ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസം; മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു, 90-കളിലെ സൂപ്പർ റൈറ്റ് ബാക്ക്

ബെംഗളൂരു: കൊൽക്കത്തൻ ക്ലബ്ബ് ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരവും മുൻ ഇന്ത്യൻ ഡിഫൻഡറുമായിരുന്ന ഇല്യാസ് പാഷ (61) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്നു. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനാണ് മരണ വാർത്ത പുറത്തുവിട്ടത്.
1990-ൽ ഈസ്റ്റ് ബംഗാളിനെ മൂന്ന് കിരീടങ്ങളിലേക്ക് നയിച്ചത് ഇല്യാസ് പാഷയായിരുന്നു. ഡ്യൂറണ്ട് കപ്പ്, ഐഎഫ്എ ഷീൽഡ്, റോവേഴ്സ് കപ്പ് നേട്ടങ്ങളാണ് ആ വർഷം ക്യാപ്റ്റൻ ഇല്യാസ് പാഷയുടെ നേതൃത്വത്തിൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. റൈറ്റ് വിങ് ബാക്കായിരുന്ന അദ്ദേഹം 1987-ലാണ് ഇന്ത്യൻ ടീമിനായി അരങ്ങേറുന്നത്. 1987, 1991 വർഷങ്ങളിലെ നെഹ്‌റു കപ്പിലും 1991-ലെ സാഫ് ഗെയിംസിലും 1992-ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞു.
ആഭ്യന്തര തലത്തിൽ, 1993-ലും 1995-ലും ബംഗാളിനോടൊപ്പം രണ്ട് സന്തോഷ് ട്രോഫി കിരീട നേട്ടങ്ങളിലും അദ്ദേഹം പങ്കാളിയായി. ഈസ്റ്റ് ബംഗാളിലെ ഒമ്പത് വർഷക്കാലയളവിൽ അഞ്ച് കൽക്കട്ട ഫുട്‌ബോൾ ലീഗ്, ഐഎഫ്എ ഷീൽഡുകൾ, നാല് ഡ്യൂറണ്ട് കപ്പ് ട്രോഫികൾ ഉൾപ്പെടെ 28 ട്രോഫി നേട്ടങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു.
മാത്രമല്ല 1993-ൽ നേപ്പാളിൽ നടന്ന വായ് വായ് കപ്പിൽ ഈസ്റ്റ് ബംഗാൾ ജേതാക്കളാകുമ്പോഴും ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിരുന്നത് ഇല്യാസ് പാഷയായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ആദ്യ അന്താരാഷ്ട്ര കിരീടമായിരുന്നു ഇത്. 1993-94 ഏഷ്യൻ കപ്പ് വിന്നേഴ്‌സ് കപ്പിൽ ഇറാഖിലെ അൽ സവ്‌റ എസ്സിക്കെതിരേ ഈസ്റ്റ് ബംഗാൾ 6-2 ന് വിജയം നേടിയപ്പോഴും അദ്ദേഹമായിരുന്നു ടീം ക്യാപ്റ്റൻ.
ബെംഗളൂരുവിലെ വിനായക ഫുട്‌ബോൾ ക്ലബ്ബിലൂടെയായിരുന്നു പ്രൊഫഷണൽ ഫുട്‌ബോളിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്.
Content Highlights: Former East Bengal legend and Indian defender Ilyas Pasha (61) passes away after a long illness. A stalwart for his club and country, his contributions will be remembered.