മെസ്സി വന്നു, മിയാമി ചരിത്രം കുറിച്ചു

ഫ്‌ളോറിഡ: 2023ൽ പി. എസ്.ജി വിട്ട് ലയണല്‍ മെസ്സി വന്ന് ചേരുമ്പോള്‍ മേജര്‍ സോക്കര്‍ ലീഗില്‍ നിലനില്‍പ്പിനായി പൊരുതുകയായിരുന്നു ഇന്റര്‍ മിയാമി. രണ്ടു വര്‍ഷത്തിനുശേഷം അതേ മെസ്സിയുടെ ചുമലിലേറി എം.എല്‍.എസ് കപ്പ് നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ടീം. ഇന്റര്‍ മിയാമിയുടെ ആദ്യ ലീഗ് കിരീടമാണിത്. മുപ്പത്തിയെട്ടുകാരനായ മെസ്സിയടെ നാല്‍പത്തിനാലാം സീനിയര്‍ കിരീടവും. ലീഗിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരവും മെസ്സി സ്വന്തമാക്കി. ലീഗിലെ അവസാന മത്സരത്തില്‍ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്റര്‍ മിയാമി പരാജയപ്പെടുത്തിയത്.
ടീമംഗങ്ങള്‍ക്കും മിയാമിയുടെ ആരാധകര്‍ക്കും ഇത് സുന്ദരവും വൈകാരികവുമായ ഒരു മുഹൂര്‍ത്തമാണെന്ന് മെസ്സി മത്സരശേഷം പ്രതികരിച്ചു.
എട്ടാം മിനിറ്റില്‍ എഡിയര്‍ ഒകാംപോയുടെ ഒരു സെല്‍ഫ് ഗോളിലാണ് മിയാമി ആദ്യമായി ലീഡെടുത്തത്. അറുപതാം മിനിറ്റില്‍ അലി അഹമ്മദിന്റെ ഗോളില്‍ വൈറ്റ് ക്യാപ്‌സ് ഒപ്പമെത്തി. എഴുപത്തിയൊന്നാം മിനറ്റില്‍ മെസ്സിയുടെ സുന്ദരമായൊരു പാസില്‍ നിന്ന് ഡി പോള്‍ മിയാമിയെ വീണ്ടും മുന്നിലെത്തിച്ചു. തൊണ്ണൂറ്റിയാറാം മിനിറ്റില്‍ മെസ്സി തന്നെ വീണ്ടും മിയാമിയുടെ വിധി നിര്‍ണിച്ചു. മെസ്സിയുടെ പാസില്‍ നിന്ന് അല്ലാന്‍ഡെ ഒന്നാന്തരമായി വല കുലുക്കി ജയം ഉറപ്പിച്ചു.
അമേരിക്കന്‍ വ്യവസായി ജോസ് മാസും ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമും ചേര്‍ന്ന് 2018ലാണ് ക്ലബ് തുടങ്ങിയത്. ബെക്കാമാണ് ക്ലബിന്റെ പ്രസിഡന്റ്.
Content Highlights: Lionel Messi leads Inter Miami to their historic first MLS Cup title. The Argentine star also won MVP! Read about their incredible victory.