കളിയില്‍ കൃത്രിമം കാണിക്കാന്‍ വേണ്ടി ചിലര്‍ ഐ ലീഗ് കളിക്കാരെ സമീപിച്ചു - എഐഎഫ്എഫ്

ന്യൂഡല്‍ഹി: മത്സരത്തില്‍ കൃത്രിമം കാണിക്കാനായി അടുത്തിടെ ചിലര്‍ ഐ ലീഗ് കളിക്കാരെ സമീപിച്ചതായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ വ്യക്തമാക്കി.
എന്നാല്‍ എങ്ങനെയാണ് ഫെഡറേഷന് ഈ വിവരം ലഭിച്ചതെന്നോ ആരാണ് കളിക്കാരെ ഇത്തരത്തില്‍ ബന്ധപ്പെട്ടതെന്നോ ഏതൊക്കെ കളിക്കാരെയാണ് ബന്ധപ്പെട്ടതെന്നോ തുടങ്ങിയ കാര്യങ്ങള്‍ ചൗബേ വെളിപ്പെടുത്തിയില്ല. കളിയുടെ സമഗ്രത സംരക്ഷിക്കാന്‍ ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
''ഞങ്ങളുടെ കളിക്കാരെ ഇത്തരത്തില്‍ ഒന്നിലധികം തവണ ചിലര്‍ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവങ്ങള്‍ ഞങ്ങള്‍ സമഗ്രമായി പരിശോധിക്കുകയും അന്വേഷിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. ഞങ്ങളുടെ കളിക്കാരെയും ഈ കളിയേയും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, കളിക്കാരെയും കളിയേയും അപകടത്തിലാക്കാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.'' - ചൗബേ പറഞ്ഞു.
ഒക്ടോബറില്‍ ആരംഭിച്ച 2023 ഐ-ലീഗ് സീസണില്‍ 13 ടീമുകള്‍ ഇതിനോടകം നാല്‍പ്പതിലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Content Highlights: I-League Players Approached For Match Manipulation says aiff