മാര്‍ക്വേസിന് കീഴില്‍ ആദ്യജയം ലക്ഷ്യമിട്ട് ഇന്ത്യ; മലേഷ്യയുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്

പരിശീലനത്തിന്റെ ഇടവേളയില്‍ ഇന്ത്യന്‍ താരങ്ങള്‍
പരിശീലനത്തിന്റെ ഇടവേളയില്‍ ഇന്ത്യന്‍ താരങ്ങള്‍

ഹൈദരാബാദ്: സ്പാനിഷ് പരിശീലകൻ മനൊലൊ മാർക്വേസിനുകീഴിൽ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ത്യൻ ഫുട്‌ബോൾ ടീം തിങ്കളാഴ്ച കളത്തിൽ. സൗഹൃദമത്സരത്തിൽ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ. സി.എം.സി.ബാലയോഗി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് കളി.

ഈ വർഷം നടന്ന പത്തു മത്സരങ്ങളിൽ ആറിലും ഇന്ത്യ തോറ്റപ്പോൾ നാലെണ്ണം സമനിലയിലായി. മനോലൊക്കു കീഴിൽ മൂന്നു മത്സരങ്ങളാണ് ടീം കളിച്ചത്. രണ്ട് കളികൾ സമനിലയും ഒന്ന് തോൽവിയിലും കലാശിച്ചു. ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ മൗറീഷ്യസിനോട് സമനില നേടി. സിറിയയോട് തോറ്റു(3-0). ഒക്ടോബറിൽ സൗഹൃദമത്സരത്തിൽ കരുത്തരായ വിയറ്റ്‌നാമിനെ ഇന്ത്യ തളച്ചിരുന്നു. (1-1).

ഇന്ത്യ ഏറ്റവുമധികം തവണ ഏറ്റുമുട്ടിയ ടീമാണ് മലേഷ്യ. ഇതുവരെ 32 തവണ മത്സരിച്ചതിൽ 12 തവണവീതം ഇരു ടീമുകളും ജയിച്ചു. എട്ടുകളികൾ സമനിലയിലായി. അവസാനമായി കഴിഞ്ഞവർഷം മെർദേക്ക കപ്പ് സെമിയിലാണ് കളിച്ചത്. മലേഷ്യക്കായിരുന്നു ജയം(4-2). അന്നത്തെ ടീമിലുണ്ടായിരുന്ന സന്ദേശ് ജിങ്കനും ഗോൾകീപ്പർ ഗുർപ്രീത് സാന്ധുവും ഉൾപ്പെടെ ഒമ്പതു താരങ്ങൾ തിങ്കളാഴ്ച കളിക്കാനിറങ്ങും. പരിക്കിനെത്തുടർന്ന് പത്തുമാസമായി വിശ്രമത്തിലായിരുന്ന സെൻട്രൽ ഡിഫന്റർ സന്ദേശ് ജിങ്കൻ തിരിച്ചെത്തിയത് ഇന്ത്യൻ പ്രതിരോധത്തിന് ശക്തിപകരും.

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 125-ാം സ്ഥാനത്തും മലേഷ്യ 133-ാം സ്ഥാനത്തുമാണ്. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഹൈദരാബാദ് സാക്ഷിയാവുക.

Content Highlights: india vs malaysia friendly football match