പരിക്ക്; നെയ്മറിന് സൗദി പ്രോ ലീഗ് സീസണിന്റെ തുടക്കം നഷ്ടമാകും

Photo: AFP
Photo: AFP

റിയാദ്: കാല്‍മുട്ടിലെ പരിക്ക് ഭേദമാവാത്തതിനാല്‍ ബ്രസീലിന്റെ അല്‍-ഹിലാല്‍ സൂപ്പര്‍ താരം നെയ്മറിന് അടുത്ത സൗദി പ്രോ ലീഗ് സീസണിന്റെ തുടക്കം നഷ്ടമാകും. ചൊവ്വാഴ്ച അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ഗ് ജീസസാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് കോപ്പ അമേരിക്കയും നഷ്ടമായി. 

പത്തുമുതല്‍ 11 മാസംവരെയുള്ള വിശ്രമമാണ് നെയ്മറിനോട് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടത്. അതിനാല്‍ നെയ്മറിന് പ്രീസീസണ്‍ ക്യാമ്പില്‍ പങ്കെടുക്കാനാവില്ലെന്ന് കോച്ച് അറിയിച്ചു. ഓഗസ്റ്റിലാണ് സൗദി പ്രോ ലീഗ് ആരംഭിക്കുക. ഇക്കഴിഞ്ഞ സീസണില്‍ നെയ്മറിന്റെ അഭാവത്തിലും അല്‍ ഹിലാല്‍ ചാമ്പ്യന്മാരായി. 19-ാം തവണയാണ് അല്‍ ഹിലാല്‍ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരാകുന്നത്. 

കഴിഞ്ഞ ഒക്ടോബറില്‍ യുറഗ്വായ്‌ക്കെതിരേ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് കാല്‍മുട്ടിന് പരിക്കേറ്റത്. യുറഗ്വായ് താരവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നവംബറില്‍ ബ്രസീലില്‍വെച്ച് ശസ്ത്രക്രിയ നടത്തി.
 

Content Highlights: injured neymar set to miss start of next saudi pro league season