റയലിനെ തകര്‍ത്ത് ബാഴ്‌സ സൂപ്പര്‍ കപ്പ് ജേതാക്കള്‍

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് കിരീടം ചൂടി ബാഴ്‌സലോണ. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം.
33-ാം മിനിറ്റില്‍ ഗാവി, 45-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, 69-ാം മിനിറ്റില്‍ പെഡ്രി എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോളുകള്‍ നേടിയത്. ഇന്‍ജുറി ടൈമില്‍ കരീം ബെന്‍സേമയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ബാഴ്‌സയുടെ 14-ാം സൂപ്പര്‍ കപ്പ് വിജയമാണിത്. സാവി പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ബാഴ്‌സയുടെ ആദ്യ കിരീട നേട്ടമാണിത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സ മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു.
33-ാം മിനിറ്റില്‍ ഗാവിയുടെ ഗോളെത്തി. ബുസ്‌ക്വെറ്റ്‌സ് നല്‍കിയ പന്ത് പെഡ്രി, ലെവന്‍ഡോവ്‌സ്‌കിക്ക് മറിച്ച് നല്‍കുന്നു. ഈ സമയം കൃത്യമായി ഓടിക്കയറിയെ ഗാവി, ലെവന്‍ഡോവ്‌സ്‌കി നല്‍കിയ പാസ് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗാവിയുടെ പാസില്‍ നിന്ന് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയുടെ ലീഡുയര്‍ത്തി.
ഇതോടെ രണ്ടാം പകുതിയില്‍ റോഡ്രിഗോയെ ആന്‍സലോട്ടി കളത്തിലിറക്കി. 69-ാം മിനിറ്റില്‍ പെഡ്രിയിലൂടെ ബാഴ്‌സ ജയമുറപ്പിച്ച് മൂന്നാം ഗോള്‍ നേടി. ഇത്തവണയും ഗാവി തന്നെയാണ് ഗോളിന് വഴിയൊരുക്കിയത്. ഗാവിയെ ഇടത് വിങ്ങില്‍ കളിപ്പിച്ച സാവിയുടെ തന്ത്രം ഫലം കണ്ടു.
Content Highlights: Gavi scores one assists two Barcelona beat Real Madrid to win Supercopa de Espana