളംബിയൻ ജെഴ്‌സിയിലെ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും റോഡ്രിഗസ് വ്യക്തമാക്കി. 'ഇന്ന്, ഞാൻ നിങ്ങളോട് ഹൃദയത്തിൽ നിന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നു. വർഷങ്ങളുടെ കഠിനാധ്വാനങ്ങൾക്കും, സന്തോഷങ്ങൾക്കും, പ്രയാസകരമായ നിമിഷങ്ങൾക്കും ശേഷം, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. കൊളംബിയൻ ദേശീയ ടീമുമായുള്ള എന്റെ യാത്ര. ഈ ജെഴ്‌സി ധരിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. ഒപ്പം വലിയൊരു ഉത്തരവാദിത്തവും. ഞാൻ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോഴെല്ലാം എനിക്ക് മനസ്സിലായത് ഞാൻ എനിക്കുവേണ്ടി മാത്രം കളിക്കുകയല്ലെന്നാണ്. എന്റെ കുടുംബത്തിനും, സഹതാരങ്ങൾക്കും, ഞങ്ങളിൽ വിശ്വസിച്ച ലക്ഷക്കണക്കിന് കൊളംബിയക്കാർക്കും വേണ്ടിയാണ് ഞാൻ കളിച്ചത്.'-വീഡിയോയിൽ റോഡ്രിഗസ് പറഞ്ഞു.

2011 ഒക്ടോബറിൽ ബൊളീവിയക്കെതിരെയാണ് ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം ടീമിലെ നിർണായക സാന്നിധ്യമായി മാറി. 131 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയ അദ്ദേഹം 43 ഗോളിന് വഴിയൊരുക്കുകയും ചെയ്തു. കൂടാതെ ടീമിന്റെ ക്യാപ്റ്റനാകുകയും 2024 കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് കൊളംബിയയെ നയിക്കുകയും ചെയ്തു. ക്ലബ്ബ് ഫുട്‌ബോളിൽ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ വമ്പൻമാർക്കായി കളിച്ചു. 2014 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. പ്രീ-ക്വാർട്ടറിൽ ഉയുറുഗ്വായ്‌ക്കെതിരെ നേടിയ മനോഹരമായ ഗോൾ ടൂർണമെന്റിലെ മികച്ച നിമിഷങ്ങളിലൊന്നായി മാറി. ഇത് അദ്ദേഹത്തിന് റയൽ മാഡ്രിഡിലേക്കുള്ള വഴിതുറക്കുകയും ചെയ്തു.

തുടർന്ന് ബയേൺ മ്യൂണിക്ക് ഉൾപ്പെടെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു. ക്ലബ്ബ് തലങ്ങളിൽ പല മാറ്റങ്ങൾ ഉണ്ടായെങ്കിലും കൊളംബിയൻ ടീമിൽ റോഡ്രിഗസിന്റെ സ്ഥാനം എപ്പോഴും നിർണായകമായിരുന്നു. 2022 ലോകകപ്പിന് കൊളംബിയ യോഗ്യത നേടിയിരുന്നില്ലെങ്കിലും 2018, 2026 ലോകകപ്പുകളിൽ അദ്ദേഹം ടീമിൽ അംഗമായിരുന്നു. നിലവിൽ അത്‌ലറ്റിക്കോ നാഷണൽ ക്ലബ്ബ് താരമാണ്.

Content Highlights: James Rodriguez retires from international football after 15 years with Colombia., His final appearance came in the round-of-16 defeat to Switzerland at the 2026 FIFA World Cup., He finishes his career with 131 appearances, 31 goals, and 43 assists., He won the 2014 World Cup Golden Boot and captained Colombia to the 2024 Copa America final., He will continue his club career with Atletico Nacional.