ഇറ്റലിയില്‍ പോര് മുറുകുന്നു, കിരീടത്തിനായി ഇന്ററും എ.സി.മിലാനും

Photo: twitter.com/SerieA_EN
Photo: twitter.com/SerieA_EN

മിലാന്‍: ഇറ്റാലിയന്‍ സീരി എ യില്‍ കിരീടപ്പോരാട്ടം മുറുകുന്നു. 37 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എ.സി.മിലാനും ഇന്റര്‍ മിലാനുമാണ് കിരീടത്തിനായി പോരടിക്കുന്നത്. ഇരുടീമുകള്‍ക്കും അവസാന മത്സരം നിര്‍ണായകമാണ്. 

നിലവില്‍ 37 മത്സരങ്ങളില്‍ നിന്ന് 83 പോയന്റുള്ള എ.സി.മിലാനാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 81 പോയന്റുള്ള ഇന്റര്‍ രണ്ടാമതാണ്. അവസാന മത്സരത്തില്‍ വിജയം നേടിയാല്‍ എ.സി.മിലാന്‍ കിരീടം നേടും. എന്നാല്‍ അവസാന മത്സരത്തില്‍ മിലാന്‍ സമനിലയോ പരാജയമോ വഴങ്ങിയാല്‍ ഇന്ററിന് വഴി തെളിയും. 

ഇങ്ങനെ സംഭവിച്ചാല്‍ അവസാന മത്സരത്തില്‍ വിജയം നേടി ഇന്ററിന് കിരീടം നേടാം. ഗോള്‍വ്യത്യാസത്തിന്റെ ആനുകൂല്യം ഇന്ററിനെ തുണയ്ക്കും. ഇന്ററിനും വിജയിച്ചേ മതിയാകൂ. തോറ്റാലോ സമനില നേടിയാലോ കിരീടം നഷ്ടപ്പെടും. നിലവിലെ ചാമ്പ്യന്മാരാണ് ഇന്റര്‍. 

അവസാന മത്സരത്തില്‍ മിലാന്‍ അത്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ഇന്റര്‍ കാഗ്ലിയാരിയെ 3-1 ന് കീഴടക്കി. എ.സി.മിലാനുവേണ്ടി റാഫേല്‍ ലിയാവോയും തിയോ ഹെര്‍ണാണ്ടസും വലകുലുക്കി. ഇന്ററിനായി സൂപ്പര്‍താരം ലൗട്ടാറോ മാര്‍ട്ടിനസ് രണ്ട് ഗോളടിച്ചപ്പോള്‍ മാത്തിയോ ഡാര്‍മിയാന്‍ ഒരു ഗോള്‍ നേടി. ലൈക്കോജിയാനിസ് കാഗ്ലിയാരിയുടെ ആശ്വാസ ഗോളടിച്ചു. 

അവസാന മത്സരത്തില്‍ ഇന്ററിന് സാംപ്‌ദോറിയയും എ.സി.മിലാന് സസ്സുവോളോയുമാണ് എതിരാളികള്‍. താരതമ്യേന എ.സി.മിലാനാണ് കടുത്ത മത്സരം. സസ്സുവോളോ പട്ടികയില്‍ 11-ാം സ്ഥാനത്താണ്. സാംപ്‌ദോറിയ 16-ാമതാണ്. 

ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഇന്ററിനെ സാംപ്‌ദോറിയ 2-2 ന് സമനിലയില്‍ തളച്ചിരുന്നു. എന്നാല്‍ മിലാനാകട്ടെ സസ്സുവോളോയോട് ഏറ്റുമുട്ടിയപ്പോള്‍ പരാജയപ്പെട്ടു. അന്ന് 3-1 എന്ന സ്‌കോറിനാണ് മിലാന്‍ നാണംകെട്ട തോല്‍വി വഴങ്ങിയത്.

Content Highlights: inter milan, ac milan, italian serie a, serie a, serie a winners 2021-2022