രണ്ടാമതും ചുവപ്പുകാര്‍ഡ് കണ്ട സ്റ്റിമാച്ചിന് പിഴ, സെമിയും ഫൈനലും നഷ്ടപ്പെടും

ബെംഗളൂരു: 2023 സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം തവണയും ചുവപ്പുകാര്‍ഡ് കണ്ട ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് പിഴ. ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ പരിശീലകന്‍ പുറത്തിരിക്കണം. ഒപ്പം പിഴയായി 500 ഡോളര്‍ (ഏകദേശം 41000 രൂപ) അടയ്ക്കുകയും വേണം.
സാഫ് ഡിസിപ്ലിനറി കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ഇതോടെ ലെബനനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം സ്റ്റിമാച്ചിന് നഷ്ടമാകും. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യയുടെ ഫൈനല്‍ മത്സരവും പരിശീലകന്‍ സ്റ്റേഡിയത്തിന് പുറത്തിരുന്ന് കാണേണ്ടിവരും.
കുവൈറ്റിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് സ്റ്റിമാച്ചിന് രണ്ടാമത് ചുവപ്പുകാര്‍ഡ് ലഭിച്ചത്. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം മഹേഷ് സിങ്ങിനെ കുവൈത്ത് താരം അല്‍ഖലാഫ് തള്ളിയിട്ടതിനു പിന്നാലെ സ്റ്റിമാച്ച് ടച്ച് ലൈനിലേക്ക് വന്ന പന്ത് പിടിച്ചെടുത്ത് കളി തടസപ്പെടുത്തി. ഇതോടെ കുവൈത്ത് താരങ്ങള്‍ നടപടി ആവശ്യപ്പെട്ട് റഫറിക്ക് ചുറ്റും കൂടി. പിന്നാലെ റഫറി സ്റ്റിമാച്ചിന് മഞ്ഞകാര്‍ഡ് നല്‍കി.
എന്നാല്‍ തുടര്‍ച്ചയായി സ്റ്റിമാച്ച് റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേ മാച്ച് ഓഫീഷ്യല്‍സിനോട് പരാതിപ്പെടുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ഇതോടെ 81-ാം മിനിറ്റില്‍ റഫറി സ്റ്റിമാച്ചിനെ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു. നേരത്തെ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട സ്റ്റിമാച്ചിന് നേപ്പാളിനെതിരായ മത്സരത്തില്‍ വിലക്ക് ലഭിച്ചിരുന്നു.
പാകിസ്താനെതിരായ മത്സരത്തിനിടെ ത്രോ ഇന്‍ തടസപ്പെടുത്തിയതിനാണ് സ്റ്റിമാച്ചിനെതിരേ നടപടിയുണ്ടായത്. പന്തിനായുള്ള ഇന്ത്യ പാക്ക് താരങ്ങളുടെ പോരാട്ടത്തിനിടെ പന്ത് ത്രോ ഇന്‍ ആയി. ഉടന്‍ തന്നെ പാക്ക് താരം അബ്ദുല്ല ഇഖ്ബാല്‍ പന്തെറിയാന്‍ മുതിര്‍ന്നതോടെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് താരത്തിന്റെ കയ്യില്‍നിന്നു പന്ത് തട്ടിയിട്ട ശേഷം അതു പിടിച്ചെടുത്തു. ഇതോടെ ഇന്ത്യന്‍ പരിശീലകനോട് തര്‍ക്കിച്ച് പാക് താരങ്ങള്‍ ചുറ്റുംകൂടി. തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുമെത്തിയതോടെ ഗ്രൗണ്ടില്‍ കയ്യാങ്കളിയായി. ഏറെ പണിപ്പെട്ടാണ് റഫറിമാര്‍ ഇരു ടീമുകളെയും ശാന്തരാക്കിയത്. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് സ്റ്റിമാച്ചിന് റഫറി ചുവപ്പു കാര്‍ഡ് നല്‍കുകയായിരുന്നു.
Content Highlights: India Football Coach Igor Stimac Suspended For 2 Games