90-ാം മിനിറ്റിൽ വിജയഗോൾ, എക്വഡോറിനെ കീഴടക്കി ഐവറി കോസ്റ്റ്

ഫിലാഡെൽഫിയ: ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ എക്വഡോറിനെ കീഴടക്കി ഐവറി കോസ്റ്റ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റിന്റെ ജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും 89-ാം മിനിറ്റ് വരെ ഗോൾ പിറന്നില്ല. 90-ാം മിനിറ്റിൽ അമദ് ഡയാല്ലോ ആണ് ഐവറി കോസ്റ്റിനായി ലക്ഷ്യം കണ്ടത്. ലോകകപ്പിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്.
എക്വഡോറിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളിൽ തന്നെ ഐവറി കോസ്റ്റ് ബോക്‌സിനുള്ളിൽ കടന്നുകയറാൻ എക്വഡോർ താരങ്ങൾക്ക് സാധിച്ചു. എക്വഡോർ സ്‌ട്രൈക്കർ എന്നർ വലൻസിയയുടെ ഗോളെന്നുറച്ച ഷോട്ട് ഗോൾബാറിന് മുകളിലൂടെ പോയി. കിട്ടിയ അവസരങ്ങളിൽ ഐവറി കോസ്റ്റിന്റെ കൗണ്ടർ അറ്റാക്കുകളുമുണ്ടായി. ആദ്യ 25 മിനിറ്റുകൾ ആക്രമണപ്രത്യാക്രമണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. എന്നാൽ വലകുലുക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. ആദ്യ 35 മിനിറ്റിനുള്ളിൽ ഐവറി കോസ്റ്റ് ഗോൾമുഖത്തേക്ക് എക്വഡോർ ആറ് ഷോട്ടുകളുതിർത്തു. രണ്ടെണ്ണം പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ ഗോളിനായി ഇരുടീമുകളും മുന്നേറ്റം ശക്തമാക്കി. എന്നർ വലൻസിയയുടെ ഷോട്ട് വീണ്ടും പോസ്റ്റിൽ തട്ടി മടങ്ങി. ഐവറി കോസ്റ്റിന്റെ യാൻ ഡയമണ്ടെ, സെകോ ഫൊഫാന, എല്ല്യെ വഹി എന്നിവർ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇരുടീമുകളും പന്ത് കൈവശംവെച്ച് മുന്നേറിയെങ്കിലും പെനാൽറ്റി ബോക്‌സിനുള്ളിൽവെച്ച് ക്യത്യമായി ലക്ഷ്യത്തിലെത്തിക്കാനായില്ല. മൈതാനത്ത് ഒഴുക്കോടെയാണ് എക്വഡോറും ഐവറി കോസ്റ്റും കളിച്ചത്.
89-ാം മിനിറ്റ് വരെ പ്രതിരോധക്കോട്ട പൊളിക്കാനായില്ല. എന്നാൽ 90-ാം മിനിറ്റിൽ എക്വഡോറിനെ ഞെട്ടിച്ച് ഐവറി കോസ്റ്റ് ലീഡെടുത്തു. കിടിലൻ കൗണ്ടർ അറ്റാക്കിനൊടുവിൽ അമദ് ഡയാല്ലോ ആണ് വലകുലുക്കിയത്. താരത്തിന്റെ ഇടംകാലൻ ഷോട്ട് എക്വഡോർ ഗോളിക്ക് തടയാനായില്ല. പിന്നീട് അനുവദിച്ച ഏഴ് മിനിറ്റ് ഇഞ്ചുറി ടൈമിൽ എക്വഡോർ ആഞ്ഞുശ്രമിച്ചെങ്കിലും ഗോളടിക്കാനായില്ല. എക്വഡോർ മുന്നേറ്റങ്ങളെ വിദഗ്ധമായി പ്രതിരോധിച്ച് ഐവറി കോസ്റ്റ് ജയമുറപ്പിച്ചു.
Content Highlights: Ivory Coast vs Ecuador, Comprehensive match statistics and key event tracking, Official coverage of the 2026 FIFA World Cup tournament, Instant access to match highlights and performance analysis