'അയ്യോ! സ്‌കില്ലാച്ചിയല്ലേ ഈ മുന്നില്‍', സെക്യൂരിറ്റിക്കാരന്റെ പകപ്പ്; രണ്ടുകൊല്ലംമുമ്പ് തൃശ്ശൂരില്‍

തൃശ്ശൂര്‍: 1990 ലോകകപ്പില്‍ പകരക്കാരനായി ഇറങ്ങി, ഇറ്റാലിയന്‍ ആരാധകരെയാകെ വിസ്മയിപ്പിച്ച ഫുട്‌ബോള്‍ താരമാണ് സാല്‍വതോറെ സ്‌കില്ലാച്ചി. അന്‍പത്തൊന്‍പതുകാരനായ അദ്ദേഹം, ഇന്ന് (ബുധനാഴ്ച) അന്തരിച്ചെന്നത് ഫുട്‌ബോള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയവേ, പാലെര്‍മോയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 1990 ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയ, ടോട്ടോ എന്ന വിളിപ്പേരുകൊണ്ട് പ്രശസ്തനായ സ്‌കില്ലാച്ചി, ഏകദേശം രണ്ടുവര്‍ഷംമുന്‍പ് നമ്മുടെ കേരളത്തില്‍ വന്നിട്ടുണ്ട്.
2022 ഫിഫ ലോകകപ്പ് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പാണ് ഇറ്റാലിയന്‍ താരം കേരളത്തിലെത്തിയത്. ഒരു സെലിബ്രിറ്റി ഷോയുടെ ഭാഗമായുള്ള ഇന്ത്യാ പര്യടനത്തിനിടെയാണ് അദ്ദേഹം കേരളത്തിലെത്തിയത്. തൃശ്ശൂരിലെത്തിയ അദ്ദേഹം കലാമണ്ഡലവും വടക്കുന്നാഥ ക്ഷേത്രവും സന്ദര്‍ശിച്ചു. 2022 നവംബര്‍ 16-ന് മാതൃഭൂമിയില്‍ സുബിന്‍ ചെറുതുരുത്തിയുടെ ഈ റിപ്പോര്‍ട്ട് അച്ചടിച്ചുവന്നിരുന്നു.
സ്‌കില്ലാച്ചി കലാമണ്ഡലം സന്ദര്‍ശിച്ചതിനെ സംബന്ധിച്ച് കൗതുകകരമായ ഒരു കാര്യം റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിരുന്നു. സെലിബ്രിറ്റി പകിട്ടൊന്നുമില്ലാതെ, വളരെ സാധാരണമായി കലാമണ്ഡലം സന്ദര്‍ശനം നടത്തുകയായിരുന്നു സ്‌കില്ലാച്ചി. പക്ഷേ, അവിടത്തെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും വിമുക്തഭടനുമായ ശബാബിനൊരു കൗതുകം. 1990 ലോകകപ്പില്‍ ഇറ്റലിയുടെ കുന്തമുനയായ സാല്‍വതോറെ സ്‌കില്ലാച്ചിയല്ലേ ഈ മുന്നില്‍ നില്‍ക്കുന്നതെന്ന് ഫുട്‌ബോള്‍ ആരാധകന്‍കൂടിയായ ശബാബിന് സംശയം.
ഉള്ളില്‍ നിറഞ്ഞ കൗതുകം അവിടെ അടക്കിവെയ്ക്കാതെ സ്‌കില്ലാച്ചിയോടുതന്നെ ആ സംശയം തീര്‍ത്തു. സ്‌കില്ലാച്ചിയല്ലേ എന്ന് ചോദിച്ചപ്പോള്‍ അതെ, എന്ന് മറുപടി. തന്നെ തിരിച്ചറിഞ്ഞതില്‍ സ്‌കില്ലാച്ചിക്കും അതിഭയങ്കര സന്തോഷം. തുടര്‍ന്ന് ഷബാബിനൊപ്പം സെല്‍ഫിയെടുത്തശേഷമാണ് യാത്രയായത്. മുംബൈയില്‍വെച്ച് തന്നെ ഒരുപാട് പേര്‍ തിരിച്ചറഞ്ഞെന്നും സ്വീകരണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1990-ലെ ലോകകപ്പില്‍ സ്‌കില്ലാച്ചിയുടെ മികവില്‍ ഇറ്റലി മൂന്നാംസ്ഥാനത്തെത്തി. സെമിയില്‍ അര്‍ജന്റീനയോട് തോറ്റ ഇറ്റലി, പിന്നീട് മൂന്നാംസ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി. ഈ രണ്ട് കളികളിലും സ്‌കില്ലാച്ചി ഗോള്‍ നേടിയിരുന്നു. അന്ന് പകരക്കാരനായി ഇറങ്ങിയ താരം ആറു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ആ ലോകകപ്പിലെ ടോപ്സ്‌കോററായത്. ഇറ്റലിയിലെ ലോവര്‍ ഡിവിഷന്‍ ക്ലബ്ബുകളില്‍ കളിച്ചു പരിചയിച്ചാണ് അദ്ദേഹം അദ്ദേഹം ദേശീയ ടീമിലെത്തിയത്.
Content Highlights: footballer salvatore schillaci in kerala thrissur two years ago