ഐ.എസ്.എൽ കളിക്കാൻ ഇന്റർകാശിയും; അവസാനദിവസം പണമടച്ച് പങ്കാളിത്തം ഉറപ്പാക്കി

കൊൽക്കത്ത: ജംഷേദ്പുർ എഫ്.സി. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ തുടരുമെന്ന സന്ദേശം നൽകി ഇന്റർകാശി. പുതിയ സീസണിലേക്കുളള പങ്കാളിത്തതുകയുടെ ആദ്യഗഡുവായ 55 ലക്ഷം രൂപ കഴിഞ്ഞദിവസം ക്ലബ്ബ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനിൽ അടച്ചു.
ഐ.എസ്.എലിൽ 13 ക്ലബ്ബുകളാണുള്ളത്. ഇതിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം 12 ക്ലബ്ബുകൾ നേരേത്തതന്നെ തുക നൽകിയിരുന്നു. പിഴയടക്കം തുക അടയ്ക്കാനുള്ള അവസാന തിയ്യതിയായ ജൂലായ് 31-നാണ് വാരാണസി ആസ്ഥാനമായ ഇന്റർകാശി ക്ലബ്ബ് പണമടയ്ക്കുന്നത്. പിഴത്തുക ഒഴിവാക്കണമെന്ന് ഫെഡറേഷനോട് അഭ്യർഥിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ്ബ് ഇത്തവണ ടീമിനെ ഇറക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കളിക്കാർക്കും പരിശീലകസംഘത്തിനും പ്രതിഫലതുക പൂർണമായും നൽകാത്തതിനാൽ ക്ലബ്ബിന് ട്രാൻസ്ഫർ വിലക്ക് നിലനിൽക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയിൽ പുതിയ കളിക്കാരെ കൊണ്ടുവരാൻ ക്ലബ്ബിന് കഴിയില്ല.
ടാറ്റ സ്റ്റീലിന് കീഴിലുള്ള ജംഷേദ്പുർ എഫ്.സി.യുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. വമ്പൻ കമ്പനിയുടെ കീഴിലായിരുന്നതിനാൽ സാമ്പത്തിക പ്രതിസന്ധിയല്ല കാരണം. ക്ലബ്ബ് പിൻമാറിയാലും ഫുട്‌ബോൾ വികസനപ്രവർത്തനങ്ങളിലുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ തട്ടിക്കൂടി നടത്തിയ ലീഗിൽനിന്ന് വ്യത്യസ്ഥമായി ഇത്തവണ ക്ലബ്ബുകളാണ് ലീഗ് നടത്തുന്നത്. പല ക്ലബ്ബുകൾക്കും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ലീഗിന്റെ നടത്തിപ്പ് ഏത് രീതിയിലാകുമെന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്. ലീഗിലെ ജനപ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉടമസ്ഥാക്കൈമാറ്റം അവസാനഘട്ടത്തിലാണ്. ഇതിനാൽ ക്ലബ്ബ് ട്രാൻസ്ഫർ വിപണിയിൽ സജീവമായിട്ടില്ല.
Content Highlights: Inter Kashi paid the 5.5 million INR participation fee to AIFF., Jamshedpur FC unexpectedly withdrew from the league