വീണ്ടും മെസ്സി മാജിക്, മയാമിയുടെ രക്ഷകനായി സൂപ്പര്‍ താരം; ലീഗ്‌സ് കപ്പ് ഫൈനലില്‍

ഫിലാഡെല്‍ഫിയ: ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ഫൈനലില്‍. സെമിയില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ പരാജയപ്പെടുത്തിയാണ് മയാമി ഫൈനല്‍ ടിക്കറ്റെടുത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നെങ്കിലും സൂപ്പര്‍താരം ലയണല്‍ മെസ്സി ഇരട്ടഗോളോടെ തിളങ്ങിയതാണ് മയാമിക്ക് തുണയായത്. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് മയാമിയുടെ ജയം.
ലീഗ്‌സ് കപ്പ് ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ മയാമിയെ ഞെട്ടിച്ചാണ് ഒര്‍ലാന്‍ഡോ തുടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒര്‍ലാന്‍ഡോ ലീഡെടുത്തു. മാര്‍ക്കോ പസാലിക് ടീമിനായി വലകുലുക്കി. ആദ്യ പകുതി ഒരു ഗോളിന് ഒര്‍ലാന്‍ഡോ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് മെസ്സിയും സംഘവും ഇറങ്ങിയത്.
മയാമിയുടെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ച് ഒര്‍ലാന്‍ഡോ ജയത്തിലേക്കുനീങ്ങുമെന്ന് തോന്നിച്ചെങ്കിലും മെസ്സി അവസാനനിമിഷം കളിയുടെ ഗതി മാറ്റി. 77-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി കളി സമനിലയിലാക്കി. പിന്നാലെ 88-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളോടെ ലീഡുമെടുത്തു. ഇഞ്ചുറി ടൈമില്‍ മയാമിക്കായി ടെലസ്‌കോ സെഗോവിയയും ലക്ഷ്യം കണ്ടതോടെ മയാമി ലീഗ്‌സ് കപ്പ് കലാശപ്പോരിലേക്ക് മുന്നേറി.
Content Highlights: inter miami messi double leagues cup final