ദേശീയ ക്യാമ്പ് ഒരുമാസം, ഐ ലീഗില്‍നിന്ന് കളിക്കാര്‍; ലോകകപ്പ് യോഗ്യതയ്ക്ക് പ്ലാന്‍മാറ്റി സ്റ്റിമാച്ച്

ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ടിലെ അവസാന രണ്ട് റൗണ്ടുകളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പുതിയനീക്കവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ക്യാമ്പിന്റെ ദൈര്‍ഘ്യം കൂട്ടാനും ഐ ലീഗ് അടക്കമുള്ളവയില്‍നിന്ന് കളിക്കാരെ എത്തിക്കാനുമാണ് പദ്ധതി.
സാധാരണ കുറഞ്ഞദിവസങ്ങളില്‍ മാത്രമാണ് ദേശീയ ടീമിന്റെ ക്യാമ്പ് നടക്കാറുള്ളത്. യോഗ്യതാറൗണ്ടില്‍ കുവൈത്തിനെതിരേ ജീവന്മരണപ്പോരാട്ടമായതിനാല്‍ കൂടുതല്‍ ദിവസം ക്യാമ്പ് വേണമെന്ന പരിശീലകന്റെ ആവശ്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ചു. ഒരു മാസമാകും ക്യാമ്പ്. ആദ്യ മൂന്നാഴ്ച ഭുവനേശ്വറിലും അവസാന ആഴ്ച കൊല്‍ക്കത്തയിലും ക്യാമ്പ് നടക്കും.
കൂടുതല്‍ ദിവസം ക്യാമ്പ് നടത്താന്‍ കഴിയുന്നതോടെ പുതിയതന്ത്രങ്ങള്‍ പരീക്ഷിക്കാനും ഒത്തിണക്കം കൂട്ടാനും കഴിയുമെന്നാണ് സ്റ്റിമാച്ചിന്റെ കണക്കൂകൂട്ടല്‍. മേയ് 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. ഐ.എസ്.എല്‍. മേയ് നാലിന് കഴിയുന്നതോടെ കളിക്കാരെ വിട്ടുകിട്ടാനും ബുദ്ധിമുട്ടുണ്ടാകില്ല.
ക്യാമ്പിന് അനുവദിക്കുന്ന ദിവസം കുറഞ്ഞുപോകുന്നുവെന്നത് സ്റ്റിമാച്ച് സ്ഥിരമായി ഉന്നയിക്കുന്ന പരാതിയാണ്. ഐ.എസ്.എലിനുപുറമേ ഐ ലീഗില്‍നിന്നു കളിക്കാരെ ക്യാമ്പിലേക്ക് വിളിക്കും. കുവൈത്തിനെതിരായ മത്സരം ഇന്ത്യക്ക് മാത്രമല്ല സ്റ്റിമാച്ചിനും നിര്‍ണായകമാണ്. ലോകകപ്പ് യോഗ്യത മൂന്നാംറൗണ്ടിലേക്ക് ടീമിനെ നയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് പരിശീലകന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് യോഗ്യതാറൗണ്ടില്‍ എ ഗ്രൂപ്പില്‍ നിലവില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. എന്നാല്‍, പ്രകടനം മൊത്തത്തില്‍ മോശമാണ്. കുവൈത്തിനെതിരേ ജൂണ്‍ ആറിനാണ് മത്സരം. ഇതില്‍ ജയിച്ചാല്‍മാത്രമേ ഇന്ത്യക്ക് സാധ്യത നിലനിര്‍ത്താന്‍ കഴിയൂ. നാലു കളിയില്‍നിന്ന് 12 പോയിന്റുമായി ഖത്തര്‍ ഗ്രൂപ്പില്‍നിന്ന് യോഗ്യതനേടിയിട്ടുണ്ട്.
ഇന്ത്യക്കും അഫ്ഗാനിസ്താനും നാലുപോയിന്റ് വീതവും കുവൈത്തിന് മൂന്നുപോയിന്റുമാണുള്ളത്. കുവൈത്തിനുപുറമേ ഖത്തറിനെയും ഇന്ത്യക്ക് നേരിടാനുണ്ട്. നാലുകളിയില്‍ ഒരു ജയവും ഒരു സമനിലയും രണ്ടുതോല്‍വിയുമാണ് ഇന്ത്യക്കുള്ളത്.
Content Highlights: indian football team to have 4 week preparatory camp for world cup qualifier