സാഫ് ഗെയിംസ് പാകിസ്താനിൽ; മത്സരങ്ങളിൽ ഇന്ത്യ പങ്കെടുക്കുമോ? നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/IndianFootball
Photo: x.com/IndianFootball

ന്യൂഡൽഹി: അടുത്ത വർഷം സൗത്ത് ഏഷ്യൻ ഫെഡറേഷൻ (സാഫ്) ഗെയിംസിന് പാകിസ്താൻ വേദിയാകാനിരിക്കെ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായുകയാണ്. ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നയങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര കായിക സംഘടനകളുടെ നിർദേശങ്ങളും ഇന്ത്യൻ കായികതാരങ്ങളുടെ താത്പര്യങ്ങളും പരിഗണിച്ചായിരിക്കും വിഷയത്തിൽ നിലപാട് സ്വീകരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നീ നഗരങ്ങളിലായി 2027 ഏപ്രിൽ മൂന്ന് മുതൽ 11 വരെയാണ് സാഫ് ഗെയിംസ് സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇസ്ലാമാബാദിൽ ചേർന്ന യോഗത്തിൽ സൗത്ത് ഏഷ്യ ഒളിമ്പിക് കൗൺസിൽ മത്സര തീയതികൾക്കും വേദികൾക്കും അംഗീകാരം നൽകി.

പാകിസ്താനുമായുള്ള കായിക ബന്ധത്തെക്കുറിച്ച് കേന്ദ്ര സർക്കാർ നൽകിയ പുതിയ വ്യക്തതയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നത്. പാകിസ്താനുമായി ഉഭയകക്ഷി കായിക മത്സരങ്ങളിൽ ഏർപ്പെടില്ലെന്നും പാകിസ്താൻ ടീമുകളെ ഇന്ത്യയിൽ ഉഭയകക്ഷി മത്സരങ്ങൾ കളിക്കാൻ അനുവദിക്കില്ലെന്നും കായിക മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇരു രാജ്യങ്ങളിലെയും താരങ്ങളോ ടീമുകളോ പങ്കെടുക്കുന്ന ബഹുരാഷ്ട്ര മത്സരങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.

അതനുസരിച്ച്, പാകിസ്താനിലെ കായികതാരങ്ങളോ ടീമുകളോ പങ്കെടുക്കുന്ന രാജ്യാന്തര ബഹുരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. അതുപോലെ തന്നെ ഇന്ത്യ വേദിയാകുന്ന ബഹുരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ പാകിസ്താൻ താരങ്ങൾക്കും അനുമതിയുണ്ടാകും.

ദേശീയ കായിക ഫെഡറേഷനുകൾ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർക്ക് കായിക മന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. ആതിഥേയ രാജ്യം പാകിസ്താൻ ആയതുകൊണ്ടുതന്നെ ഈ കായിക നയത്തിന്റെ പ്രധാന പരീക്ഷണമായിരിക്കും സാഫ് ഗെയിംസ്. എന്നിരുന്നാലും, സാഫ് ഗെയിംസിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ സ്ഥിരീകരണം നൽകാൻ വിദേശകാര്യ മന്ത്രാലയം നിലവിൽ തയ്യാറായിട്ടില്ല.

Content Highlights: Pakistan is scheduled to host the SAF Games from April 3 to 11, 2027., MEA states India's participation depends on central sports ministry policies and athlete interests., Bilateral sports with Pakistan are restricted, but multilateral events are permitted under current government guidelines.